
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് അഞ്ചാം ദിവസത്തെ രണ്ടാമത്തെ മൽസരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാറിനെതിരേ അദാനി ട്രിവാൻഡ്രം റോയൽസിന് അഞ്ചു വിക്കറ്റ് ജയം. കാലിക്കറ്റ് മുന്നോട്ടുവെച്ച 144 റൺസിന്റെ വിജയലക്ഷ്യം 18.1 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ട്രിവാൻഡ്രം മറികടന്നു. ടൂർണമെന്റിലെ അതിവേഗ അർദ്ധ സെഞ്ചുറി നേടിയ ട്രിവാൻഡ്രം ക്യാപ്ടൻ അബ്ദുൾ ബാസിദ് ടീമിന്റെ വിജയശിൽപിയും കളിയിലെ താരവുമായി. 22 പന്തിൽ പുറത്താകാതെ 50 റൺസ് ബാസിദ് അടിച്ചെടുത്തു. നിഖിൽ എറിഞ്ഞ 13-ാം ഓവറിൽ 26 റൺസാണ് അബ്ദുൾ ബാസിദ് അടിച്ചുകൂട്ടിയത്. റിയാസ് ബഷീർ (38), ഗോവിന്ദ് പൈ (35) എന്നിവരും തിളങ്ങി. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ കാലിക്കറ്റിന് ഓപ്പണറും ക്യാപ്ടനുമായ രോഹൻ കുന്നുമ്മലിനെ റണ്ണൊന്നുമെടുക്കുന്നതിനു മുമ്പേ നഷ്ടമായി. പുറത്താകാതെ 48 പന്തിൽ 72 റൺസ് നേടിയസൽമാൻ നിസാറാണ് കാലിക്കറ്റിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്.
കൊല്ലത്തിന് ജയം
ആദ്യ മൽസരത്തിൽ ഏരീസ് കൊല്ലം സെയ്ലേഴ്സ് ആലപ്പി റിപ്പിൾസിനെതിരെ എട്ടു വിക്കറ്റിന്റെ ജയം നേടി . ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിൾസ് 16.3 ഓവറിൽ 95 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഏരീസ് കൊല്ലം സെയ്ലേഴ്സ് 13.4 ഓവറിൽ രണ്ടു വിക്കറ്റിന് ലക്ഷ്യം കണ്ടു. 4 വിക്കറ്റ് നേടിയ കൊല്ലത്തിന്റെ എൻ.എം. ഷറഫുദ്ദീനാണ് മാൻ ഓഫ് ദ മാച്ച്.