
ജോഹന്നസ്ബർഗ് : ഭൂമുഖത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംകൂടിയ മുതലയാണ് ' ഹെൻറി". 123 വയസുള്ള ഹെൻറിക്ക് 700 കിലോഗ്രാം ഭാരവും 16 അടി നീളവുമുണ്ട്. ഒരു മിനി ബസിന്റെ വലിപ്പം.! ലോകത്തെ ഏറ്റവും പ്രായം കൂടിയ ഉരഗവും ഹെൻറി തന്നെ. നൈൽ ക്രോക്കഡൈൽ സ്പീഷീസിൽപ്പെട്ട ഹെൻറി കഴിഞ്ഞ മൂന്ന് ദശാബ്ദമായി ദക്ഷിണാഫ്രിക്കയിലെ സ്കോട്ട്‌ബർഗിലെ ക്രോക്ക് വേൾഡ് കൺസർവേഷൻ സെന്ററിലാണുള്ളത്.
ആറ് 'ഭാര്യ"മാരുള്ള ഹെൻറിക്ക് 10,000 ത്തിലേറെ മക്കളുണ്ടെന്ന് സെന്റർ പറയുന്നു. 1900 ഡിസംബർ 16ന് ബോട്‌സ്വാനയിലെ ഒകാവൻഗോ ഡെൽറ്റയിലാണ് ഹെൻറിയുടെ ജനനം. ബോട്‌സ്വാനയിലെ തദ്ദേശീയരെ ഒന്നാകെ വിറപ്പിച്ച ഹെൻറി നൂറുകണക്കിന് മനുഷ്യരെ കൊന്ന് തിന്നെന്ന് പറയപ്പെടുന്നു. ഇരകളിൽ കൂടുതലും കുട്ടികളായിരുന്നു.
കൂർത്ത പല്ലുകളുള്ള ഹെൻറി സീബ്ര അടക്കമുള്ള ജീവികളെയും സ്ഥിരമായി വേട്ടയാടി. അങ്ങനെയിരിക്കെ നരഭോജി ഹെൻറിയെ കൊല്ലാൻ സർ ഹെൻറി ന്യൂമാൻ എന്ന വേട്ടക്കാരന്റെ സഹായം നാട്ടുകാർ തേടി. കൊല്ലുന്നതിന് പകരം അദ്ദേഹം ഹെൻറിയെ ഒരു മൃഗശാലയ്ക്ക് കൈമാറി. ന്യൂമാന്റെ പേരിൽ നിന്നാണ് ഹെൻറിക്ക് ഈ പേര് ലഭിച്ചത്.
അതേ സമയം, ലോകത്ത് ജീവിച്ചിരിക്കുന്നതിൽ, മനുഷ്യരുടെ സംരക്ഷണത്തിലുള്ള ഏറ്റവും നീളം കൂടിയ മുതല കാഷ്യസ് ആണ്. ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിലെ ഗ്രീൻ ഐലൻഡിലുള്ള മറൈൻലാൻഡ് പാർക്കിലുള്ള സാൾട്ട് വാട്ടർ ക്രോക്കഡൈൽ ഇനത്തിലെ കാഷ്യസിന് 17 അടി 11 ഇഞ്ചാണ് നീളം.