gliff

പാലക്കാട് എഴക്കാട്, കുന്നപ്പുള്ളി കാവിൻ്റെ അടുത്തുള്ള മുത്തശ്ശി പാറയിൽ നിന്ന് ചരിത്രാതീത കാലത്തെ , ശിലാ ചിത്രങ്ങൾ കണ്ടെത്തി. ചരിത്രാതീത കാലത്ത് പാറകളിൽ രൂപങ്ങളും മറ്റും കൊത്തി വയ്ക്കുന്നതിനെയോ കോറിയിടുന്നതിനെയോ ആണ് പെട്രോഗ്ലിഫ് എന്ന് പറയുന്നത്. കോങ്ങാട് സ്വദേശിയും പൈതൃക ചരിത്ര ഗവേഷകനുമായ സായ് നാഥ് ആണ് മുത്തശ്ശി പാറയിൽ ഉള്ള പെട്രോഗ്ലിഫുകൾ കണ്ടെത്തിയത്. നാലോളം വൾവയടക്കമുള്ള സ്ത്രീ പുരുഷ ജനനേന്ദ്രിയങ്ങൾ, കാള, മത്സ്യം, ആമ, ഒരു വട്ടം, തുടങ്ങിയവ എല്ലാം പാറയിൽ ആലേഖനം ചെയ്തു വച്ചിട്ടുണ്ട്.

പാറയിലെ പായൽ കൂടുതൽ ഉരച്ചു വൃത്തിയാക്കിയാൽ ,കുറച്ച് കൂടി ചിത്രങ്ങൾ ഉണ്ടാകാൻ ഉള്ള സാദ്ധ്യത ഉണ്ട്. തമിഴ് നാട് ആർക്കിയോളജി വകുപ്പിലെ മുൻ അസിസ്റ്റൻ്റ് ഡയറക്ട് ശ്രീ ഡോ. പൂങ്കുൻട്രൻ, ചരിത്രകാരനായ പല്ലടം പൊന്നുസ്വാമി എന്നിവർ ഇവിടം സന്ദർശിച്ചിരുന്നു. മുത്തശ്ശി പാറയിലെ പെട്രോഗ്ലിഫുകൾ പ്രാചീന ശിലായുഗ കാലഘട്ടത്തിൻ്റെ ഭാഗമായ അപ്പർ പാലിയോലിത്തിക്ക് കാലഘട്ടത്തിലെതാണെന്നാണ് പൂങ്കുൻട്രൻ അഭിപ്രായപ്പെടുന്നത്.

ലോകത്തെ വിവിധ ഭാഗങ്ങളിലായി അപ്പർ പാലിയോലിത്തിക്ക് ( ബി സി 10000-40000) കാലം മുതലേ ഫെർട്ടിലിട്ടി, ഉർവരത , എന്നിവയുമായി ബന്ധപ്പെട്ട് വൾവയുടെ രൂപം പാറകളിലും മറ്റും ആലേഖനം ചെയ്തു കണ്ടു വരുന്നുണ്ട്. പാലക്കാട് നിന്ന് ആദ്യമായിട്ടാണ് ചരിത്രാതീത കാലത്തെ വൾവയുടെ രൂപം പാറയിൽ കൊത്തി വച്ച് കാണുന്നത്. പ്രാചീന മനുഷ്യർ അദ്ഭുതത്തോടെ , ദൈവീകതയോടെ കണ്ടിരുന്ന ഒന്നാണ് പ്രത്യുൽപാദനം / ഗർഭധാരണം എന്നും, അതിൻ്റെ ഭാഗമായി ഗോത്ര ജനത വൾവയടക്കമുള്ള ജനനേന്ദ്രിയങ്ങളുടെ ചിത്രങ്ങളും രൂപങ്ങളും പാറകളിലും കൊത്തി വച്ചിരുന്നു എന്നും അത്തരം ഇടങ്ങൾ അവരുടെ ആരാധനയുടെ ഭാഗമായി കണ്ടിരുന്നു എന്നും പൂകുൻട്രൻ വിശദീകരിച്ചു. ഈ ഇടവും പ്രാചീന മനുഷ്യരുടെ ആരാധന ഇടമായി ഇരിക്കാൻ ഉള്ള സാദ്ധ്യത കൂടുതലാണ് എന്ന് അദ്ദേഹം സൂചിപ്പിച്ചു. കല്ലടിക്കോടൻ മലയുടെ അരികെ ജീവിച്ചിരുന്ന പ്രാചീന മനുഷ്യരുടെ ജീവിത ചരിത്രത്തിലേക്ക് ഉള്ള വെളിച്ചം കാണിച്ച് തരുന്ന ഒന്നാണ് ഈ കണ്ടെത്തൽ.

sainath

മമ്പള്ളികുന്ന് പ്രദേശത്തെ ഗ്രാമീണ ജനത ഇതുവരെ പാറയിലെ ഈ ചിത്രങ്ങൾ ശ്രദ്ധിച്ചിട്ടില്ല എങ്കിലും മുത്തശ്ശി പാറ എന്ന് വിളിക്കുന്ന ഈ പാറയുമായി ബന്ധപ്പെട്ട് ഒരു ഐതിഹ്യം എല്ലാവർക്കും അറിയാം. അയിത്തം നിലനിന്നിരുന്ന കാലത്ത്, പാടത്ത് പണി ചെയ്തിരുന്ന ഒരു ഹരിജൻ സ്ത്രീ, അതുവഴി നമ്പൂതിരി നടന്നു വരുന്നത് കാണാൻ ഇടയായി. നമ്പൂതിരിയെ കണ്ടു അയിത്തം വരാതിരിക്കാൻ വേണ്ടി, പട്ട കുടയിൽ ആ സ്ത്രീ ഒളിച്ചു എന്നും അബദ്ധത്തിൽ സ്ത്രീയെ കണ്ട നമ്പൂതിരി അവരെ നീ ഒരു പാറയായി പോകട്ടെ എന്ന് ശപിക്കുകയും ,അങ്ങനെ അവർ പാറയായി മാറി എന്നും ആണ് കഥ. അയിത്തത്തിൻ്റെ കഥ പറഞ്ഞു വച്ചിട്ടുള്ള മുത്തശ്ശി പാറയിൽ ഇങ്ങനെ ഒരു ചരിത്രം ഒളിഞ്ഞിരിക്കുന്ന ജനങ്ങൾ അറിഞ്ഞിട്ടില്ല. ആദിമ കാലം മുതലേ മനുഷ്യർ ദൈവീകതയോടെ കാണുന്ന ഒന്നാണ് പ്രത്യുത്പാദനം.അതുമായി ബന്ധപ്പെട്ട സ്ത്രീ പുരുഷ അവയവങ്ങൾ ,അവർ ആലേഖനം ചെയ്തു വയ്ക്കുന്നത് സംസ്കാരത്തിൻ്റെ ഭാഗം കൂടി ആയിരുന്നു. സ്ത്രീ അമ്മയാകുന്നു. അമ്മയാണ് പിന്നീട് മുത്തശ്ശി ആയി മാറുന്നത് . ഈ പാറ ഒരു സ്ത്രീയുടെ പേരിൽ അറിയപ്പെടാൻ ഉള്ള കാരണം വൾവയുടെ പ്രാധാന്യം കൊണ്ട് കൂടിയാണ്.അമ്മ ആരാധനയുടെ ആദിമ രൂപം ആയിട്ട് വൾവകൾ ആലേഖനം ചെയ്ത ഇടത്തേ ഗവേഷകര് കാണുന്നുണ്ട്. കല്ലടിക്കോടും അതിനു ചുറ്റുമുള്ള പ്രദേശങ്ങളും പുരാതനമായ അമ്മ ആരാധനയ്ക്ക് പേര് കേട്ട ഇടങ്ങൾ കൂടിയാണ്. അതും ഇതും നമ്മൾ ചേർത്ത് വായിക്കേണ്ട ഒന്നാണ്.


നോർത്ത് കാലിഫോർണിയയിൽ അനവധി വൾവകൾ ആലേഖനം ചെയ്ത ഒരു പാറയുണ്ട്.അവിടുത്തെ ഗവേഷകരുടെ അഭിപ്രായത്തിൽ ,പ്രാചീന മനുഷ്യരുടെ ഗർഭധാരണ ചടങ്ങുമായും പെൺ കുട്ടികൾ പ്രായ പൂർത്തി യാകുന്ന ചടങ്ങുമായും ബന്ധപ്പെട്ട് സ്ത്രീകൾ ഒത്ത് കൂടുന്ന ഇടത്തിലാണ് അവർ വൾവ കൊത്തി വച്ചിരിക്കുന്നത് എന്നാണ്. അവിടുത്തെ തദേശവാസികളിലെ ചിലർ ഇന്നും ആ ഇടം ഉപയോഗിക്കുന്നുണ്ട് എന്നാണ് അറിയാൻ സാധിച്ചത്.

എന്ത് വന്നാലും എത്ര കാലം കഴിഞ്ഞാലും ഈ മുത്തശ്ശി പാറ പൊട്ടിക്കരുത് എന്ന് ,തങ്ങളുടെ പൂർവികർ പറഞ്ഞിട്ടുണ്ട് എന്ന് ,മുത്തശ്ശി പാറ സ്ഥിതി ചെയ്യുന്ന ഇടത്തിൻ്റെ ഉടമസ്ഥയായ പുനത്തിൽ വീട്ടിൽ ഭാർഗവി അമ്മ പറയുകയും ചെയ്തു.ഇതിലൂടെ നാം മനസിലാക്കേണ്ട ഒന്ന് മുൻ തലമുറകൾ മുത്തശ്ശി കൊടുത്ത പ്രാധാന്യത്തെ ആണ്.ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉള്ള റോക്ക് ആർട്ട് ഗവേഷകര് ഉടനെ തന്നെ ഇവിടം സന്ദർശിക്കുന്നതാണ്.അതിന്മൂലം ഇവിടുത്തെ കുറിച്ച് കൂടുതൽ ചരിത്ര വിവരങ്ങളും മറ്റും നമുക്ക് ഭാവിയിൽ മനസിലാക്കാൻ സാധിക്കും എന്ന് കരുതുന്നു.പാലക്കാടിൻ്റെ പ്രാചീന ചരിത്ര വീഥിയിലെ വലിയൊരു കണ്ടെത്തൽ ആണ് ഇത്.