
ഓസ്‌ലോ : കഴിഞ്ഞ ആഴ്ച നോർവെ തീരത്ത് ചത്തനിലയിൽ കണ്ടെത്തിയ 'വാൽഡിമിർ " ബെലൂഗ തിമിംഗലത്തെ വെടിവച്ചു കൊന്നതെന്ന് റിപ്പോർട്ട്. റഷ്യൻ 'ചാരൻ" എന്ന് സംശയിക്കുന്ന വാൽഡിമിറിന്റെ ശരീരത്തിൽ വെടിയേറ്റ മുറിവുകൾ കണ്ടെത്തിയെന്ന് മൃഗസംരക്ഷണ സംഘടനകളായ എൻ.ഒ.എ.എച്ച്, വൺവെയ്‌ൽ തുടങ്ങിയവ പറഞ്ഞു. സംഭവത്തിൽ ക്രിമിനൽ അന്വേഷണം ആവശ്യപ്പെട്ട് ഇവർ പൊലീസിന് പരാതി നൽകി.
ശനിയാഴ്ചയാണ് സ്റ്റവാങ്ങ്ഗറിനടുത്ത് റിസാവിക ഉൾക്കടലിൽ വാൽഡിമിറിന്റെ ജീവനറ്റ ശരീരം കണ്ടെത്തിയത്. 2019ൽ നോർവെയിലെ ഹാമർഫെസ്റ്റിന്റെ വടക്കൻ തീരത്താണ് വാൽഡിമിറിനെ ആദ്യമായി കണ്ടെത്തിയത്. മത്സ്യബന്ധന ബോട്ടിന് നേരെ നീന്തിയെത്തിയ വാൽഡിമിറിന്റെ ശരീരത്തിൽ സെന്റ് പീറ്റേഴ്സ്‌ബർഗ് (റഷ്യൻ നഗരം) എന്ന് എഴുതിയ, ക്യാമറ ഘടിപ്പിക്കുന്നതിനുള്ള സ്ട്രാപ്പ് ഉണ്ടായിരുന്നു.
ശത്രുക്കളെ നിരീക്ഷിക്കാൻ റഷ്യ കടലിൽ ഡോൾഫിനുകളെയും ബെലൂഗ തിമിംഗലങ്ങളെയും പരിശീലനം നൽകി വിന്യസിച്ചിട്ടുണ്ടെന്ന് പ്രചാരണമുണ്ട്. ഇതോടെ വാൽഡിമിർ റഷ്യൻ ചാരനാകാമെന്ന സംശയം ഉയർന്നു. ഒഴിഞ്ഞുമാറുന്നതിന് പകരം മനുഷ്യരുടെ അടുത്തേക്ക് വരാനുള്ള വാൽഡിമിറിന്റെ പ്രവണത ഏവരെയും അതിശയിപ്പിച്ചു.
ബോട്ടിന് പിന്നാലെ കൂടിയ വാൽഡിമിർ തിരിച്ചുപോയില്ല. ഹാമർഫെസ്റ്റ് ഹാർബറിലെത്തിയ വാൽഡിമിറിനെ ഫിഷറീസ് വകുപ്പ് പരിപാലിച്ചു. പിന്നീട് വാൽഡിമിർ ഹാമർഫെസ്റ്റിൽ തന്നെ തുടർന്നു. മനുഷ്യർക്കൊപ്പം ചങ്ങാത്തം കൂടാനിഷ്ടമുള്ള വാൽഡിമിർ ബോട്ടിൽ യാത്ര ചെയ്യുന്നവർക്കൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തിരുന്നു.
വാൽഡിമിർ ശരിക്കും ചാരത്തിമിംഗലമാണോ എന്ന് വ്യക്തമല്ല. വാൽഡിമിർ എവിടെ നിന്ന് വന്നെന്നും അറിയില്ല. അതേ സമയം, വാൽഡിമിറിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് മൂന്ന് ആഴ്ചയ്ക്കുള്ളിൽ പുറത്തുവരും. ഏകദേശം 15 - 20 വയസ് വാൽഡിമിറിന് ഉണ്ടെന്ന് കരുതുന്നു. ആർട്ടിക് സമുദ്രത്തിൽ കാണപ്പെടുന്ന ബെലൂഗ തിമിംഗിലങ്ങൾ സാധാരണ 35-50 വർഷം വരെ ജീവിക്കും.
 കാവലായി കടൽജീവികൾ!
അന്തർവാഹിനികളെയും ശത്രുക്കളെയും നിരീക്ഷിക്കാൻ കരിങ്കടലിൽ ഡോൾഫിനുകളെയും ആർട്ടിക് മേഖലയിൽ ബെലൂഗ തിമിംഗലങ്ങളെയും സീലുകളെയും റഷ്യൻ സൈന്യം പരിശീലനം നൽകി വിന്യസിച്ചിട്ടുണ്ടെന്നാണ് പ്രചാരണം. എന്നാൽ റഷ്യ ഇത് തള്ളുന്നു.
കരിങ്കടൽ തീരത്തെ സെവാസ്‌റ്റോപോൾ നാവിക താവളം നിരീക്ഷിക്കാൻ റഷ്യയ്ക്ക് ' മിലിട്ടറി ഡോൾഫിൻ" പട ഉണ്ടെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. നാവിക താവളത്തിന് നേരെ ഏതെങ്കിലും തരത്തിലെ ഭീഷണി ഉയർന്നാൽ ഈ ഡോൾഫിനുകൾക്ക് മുന്നറിയിപ്പ് നൽകാൻ കഴിയുമത്രെ.
ശീതയുദ്ധ കാലഘട്ടത്തിൽ സോവിയറ്റ് നേവി ഡോൾഫിൻ പോലുള്ള കടൽ ജീവികൾക്ക് ഇത്തരം പരിശീലനം നൽകിയിരുന്നു. അന്ന് സെവാസ്റ്റോപോളിന് സമീപം സോവിയറ്റിന്റെ പ്രത്യേക ഡോൾഫിൻ യൂണിറ്റിന് പരിശീലനം നൽകിയിരുന്നു.
പരിശീലനം ലഭിച്ച ബെലൂഗ തിമിംഗലങ്ങൾ, സീലുകൾ, സീ ലയൺ തുടങ്ങിയവയ്ക്കും കടലിനടിയിലൂടെ വരുന്ന ശത്രുക്കളെയും സ്ഫോടക വസ്തുക്കളെയും തിരിച്ചറിയാനാകുമെന്ന് വിദഗ്ദ്ധർ പറയുന്നു. റഷ്യയ്ക്ക് പുറമേ യു.എസ്, ഇസ്രയേൽ, ഉത്തര കൊറിയ എന്നീ രാജ്യങ്ങളിലും സൈനിക ദൗത്യങ്ങളിൽ ഇത്തരം ജീവികളെ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.