mukesh

കൊച്ചി: നടനും കൊല്ലം എംഎൽഎയുമായ മുകേഷിനെതിരെ ഉന്നയിച്ച പരാതിക്കാരിയുടെ മൊഴിയിൽ നിരവധി വൈരുദ്ധ്യങ്ങളെന്ന് കോടതി. മുകേഷ് ലൈം​ഗികബന്ധത്തിന് നിർബന്ധിച്ചുവെന്ന പരാതിക്കാരിയുടെ ആരോപണം കോടതി തള്ളി. നടിയുടെ ആദ്യത്തെയും രണ്ടാമത്തെയും മൊഴികളിൽ ബലാത്സം​ഗം നടന്നുവെന്ന് വെളിവാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. രണ്ടാമത്തെ മൊഴിയിൽ ഈ വൈരുധ്യത്തിന് കാരണം പറയാൻ അവർക്ക് സാധിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മുകേഷ് ലൈം​ഗിക ബന്ധത്തിന് നിർബന്ധിച്ചെന്ന ആരോപണം നിലനിൽക്കില്ല. 2022-ൽ ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് മുകേഷിന് പരാതിക്കാരി വാട്ട്സാപ്പ് സന്ദേശം അയച്ചിരുന്നു. കഴിഞ്ഞ പുതുവത്സരദിനത്തിൽ നടി മുകേഷിനയച്ച ആശംസാ സന്ദേശവും കേസിൽ തിരിച്ചടിയാവുകയാണ്. 2010-ൽ പീഡനം നടന്നെന്ന് പറയുന്ന ദിവസം മുകേഷ് തന്റെ ബി.എം.ഡബ്ല്യൂ കാറിൽ പരാതിക്കാരിയുടെ ഫ്ളാറ്റിലെത്തി കൂട്ടിക്കൊണ്ടുപോവുകയും മരടിലെ സ്വന്തം വില്ലയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് നടി പരാതിയിൽ പറഞ്ഞിരുന്നത്. മുകേഷ് തന്നെയാണ് അതേദിവസം പരാതിക്കാരിയെ കാറിൽക്കയറ്റി അവരുടെ ആലുവയിലെ ഫ്ലാറ്റിൽ തിരികെ കൊണ്ടുവിട്ടത്. ഇതിൽ എവിടെയാണ് നിർബന്ധിത ലൈം​ഗിക പീഡനം എന്നതാണ് കോടതി ഉയർത്തിയ പ്രധാനചോദ്യം.

ഈ സംഭവങ്ങൾക്കെല്ലാം ശേഷമാണ് 2022-ൽ ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് നടി മുകേഷിന് വാട്ട്സാപ്പ് സന്ദേശം അയച്ചത്. പരാതിക്കാരിയായ നടി ഒരു നിയമ ബിരുദധാരിയാണെന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി. നിയമം പ്രാക്റ്റീസ് ചെയ്തിരുന്ന ഒരാൾക്ക് സാധാരണ നിയമവശങ്ങൾ അറിയില്ലെന്ന് എങ്ങനെ പറയാനാവും എന്നും കോടതി ചോദിച്ചു.

കേസിൽ മുകേഷിന് ജാമ്യം ലഭിച്ചിട്ടുണ്ട്. കഴി‍ഞ്ഞമാസം 29-ാം തീയതിയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുകേഷ് ജാമ്യഹർജി നൽകിയത്. അതിനുശേഷം 30-ാം തീയതി വീണ്ടും നടിയുടെ മൊഴിയെടുത്തിരുന്നു. ഇതിലാണ് വലിയ വൈരുധ്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.