
തിരുവനന്തപുരം: ഓണത്തിരക്കിലേക്ക് കടക്കവേ, തലസ്ഥാനത്ത് കുടിവെള്ള വിതരണം നിറുത്തിവച്ചത് ജനജീവിതം താറുമാറാക്കി.
പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കുന്ന പണിയായതിനാൽ ഇന്ന് ഉച്ചവരെയെങ്കിലും ഇതേ അവസ്ഥയായിരിക്കുമെന്നാണ് സൂചന. ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലും വെള്ളംകുടി മുട്ടി. മന്ത്രിമാരും ഉദ്യോഗസ്ഥരും വലഞ്ഞു.
രാവിലെ മുതൽ സെക്രട്ടേറിയറ്റിലെ മിക്ക ഓഫീസുകളിലും ഒരു തുള്ളി വെള്ളമില്ലാത്ത അവസ്ഥയായിരുന്നു. ടോയ് ലെറ്റുകളിലും ക്യാന്റീനുകളിലും വെള്ളമില്ലാതായി.
നഗരത്തിലെത്തിയ ജനങ്ങളും വലഞ്ഞു. കുപ്പിവെള്ളത്തിനായി നെട്ടോട്ടമായിരുന്നു. പ്രാഥമിക ആവശ്യങ്ങൾക്കുപോലും വെള്ളമില്ലാതായതോടെ നഗരവാസികളിൽ പലരും താത്കാലികമായി മറ്റ് സ്ഥലങ്ങളിലേക്ക് മാറി.
നഗരസഭയുടെ നേതൃത്വത്തിൽ ടാങ്കറിൽ വെള്ളമെത്തിക്കാൻ ശ്രമിച്ചെങ്കിലും വൈകുന്നേരം വരെ ഒരു നടപടിയുമുണ്ടായില്ലെന്ന് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർ പറഞ്ഞു. സെക്രട്ടേറിയറ്റിൽ സമ്പൂർണ്ണമായി വെള്ളമില്ലാത്ത അവസ്ഥയുണ്ടാകുന്നത് ആദ്യമായാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
റെയിൽ പാതയിലെ പൈപ്പ് മാറ്റൽ
1.തിരുവനന്തപുരം- നാഗർകോവിൽ റെയിൽപ്പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് നേമം, ഐരാണിമുട്ടം ഭാഗത്ത് നിന്നുള്ള ട്രാൻസ്മിഷൻ പൈപ്പ് ലൈൻ അലൈൻമെന്റ് മാറ്റുന്ന പണികൾക്കായാണ് നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം നിറുത്തിവെച്ചത്.
പണികൾ ചെയ്യുന്നതും വാട്ടർ അതോറിട്ടിയാണ്. ഇന്ന് പണി പൂർത്തിയാക്കാനാണ് ശ്രമം. റെയിൽവേ ആവശ്യപ്പെട്ട പ്രകാരമാണ് പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നത്.
2. നഗരത്തിന്റെ പ്രധാന മേഖലകൾ ഉൾപ്പെടുന്ന 45ഓളം വാർഡുകളിൽ ജലവിതരണം പൂർണമായും തടസപ്പെടുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ബദൽ സംവിധാനമൊരുക്കാൻ വാട്ടർ അതോറിട്ടി തയാറായില്ല.
ഇന്നലെ രാവിലെയാണ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്നത്.നഗരസഭയിൽ നിന്നും മറ്റും ടാങ്കറിൽ വെള്ളമെത്തിക്കുന്നതിനുള്ള ബദൽ സംവിധാനം ഏർപ്പെടുത്തുന്നതിനെ കുറിച്ചാണ് ചർച്ച ചെയ്തത്. എന്നാൽ, സെക്രട്ടേറിയറ്റിലെയും മറ്റ് ഉന്നത ഓഫീസുകളിലെയും പ്രശ്നം പരിഹരിക്കാൻ പോലും കഴിഞ്ഞില്ല.
'പ്രശ്നം അടിയന്തരമായി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാൻ വാട്ടർ അതോറിട്ടി അധികൃതർക്ക് നിർദ്ദേശം നൽകി".
-മന്ത്രി റോഷി അഗസ്റ്റിൻ