
തിരുവനന്തപുരം : പീഡനക്കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ഫേസ്ബുക്കിൽ കുറിപ്പുമായി നടനും എം.എൽ.എയുമായ മുകേഷ്. വൈകി ആണെങ്കിലും സത്യം തെളിയുക തന്നെ ചെ.യ്യുമെന്ന് മുകേഷ് കുറിച്ചു. നിയമ പോരാട്ടം തുടരുമെന്നും മുകേഷ് വ്യക്തമാക്കി.
"സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും, കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കും "
വൈകി ആണെങ്കിലും സത്യം തെളിയുക തന്നെ ചെയ്യും. നിയമ പോരാട്ടം തുടരും- മുകേഷ് കുറിച്ചു.
ലൈംഗിക പീഡന പരാതികളിൽ എംഎൽഎ എം.മുകേഷ്, ഇടവേള ബാബു എന്നിവർക്കാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ലൈംഗികമായി പീഡിപ്പിച്ചു എന്ന് ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് ഇരുവർക്കും ജാമ്യം ലഭിച്ചത് ജഡ്‌ജി ഹണി എം വർഗീസാണ് വിധി പറഞ്ഞത്. പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ രണ്ടു ദിവസത്തെ രഹസ്യവാദത്തിൽ പ്രോസിക്യൂഷൻ എതിർത്തു. അതേസമയം മണിയൻപിള്ള രാജുവിനെതിരെയുള്ളത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്ന് കണ്ടെത്തി ഹർജി കഴിഞ്ഞദിവസം തീർപ്പാക്കിയിരുന്നു.
സിനിമകളിൽ അവസരവും അമ്മയിൽ അംഗത്വവും വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് 2009ൽ മരടിലെ ഹോട്ടലിൽ പീഡിപ്പിച്ചെന്നാണ് മുകേഷിനെതിരായ കേസ്. പ്രത്യേക അന്വേഷണസംഘത്തിന് നൽകിയ പരാതിയിൽ മുകേഷ് ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് കേസെടുത്തത്. അതേസമയം രാഷ്ട്രീയ പ്രതിച്ഛായ തകർക്കാനും സിനിമാ അവസരങ്ങൾ ഇല്ലാതാക്കാനും ലക്ഷ്യമിട്ടുള്ള ആസൂത്രിത പരാതിയെന്നായിരുന്നു മുകേഷിന്റെ വാദം.