
പട്ടാമ്പി: പൊന്നോണത്തിന് അത്തപ്പൂക്കളൊരുക്കാൻ തരിശുഭൂമിയിൽ ചെണ്ടുമല്ലി പൂക്കൾ വിരിയിച്ച് യുവകർഷകൻ കുണ്ടുപാടത്ത് സെഫീർ. പാട്ടത്തിനെടുത്ത കപ്പൂർ പഞ്ചായത്ത് എറവക്കാട്ടെ ഒരേക്കർ തരിശ് ഭൂമിയിലാണ് ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള ചെണ്ടുമല്ലി പൂക്കൾ കൃഷി ചെയ്തത്.
മത്തൻ, കുമ്പളം, വെണ്ടക്ക തുടങ്ങിയ പച്ചക്കറികളും ഓണവിപണിയെ ലക്ഷ്യമാക്കി സെഫീർ കൃഷി ചെയ്തിട്ടുണ്ട്. കഴിഞ്ഞ റമദാൻ സീസണിൽ തണ്ണിമത്തനും ഷമാമും കൃഷി ചെയ്തു തരക്കേടില്ലാത്ത വിളവ് ലഭിച്ചിരുന്നു. ആ കൃഷി പാഠാനുഭവമാണ് അത്തപൂക്കളമൊരുക്കാൻ പൂകൃഷിയിലേക്ക് എത്തിച്ചത്. 8000 തൈകളാണ് 2 മാസം മുമ്പ് നട്ടത്ത്. കപ്പൂർ കൃഷിഭവൻ മുഖേനയാണ് ഇത്രയും തൈകൾ എത്തിച്ചത്. കൃഷിഭവൻ അധികാരികളുടെയും കർഷകനായ പിതാവിന്റെയും സഹായ സഹകരണങ്ങളും സഫീറിന് പിൻബലമേകി.
പരീക്ഷണാർത്ഥം ആദ്യമായി നടത്തിയ പൂകൃഷി വിജയം കണ്ട സന്തോഷത്തിലാണ് ഷഫീർ. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കളുടെ വരവ് ഓണ വിപണിയെ ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് കെ.ഷറഫുദ്ദീൻ ചെണ്ടുമല്ലി വിളവടുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വി.ആമിന കുട്ടി, കപ്പൂർ കൃഷി ഓഫീസർ ഷഹന ഹംസ, സഹ ഓഫീസർമാരായ പള്ളി മഞ്ഞാലിൽ നിഷാദ്, പാടശേഖര സമിതി പ്രസിഡന്റ് പത്തിൽ മൊയ്തുണ്ണി, കർഷകനായ പന്തലിങ്ങൽ മൊയ്തു ഹാജി തുടങ്ങിയവരും പരിസര പ്രദേശങ്ങളിലുള്ള കർഷകരും നാട്ടുകാരും വിളവെടുപ്പ് ഉത്സവത്തിൽ പങ്കടുത്തു.