pic

മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും കാമുകിയെന്ന് പറയപ്പെടുന്ന അലീന കബായേവയ്ക്കും രണ്ട് ആൺമക്കളുണ്ടെന്ന് റിപ്പോർട്ട്. റഷ്യയുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവിടുന്ന ഒരു സ്വതന്ത്ര വെബ്സൈറ്റിന്റേതാണ് റിപ്പോർട്ട്. ഇവാൻ (9), വ്ലാഡിമിർ ജൂനിയർ (5) എന്നിങ്ങനെയാണ് മക്കളുടെ പേര്. ഇവർ വടക്കുപടിഞ്ഞാറൻ റഷ്യയിൽ വാൽഡായ് തടാക തീരത്തെ അതീവ സുരക്ഷാ വലയത്തോടെയുള്ള ആഡംബര ബംഗ്ലാവിലാണ് ജീവിക്കുന്നതെന്നും പറയുന്നു.

ബംഗ്ലാവിനുള്ളിൽ തന്നെയാണ് ഇവരുടെയും ജീവിതവും പഠനവുമെല്ലാം. ഇവർക്ക് സഞ്ചരിക്കാൻ സ്വകാര്യ ജെറ്റുകളും ആഡംബര നൗകയുമുണ്ട്. ഇവരുടെ ജനന സംബന്ധമായ വിവരങ്ങളൊന്നും സർക്കാർ രേഖകളിലില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

അലീന മുൻ ജിനാസ്​റ്റും ഒളിമ്പിക്‌സ് സ്വർണ മെഡൽ ജേതാവുമാണ്. 2008ലാണ് അലീന പുട്ടിന്റെ കാമുകിയാണെന്ന് പ്രചരിച്ചരിക്കാൻ തുടങ്ങിയത്. ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ട റഷ്യൻ പത്രം സർക്കാർ അടച്ചുപൂട്ടിച്ചിരുന്നു. വാർത്ത പുട്ടിൻ നിഷേധിക്കുകയും ചെയ്തു. ഇരുവർക്കും മക്കളുണ്ടെന്ന വാർത്തയും പിന്നീട് പല തവണ പ്രചരിച്ചു.

അതേ സമയം, പുട്ടിനും ഭാര്യ ല്യുഡ്‌മിലയും 2014ൽ വേർപിരിഞ്ഞിരുന്നു. മരിയ, കാതറീന എന്നിവരാണ് ഇരുവരുടെയും മക്കൾ. മരിയ വൈദ്യശാസ്ത്ര ഗവേഷകയും കാതറീന നർത്തകിയും ശാസ്ത്രജ്ഞയുമാണ്. തന്റെ കുടുംബത്തെ സംബന്ധിച്ച വിവരങ്ങൾ പുട്ടിൻ പുറത്തുവിടാറില്ല. അതുകൊണ്ട് തന്നെ പുട്ടിന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്.