
ന്യൂഡൽഹി: കോൺഗ്രസിൽ ചേർന്ന ഗുസ്തിതാരം വിനേഷ് ഫോഗട്ടിനെ ഉൾപ്പെടുത്തി കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. പാർട്ടിയിൽ ചേർന്നതിന് പിന്നാലെയാണ് വിനേഷ് ഫോഗട്ടിനെ ജുലാനയിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ബജ്റംഗ് പൂനിയയ്ക്ക് പ്രതീക്ഷിക്കപ്പെട്ട ബാദ്ലിയിൽ സിറ്റിംഗ് എം.പി കുൽദീപ് വാറ്റ്സിനെ നിലനിറുത്തി. ബജ്റംഗിനെ അഖിലേന്ത്യാ കർഷക കോൺഗ്രസിന്റെ വർക്കിംഗ് ചെയർമാനായി നിയമിച്ചു.വലിയ രാഷ്ട്രീയ സ്വാധീനമുള്ള ജാട്ട് സമുദായക്കാരായ ഇരുവരുടെയും കോൺഗ്രസ് പ്രവേശനം
ബി.ജെ.പിക്ക് ശക്തമായ രാഷ്ട്രീയ സന്ദേശമാണ്.മുൻ ബി.ജെ.പി എംപിയും ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷൺ ശരൺ സിംഗിനെതിരായ ലൈംഗികാരോപണ സമരത്തിന്റെ മുൻനിരയിലായിരുന്നു ഇരുവരും.
കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ട ശേഷം സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ സാന്നിദ്ധ്യത്തിൽ പാർട്ടി ആസ്ഥാനത്താണ് ഇരുവരും അംഗത്വമെടുത്തത്. അതിനു മുൻപ് ഇരുവരും റെയിൽവേയിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി പദവി രാജിവച്ചു. രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട് ഇവർക്ക് റെയിൽവേ നോട്ടീസ് അയച്ചിരുന്നു.
പാരീസ് ഒളിമ്പിക്സിൽ മെഡൽ നഷ്ടമായ ഫോഗട്ട് ഗുസ്തിയിൽ നിന്ന് വിരമിച്ച് നാട്ടിലെത്തിയതു മുതൽ നിലനിന്ന അഭ്യൂഹത്തിന് വിരാമമിട്ടാണ് കോൺഗ്രസിൽ ചേർന്നത്. സമരം ചെയ്യുന്ന കർഷകരെ കണ്ട് പിന്തുണ പ്രഖ്യാപിച്ചു.