
ശ്രീകാര്യം: പൗഡിക്കോണത്തിനു സമീപം ആവുക്കുളം പറക്കോട് വാടക വീട്ടിൽ നിന്ന് 5.5 ഗ്രാം എം.ഡി.എം.എ കഴക്കൂട്ടം പൊലീസും നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌കോഡും ചേർന്ന് പിടികൂടി. ആവുക്കുളം പറക്കോട് തൃശ്ശൂർ സ്വദേശിയുടെ ഇരുനില കെട്ടിടത്തിൽ വാടകയ്ക്ക് താമസിക്കുന്ന കാേവളം സ്വദേശിയായ യുവാവിൽ നിന്നാണ് എം.ഡി.എം.എ പിടികൂടിയത്.
കുടുംബസമേതം ഇയാൾ ഇവിടെ താമസിച്ചാണ് എം.ഡി.എം.എ വിൽപ്പന നടത്തുന്നത്. പട്ടത്തെ മൊബൈൽ ഫോൺ റിപ്പയറിംഗ് സ്ഥാപനത്തിലെ ടെക്നീഷ്യനാണ് അറസ്റ്റിലായ യുവാവ്. ബി.എം.ഡബ്ളിയു കാറിൽ സഞ്ചരിച്ചാണ് മാരക മയക്കുമരുന്ന് വിൽപ്പന നടത്തുന്നത്. നാല് മാസം മുമ്പാണ് കോവളത്തു നിന്ന് കുടുംബം ഇവിടെ താമസമാക്കിയത്. ഇയാളുടെ പിന്നിൽ വൻ സംഘമുണ്ടാവാമെന്ന് പൊലീസ് പറഞ്ഞു.
അതേസമയം എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേരെ കൊച്ചി സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശിനി അഞ്ജു കൃഷ്ണ, തൃക്കാക്കര സ്വദേശി കെ.എ. അലക്‌സ്, എടവനക്കാട് സ്വദേശി ഹഷീർ എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 23.08ഗ്രാം എം.ഡി.എം.എയും 54ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ്. ശ്യാംസുന്ദറിനു ലഭിച്ച രഹസ്യവിവരത്തിന്റെ കളമശേരി പൊലീസും ഡാൻസാഫ് ടീമും ചേർന്നാണ് പരിശോധന നടത്തിയത്.