
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ നിന്ന് നടത്തിയ രാഷ്ട്രീയ പരാമർശങ്ങൾക്കെതിരെ വിമർശനവുമായി രാജ്യത്തെ ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ്. ' തങ്ങൾ ആവശ്യപ്പെടുമ്പോൾ ഇന്ത്യ ഹസീനയെ കൈമാറണം. അതുവരെ അവർക്ക് അഭയംനൽകാൻ ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ മിണ്ടാതിരിക്കുന്നതാണ് നല്ലത്. അവരുടെ പ്രസ്താവനകൾ കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. ഇത് ബംഗ്ലാദേശ് - ഇന്ത്യ ബന്ധത്തിന് നല്ലതല്ല." യൂനുസ് പറഞ്ഞു.
ഹസീനയെ നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും ജനങ്ങളുടെ മുന്നിൽ അവരുടെ വിചാരണ നടപ്പാക്കുമെന്നും യൂനുസ് കൂട്ടിച്ചേർത്തു. സംവരണ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് രാജിവച്ച ഹസീന ആഗസ്റ്റ് അഞ്ചിനാണ് ഇന്ത്യയിൽ അഭയം തേടിയത്. പിന്നാലെ, നോബൽ ജേതാവായ യൂനുസിന്റെ നേതൃത്വത്തിലെ ഇടക്കാല സർക്കാർ അധികാരത്തിലേറി. തനിക്ക് നീതി വേണമെന്നും പ്രതിഷേധത്തിന്റെ പേരിൽ രാജ്യത്ത് നാശം വിതച്ച കലാപകാരികളെ ശിക്ഷിക്കണമെന്നമുള്ള ഹസീനയുടെ പ്രസ്താവന മകൻ നേരത്തെ എക്സിലൂടെ പുറത്തുവിട്ടിരുന്നു.