
സിംല : കഞ്ചാവ് കൃഷി നിയമവിധേയമാക്കാനുള്ള നടപടിയുമായി ഹിമാചൽ പ്രദേശ് സർക്കാർ. ഇത് സംബന്ധിച്ച പ്രമേയത്തിന് ഹിമാചൽ പ്രദേശ് നിയമസഭ അംഗീകാരം നൽകി. നിയമസഭാ സമിതി നൽകിയ റിപ്പോർട്ടിലെ ശുപാർശകൾ പരിഗണിച്ചാണ് പ്രമേയം അവതരിപ്പിച്ചത്.
മരുന്ന് നിർമ്മാണത്തിനും മറ്റു വ്യാവസായിക ആവശ്യങ്ങൾക്കും വേണ്ടി കഞ്ചാവ് കൃഷി ചെയ്യാനുള്ള സാദ്ധ്യത ഊന്നിപ്പറയുന്ന പ്രമേയത്തിൽ കഞ്ചാവ് കൃഷി സംസ്ഥാനത്തിന് മികച്ച സാമ്പത്തിക സ്രോതസായി ഉപയോഗിക്കാമെന്നും വിശദീകരിക്കുന്നു.
റവന്യു മന്ത്രി ജഗത് സിംഗ് നേഗിയുടെ അദ്ധ്യക്ഷതയിലുള്ള സമിതിയാണ് കഞ്ചാവ് കൃഷിയുടെ സാദ്ധ്യതകളെ കുറിച്ച് പഠനം നടത്തിയത്. സംസ്ഥാനത്തെ എല്ലാ ജില്ലകളും സന്ദർശിച്ച് സമിതിഅംഗങ്ങൾ ജനങ്ങളുമായി സംസാരിച്ചാണ് കഞ്ചാവ് കൃ,ഷി എങ്ങനെ ലഭകരമായി മരുന്ന് നിർമ്മാണത്തിനും വ്യാവസായിക ആവശ്യങ്ങൾക്കും പ്രയോജനപ്പെടുത്താമെന്ന് പരിശോധിച്ചത്. കഞ്ചാവ് കൃഷി നിയമവിധേയമാക്കുന്നതിന് ജനാഭിപ്രായം അനുകൂലമായിരുന്നു എന്നാണ് സമിതി റിപ്പോർട്ട്
വെള്ളത്തിന്റെ ആവശ്യം കുറച്ച് മതിയെന്നുള്ളതും വന്യമൃഗങ്ങളുടെ ശല്യം കുറവാണെന്നതും ചെടികളെ ബാധിക്കുന്ന രോഗങ്ങളിൽ നിന്ന് മുക്തമാണെന്നതും അനുകൂല ഘടകങ്ങളാണെന്നാണ് വിലയിരുത്തൽ. കൃഷിക്ക് വലിയ തോതിൽ ഭൂമി ആവശ്യമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അത്സമയം കഞ്ചാവിന്റെ ദുരുപയോഗം കർശനമായി തടയണമെന്നും നിർദ്ദേശമുണ്ട്. കൃഷി നടത്തുന്നവർക്ക് കർശന നിബന്ധനകൾ മുന്നോട്ട് വയ്ക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.