
കൊൽക്കത്ത: ആർ.ജി കർ മെഡിക്കൽ കോളേജിൽ ഡോക്ടർ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി സഞ്ജയ് റോയിക്കെതിരെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി സി.ബി.ഐ. കൂട്ട മാനഭംഗ സാദ്ധ്യത തള്ളുകയും ഡോക്ടറുടെ ശരീരത്തിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുമായി പ്രതിയുടെ ഡി.എൻ.എ പൊരുത്തപ്പെട്ട സാഹചര്യത്തിലുമാണ് നടപടി. അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും ഒരു പ്രതി മാത്രമാണെന്ന് വ്യക്തമായതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഡി.എൻ.എ, ഫോറൻസിക് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കൂട്ടമാനഭംഗ സാദ്ധ്യത തള്ളിയത്. കേസിൽ മറ്റു പ്രതികളുണ്ട് എന്നതിന് തെളിവുകളും ലഭിച്ചില്ല. കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായുള്ള തെളിവുകളും ലഭിച്ചില്ല. നൂറിലധികം മൊഴികൾ സി.ബി.ഐ രേഖപ്പെടുത്തിയിട്ടുണ്ട്. പത്ത് പോളിഗ്രാഫ് ടെസ്റ്റുകൾ നടത്തി. അതിനിടെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അന്വേഷണം മന്ദഗതിയിലാണെന്ന് ആവർത്തിച്ച് ആരോപണം ഉന്നയിച്ചത് സി.ബി.ഐയെ കൂടുതൽ സമ്മർദ്ദത്തിലാക്കിയതായി റിപ്പോർട്ടുകൾ വന്നു. അന്വേഷണം ഏറ്റെടുത്തിട്ട് ദിവസങ്ങളായെന്നും നീതി എവിടെയാണെന്നും മമത ചോദിച്ചിരുന്നു. മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിനെതിരെ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതിന് അന്വേഷണം തുടരുകയാണ്.
ആഗസ്റ്റ് 23ന് കോടതിയിൽ ഹാജരാക്കിയ പ്രതി സഞ്ജയ് റോയിയെ 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. വെള്ളിയാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കും. പ്രതിയുടെ കസ്റ്റഡി ആവശ്യം സി.ബി.ഐ ആവശ്യപ്പെട്ടേക്കില്ല. ആഗസ്റ്റ് ഒമ്പത് പുലർച്ചെയാണ് കൊലപാതകം നടന്നത്.
സെമിനാർ ഹാളിലായിരുന്നു മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു.പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ക്രൂരമായ മാനഭംഗം നടന്നതായി സ്ഥിരീകരിച്ചതോടെ സംഭവത്തിൽ വൻ പ്രതിഷേധമുണ്ടായി. ഇതിനുപിന്നാലെയാണ് പൊലീസ് സിവിക് വൊളണ്ടിയറായ സഞ്ജയ് റോയ് അറസ്റ്റിലായത്. കേസ് പിന്നീട് കൊൽക്കത്ത ഹൈക്കോടതി സി.ബി.ഐക്ക് വിട്ടു.