p

പാരീസ്: വിധി ഉയർത്തിയ വെല്ലുവിളികളേയും എതിരാളികളുടെ പോരാട്ടവീര്യത്തേയും മറികടന്ന് പാരാലിമ്പിക്സിൽ രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തി മെഡൽക്കൊയ്ത്തിൽ നാഴികക്കല്ലുകൾ താണ്ടി ഇന്ത്യൻ കുതിപ്പ്. ഇന്നലെ പുരുഷ വിഭാഗം ഹൈജമ്പിൽ (ടി 64) 2.08 മീറ്റർ താണ്ടി ഏഷ്യൻ റെക്കാഡും സ്വന്തം പേരിലാക്കി പ്രവീൺ കുമാർ ഇന്ത്യയുടെ മെഡൽ അക്കൗണ്ടിലേക്ക് ആറാം സ്വർണമെത്തിച്ചു. കഴിഞ്‌ തവണ ടോക്യോയിൽ ഈ ഇനത്തിൽ നേടിയ വെള്ളി പാരീസിൽ പ്രവീൺ പൊന്നാക്കി മാറ്റുകയായിരുന്നു. പാരാലിമ്പിക്സിൽ ജമ്പ് ഇനത്തിൽ രണ്ട് മെഡലുകൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന് നേട്ടവും നോയിഡ സ്വദേശിയായ 21കാരൻ സ്വന്തമാക്കി. മാരിയപ്പൻ തങ്കവേലുവാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരം. പ്രവീണിന്റെ സ്വർണത്തോടെ പാരീസിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 26 ആയി. 6 സ്വർണം കൂടാതെ 9 വെള്ളിയും 11 വെങ്കലവും ഇന്ത്യയുടെ മെഡൽ അക്കൗണ്ടിൽ ഉണ്ട്. 14-ാം സ്ഥാനത്താണ് ഇന്ത്യ.