
ഇംഫാൽ: മണിപ്പൂരിലെ മൊയ്റാംഗ് പട്ടണത്തിൽ റോക്കറ്റ് ബോംബാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.
പെൺകുട്ടി ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. മെയ്‌തി വിഭാഗക്കാരനായ വൃദ്ധനാണ് കൊല്ലപ്പെട്ടത്. റോക്കറ്റിന്റെ ഭാഗങ്ങൾ തലയിൽ പതിക്കുകയായിരുന്നു.
ഇന്ത്യൻ നാഷണൽ ആർമി (ഐ.എൻ.എ) മ്യൂസിയത്തിൽ നിന്ന് 100 മീറ്റർ അകലെ മണിപ്പൂരിന്റെ ആദ്യ മുഖ്യമന്ത്രി മൈരെംബം കൊയ്‌റെംഗ് സിംഗിന്റെ വീടിന് നേരെയാണ് റോക്കറ്റ് പതിച്ചത്. ഐ.എൻ.എ മ്യൂസിയം ലക്ഷ്യമിട്ടുള്ള ആക്രമണമാണെന്ന് അധികൃതർ അറിയിച്ചു. കുക്കി ആധിപത്യമുള്ള ചുരാചന്ദ്പൂർ ജില്ലയിലെ കുന്നുകളിൽ നിന്ന് നിരവധി റോക്കറ്റ് ആക്രമണങ്ങൾ നടന്നതായി പൊലീസ് അറിയിച്ചു. ഇന്നലെ പുലർച്ചെ കുന്നുകളിൽ നിന്ന് ബിഷ്ണുപൂർ ജില്ലയിലേക്ക് വെടിവയ്പുണ്ടാകുകയും സേന തിരിച്ചടിക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രി ട്രോങ്‌ലോബിക്ക് സമീപമുള്ള കുമ്പി ഗ്രാമത്തിൽ ഒന്നിലധികം ഡ്രോണുകൾ കണ്ടതായി റിപ്പോർട്ടുണ്ട്.
ഞായറാഴ്ച കുക്കികൾ നടത്തിയ വെടിവയ്പ്പിലും ഡ്രോൺ ആക്രമണത്തിലും രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. 12 വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ ഒമ്പത് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച സെൻജാം ചിരാംഗിൽ ഡ്രോൺ ബോംബ് ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.