
കോഴിക്കോട്: ഓണക്കാലം അടിപൊളി യാത്രാക്കാലമാക്കാൻ സ്പെഷ്യൽ ട്രിപ്പുകളുമായി കെ.എസ്.ആർ.ടി.സി. കുട്ടികൾക്കും കുടുംബത്തിനുമൊപ്പം ഓണാവധി ആഘോഷിക്കാൻ കുറഞ്ഞ നിരക്കിൽ 15 യാത്രാപാക്കേജുകളാണ് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ ഒരുക്കിയിരിക്കുന്നത്. ബഡ്ജറ്റ് ടൂറിസത്തിന്റെ യാത്രാ ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് അവസരം.
ജില്ലയിലെ അഞ്ച് ഡിപ്പോകളിൽ നിന്നായി ഏഴു മുതൽ വിവിധ തിയതികളിലായി തീർത്ഥാടന യാത്രകളും വിനോദയാത്രകളും ഉൾപ്പെടെയുള്ള പാക്കേജുകൾ പുറപ്പെടും. മൂന്നാറിലേക്കാണ് ആദ്യ യാത്ര. ഒരു ദിവസം, രണ്ട് ദിവസം, മൂന്ന് ദിവസംഎന്നിങ്ങനെയാണ് യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്. ഭക്ഷണവും താമസവും യാത്രാപാക്കേജുകളിൽ ഒരുക്കിയിട്ടുണ്ട്.
യാത്രകൾ ഇവിടങ്ങളിൽ
ആതിരപ്പള്ളി, മൂന്നാർ, മാമലക്കണ്ടം, വാഗമൺ, കുമളി, ജാനക്കിക്കാട്, പെരുവണ്ണാമൂഴി, സെെലന്റ് വാലി, ഗവി, പരുന്തിൻപാറ, മലക്കപ്പാറ, നെല്ലിയാമ്പതി, പെെതൽ മല, പാലക്കയംതട്ട്, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, ഗുരുവായൂർ, കാടാമ്പുഴ അമ്പലം, മലമ്പുഴ, പഞ്ച പാണ്ഡവ ക്ഷേത്ര ദർശനവും ആറന്മുള വള്ളസദ്യയും, ആറൻമുള വള്ളസദ്യയ്ക്ക് ശേഷം ആറൻമുള കണ്ണാടിയുടെ നിർമാണം എങ്ങനെയെന്നു കണ്ടറിനായുള്ള ക്ലാസും, ദശാവതാര ക്ഷേത്രം, മൂകാംബിക ക്ഷേത്രം. 12ന് കോഴിക്കോട്ടുനിന്ന് കൊച്ചിയിലേക്ക് പോകുന്ന യാത്ര സംഘത്തിന് ആഡംബരകപ്പലായ 'നെഫ്രിറ്റി'യിൽ അറബിക്കടലിൽ അഞ്ചുമണിക്കൂർ ചെലവിടുകയും ചെയ്യാം.
യാത്രകൾ ഈ ഡിപ്പോകളിൽ നിന്നും
താമരശ്ശേരി
തിരുവമ്പാടി
വടകര
കോഴിക്കോട്
തൊട്ടിൽപാലം
9544477954, 9846100728