
കൊച്ചി: രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പെട്രോൾ, ഡീസൽ എന്നിവയുടെ വില ലിറ്ററിന് രണ്ട് രൂപ വരെ കുറയ്ക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില പതിനാല് മാസത്തിനിടെയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറഞ്ഞതോടെ ഉപഭോക്താക്കൾക്ക് ആശ്വാസം പകരാൻ അനുകൂല സാഹചര്യമാണെന്ന് പൊതുമേഖല എണ്ണ കമ്പനികളും വിലയിരുത്തുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 72 ഡോളർ വരെ കഴിഞ്ഞ ദിവസം താഴ്ന്നിരുന്നു. മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് വില കുറച്ചേക്കും. ആഗോള വിപണിയിലെ ചലനങ്ങൾ കണക്കിലെടുത്ത് പ്രമുഖ പൊതു മേഖല കമ്പനികളായ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം കോർപ്പറേഷൻ(ബി.പി.സി.എൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ(എച്ച്.പി.സി.എൽ) എന്നിവ ഇക്കാര്യം പരിശോധിക്കുന്നു. നാണയപ്പെരുപ്പം നിയന്ത്രിക്കാനും പെട്രോൾ, ഡീസൽ വിലക്കുറവ് സഹായിക്കും.
ക്രൂഡ് വില താഴുന്നു
ചൈനയിലെയും അമേരിക്കയിലെയും സാമ്പത്തിക മാന്ദ്യം എണ്ണ ഉപഭോഗം കുറയ്ക്കുകയാണ്. അമേരിക്കയിൽ എണ്ണ ശേഖരം കുറഞ്ഞുവെന്ന വാർത്തകളും ഉത്പാദനം നിയന്ത്രിക്കാനുള്ള ഒപ്പെക് രാജ്യങ്ങളുടെ തീരുമാനവും ക്രൂഡിന് പിന്തുണയായില്ല. ഇതോടെ പൊതു മേഖല കമ്പനികളുടെ റിഫൈനിംഗ് മാർജിൻ മെച്ചപ്പെട്ടു. എണ്ണ വില 90 ഡോളറിനടുത്ത് തുടർന്നതിനാൽ ഒരു വർഷത്തിലധികമായി കമ്പനികൾ കടുത്ത പ്രതിസന്ധിയിലാണ്. ക്രൂഡ് വില കുറഞ്ഞതോടെ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാനുള്ള അനുകൂല സാഹചര്യമാണെന്ന് പെട്രോളിയം ഡീലർമാർ പറയുന്നു.