koodalmanikyam-temple

തൃശൂർ: മഴയും വിഘ്നവുമൊഴിയാൻ ഗണപതിക്ക് തേങ്ങയുടയ്ക്കുന്നത് സാധാരണം. എന്നാൽ, തൃശൂരുകാർ കൂടൽമാണിക്യം സ്വാമിക്ക് താമരപ്പൂ മാല വഴിപാട് നേരും. ഇതിനുള്ള പൂവ് പുള്ള് എന്ന കൊച്ചുഗ്രാമത്തിലെ താമരപ്പാടങ്ങളിൽ സുലഭം. പുള്ള് വാലപ്പറമ്പിൽ വേണുവാണ് പ്രധാന പൂകൃഷിക്കാരൻ. വേണുവിന്റെ മകൻ സ്മിതേഷ് ദിവസം ആയിരം താമരമൊട്ടുകൾ ഭരത സ്വാമിയുടെ സന്നിധിയിലെത്തിക്കും.

മുൻപ് തമിഴ്നാട്ടിലെ തോവാളയിൽ നിന്നു മാത്രമാണ് താമരകൾ വന്നിരുന്നത്. വഴിപാട് കൂടിയതോടെ താമരയ്ക്ക് ഡിമാൻന്റേറി. അങ്ങനെയാണ് പുള്ളിലും താമരവസന്തം വിരിഞ്ഞത്. ഗുരുവായൂരിലെ കടകളിലേക്കും പുള്ളിലെ താമരയെത്തിക്കുന്നു.

തൃശൂർ പൂരത്തിന് മഴ പെയ്യാതിരിക്കാനും കൂടൽമാണിക്യ ക്ഷേത്രത്തിൽ താമര വഴിപാട് നടത്താറുണ്ട്. പരീക്ഷാ വിജയത്തിനും മംഗളപ്രാപ്തിക്കും ഭരതന് താമരമാല സമർപ്പിക്കുന്നു. 101 പൂവിന്റെ മാലയാണ്. ക്ഷേത്ര പ്രതിഷ്ഠാസമയത്ത് വിഗ്രഹത്തിൽ സമർപ്പിച്ചത് താമരയാണെന്നാണ് വിശ്വാസം. അത് പിന്നീട് നേർച്ചയായി. താമര, തുളസി, തെച്ചി എന്നിവ മാത്രമാണ് പൂജയ്ക്കും ചാർത്താനും എടുക്കാറുള്ളത്.

കൊവിഡുകാലത്ത് ക്ഷേത്രങ്ങൾ അടച്ചതോടെ താമരക്കർഷകർ കണ്ണീർപ്പാടത്തായിരുന്നു. പൂക്കൾ പറിക്കാതെ നിറഞ്ഞുനിന്ന പുള്ളിലെ ചിത്രങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായി. പുള്ളിനെപ്പറ്റി പുറം ലോകമറി‌ഞ്ഞതോടെ വിനോദസഞ്ചാരികളും വന്നുതുടങ്ങി.

₹5 - 8

ഒരു താമരമൊട്ടിന്റെ വില

₹ 750

ഒരു താമരമാലയുടെ വില

10
കൂടൽമാണിക്യത്തിൽ ദിവസം താമരമാല വഴിപാട്

കുട്ടവഞ്ചിയിൽ കറങ്ങാൻ വരൂ

 പുള്ളിൽ ഇരുപതേക്കർ വ്യാപിച്ചുകിടക്കുന്ന പാടത്തിന്റെ ഒരു ഭാഗത്താണ് വേണുവിന്റെ താമരക്കൃഷി

 മഴക്കാലത്ത് ഒരാൾപൊക്കത്തിൽ വെള്ളമുണ്ടാകും. വഞ്ചിയിലെത്തിയാണ് മൊട്ടുകൾ ശേഖരിക്കുന്നത്

 വിവാഹ ഷൂട്ടിംഗും മറ്റുമായി തിരക്കേറിയപ്പോൾ കർഷകർ നിശ്ചിതനിരക്കിൽ കുട്ടവഞ്ചിയാത്ര ആരംഭിച്ചു

 പിന്നാലെ ചെറുവഞ്ചികളും ബോട്ടും ഇറക്കി. മീൻ, പച്ചക്കറി കൃഷിയും മറ്റുമായി പുള്ള് ഇന്ന് അടിപൊളിയാണ്

വിപുലമായി താമരക്കൃഷി ആരംഭിക്കുന്നതിന് ദേവസ്വം ആലോചിച്ചിരുന്നു. നിലവിൽ അതിനുള്ള പദ്ധതികളില്ല. ഭാവിയിൽ കൃഷിയിറക്കാൻ ശ്രമിക്കും.


അഡ്വ.സി.കെ.ഗോപി
ചെയർമാൻ, കൂടൽമാണിക്യം ദേവസ്വം.