സമൃദ്ധിയുടെ ആഘോഷമാണ് ഓണം. മഹാബലിയെ വരവേൽക്കാനാണ് വീടുകൾക്ക് മുന്നിൽ അത്തപ്പൂക്കളമിടുന്നത്. അത്ത ദിനമായ ഇന്ന് ഈ വർഷത്തെ ഓണാഘോഷങ്ങൾ ആരംഭിക്കുമ്പോൾ കേരളത്തിലെ ഭൂരിഭാഗം വീടുകളിലും സ്ഥാപനങ്ങൾക്ക് മുന്നിലുമെല്ലാം അത്തപ്പൂക്കളം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഇങ്ങനെ അത്തപ്പൂവിടുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ഇല്ലെങ്കിൽ വിപരീത ഫലമായിരിക്കും ലഭിക്കുക. അങ്ങനെ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ചെറിയ രീതിയിലാണെങ്കിൽ പോലും വീടുകളിൽ വിരിയുന്ന പൂക്കൾകൊണ്ട് അത്തപ്പൂക്കളമിടുന്നതാണ് ഉത്തമം.
മഞ്ഞൾ, ഗോമൂത്രം, ഉപ്പ് എന്നിവയിൽ ഏതെങ്കിലുമൊന്ന് വെള്ളത്തിൽ കലർത്തി തളിച്ചതിനുശേഷം വേണം അത്തപ്പൂക്കളമിടാൻ. ദിവസവും ചാണകം മെഴുകിയ തറയിൽ അത്തപ്പൂക്കളമിടുന്നതാണ് ഉത്തമം.
രണ്ട് തിരിയിട്ട വിളക്ക് തെളിയിച്ച ശേഷം നടുക്ക് തുളസിയില വയ്‌ക്കണം. ശേഷമാണ് പൂക്കളം ഒരുക്കേണ്ടത്.
ഓരോ ദിവസവും ഓരോ നിറത്തിലുള്ള പൂക്കൾ ചേർത്ത് വേണം അത്തപ്പൂക്കളമിടാൻ. ദിവസം കഴിയുന്തോറും പൂക്കളത്തിന്റെ വലുപ്പം കൂട്ടണം. മുക്കൂറ്റി, തുമ്പ, കോളാമ്പിപ്പൂവ്, വെള്ള നിറത്തിലുള്ള പൂക്കൾ എന്നിവയെല്ലാം അത്തപ്പൂക്കളത്തിനായി ഉപയോഗിക്കാവുന്നതാണ്.
പ്ലാസ്റ്റിക്ക് അല്ലെങ്കിൽ നിറം ചേർത്ത വസ്‌തുക്കൾ ഇടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
വാടിയതും കേടായതുമായ പൂക്കൾ അത്തപ്പൂക്കളത്തിനായി ഉപയോഗിക്കരുത്.
ചോതി വരെ ചുവന്ന പൂക്കൾ ഉപയോഗിക്കാൻ പാടില്ല എന്നും വിശ്വാസമുണ്ട്.