ppp

ഇന്ത്യാ വിരുദ്ധനായ ലിബറൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പുറത്താകാൻ കളം ഒരുങ്ങിയതോടെ കാനഡ ഒരു പുതിയ താരോദയത്തിന് കാതോർക്കുകയാണ്, കൺസർവേറ്റിവ് പാർട്ടി നേതാവും ഹൗസ് ഓഫ് കോമൺസിലെ പ്രതിപക്ഷ നേതാവുമായ പിയറെ പോളിയേവ്. ചെറുപ്പത്തിന്റെ ഊ‌ർജ്ജമുള്ള 45കാരൻ. രാഷ്‌ട്രീയ എതിരാളികളെ നേരിടുന്നതിൽ കാനഡയിലെ ഡൊണാൾഡ് ട്രംപ് എന്ന് വിളിപ്പേര്.

സിഖ് നേതാവ് ജഗ്‌മീത് സിംഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി പിന്തുണ പിൻവലിച്ചതോടെ ട്രൂഡോ സർക്കാർ വീണാൽ പുതിയ പ്രധാനമന്ത്രിയാകാൻ ഏറ്റവും സാദ്ധ്യത പോളിയേവിനാണ്. പ്രതിപക്ഷം അവിശ്വാസം പാസാക്കിയാൽ ട്രൂഡോ പുറത്താകും. തിരഞ്ഞെടുപ്പ് ഉടൻ നടക്കും. ട്രൂഡോ അതിജീവിച്ചാൽ തിരഞ്ഞെടുപ്പ് അടുത്ത വർഷം ഒക്ടോബറിലായിരിക്കും. രണ്ടായാലും, ജനപ്രീതി ഇടിഞ്ഞ ട്രൂഡോയ്ക്ക് രക്ഷയുണ്ടാവില്ല. ട്രൂഡോയെ ഭ്രാന്തനെന്നും ഭീകരനെന്നും വിളിച്ചതിന് പാർലമെന്റിൽ നിന്ന് ഒരു ദിവസത്തേക്ക് പുറത്താക്കപ്പെട്ട പിയറെ പോളിയേവ്,​ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരിക്കയാണ്.

ദത്ത് പുത്രൻ

മൊത്തം പേര് പിയറെ മാഴ്സെൽ പോളിയേവ്. ജനനം 1979 ജൂൺ 3ന് കാൽഗരിയിൽ. ഐറിഷ് - കനേഡിയൻ വംശജയ്‌ക്ക് 16ാം വയസിൽ ജനിച്ച പുത്രൻ. കൈക്കുഞ്ഞായിരിക്കെ, പോളിയേവിനെ സ്കൂൾ അദ്ധ്യാപക ദമ്പതികളായ മർലിനും ഡൊണാൾഡ് പോളിയേവും ദത്തെടുത്തു. കുട്ടിക്കാലത്ത് ഐസ് ഹോക്കിയും ഗുസ്തിയും പോളിയേവിന് ഹരമായിരുന്നു. ഹൈസ്കൂൾ ഗുസ്തി ടീമിൽ അംഗമായി. 14-ാം വയസിൽ തോളിന് പരിക്കേറ്റ് ഗുസ്തി മതിയാക്കി. കാലിഗരി സൺ എന്ന പത്രത്തിന്റെ വിതരണക്കാരനായി. അക്കാലത്ത് ദത്ത് രക്ഷിതാക്കളായ ഡോണാൾഡും മർലിനും വേർപിരിഞ്ഞു. പോളിയേവിന് 20 വയസ് പിന്നിട്ടപ്പോഴാണ് ജന്മം നൽകിയ മാതാവിനെ നേരിൽ കാണുന്നത്.

രാഷ്‌ട്രീയത്തിൽ പിച്ചവച്ച കൗമാരം

സ്‌കൂൾകാലത്തേ രാഷ്‌ട്രീയം തലയിൽ തിളച്ചു വളർന്ന നേതാവാണ് പോളിയേവ്. ആ പ്രായത്തിൽ രാഷ്‌ട്രീയ പുസ്തകങ്ങൾ ഹരമായി. മിൽട്ടൺ ഫ്രീഡ്മാന്റെ ക്യാപ്പിറ്റലിസം ആൻഡ് ഫ്രീഡം എന്ന പുസ്തകം വലിയ സ്വാധീനം ചെലുത്തി. ആൽബർട്ടയിലെ റിഫോം പാർട്ടിയുടെയും പ്രോഗ്രസിവ് കൺസ‌ർവേറ്റിവ് അസോസിയേഷന്റെയും യോഗങ്ങളിൽ സ്ഥിരം സാന്നിദ്ധ്യമായി.

16-ാം വയസിൽ, പിൽക്കാലത്ത് മന്ത്രിയും കൺസർവേറ്റിവ് നേതാവുമായ ജേസൺ കെന്നിക്ക് വേണ്ടി പ്രചാരണം നടത്തി. 1996ൽ 17-ാം വയസിൽ വാൻകൂറിൽ നടന്ന റിഫോം പാർട്ടി ദേശീയ കൺവെൻഷനിൽ പ്രതിനിധിയായി. അടുത്ത കൊല്ലം ഹെൻറി വൈസ് വുഡ് സ്കൂളിലെ വിദ്യാഭ്യാസം പൂർത്തിയാക്കി.

പത്രപ്രവർത്തകൻ, യുവ തീപ്പൊരി

കാൽഗരി യൂണിവേഴ്സിറ്റിയിൽ പൊളിറ്റിക്സ്, ഇന്റർനാഷണൽ റിലേഷൻസ് ബിരുദ വിദ്യാർത്ഥിയായിരിക്കെ,​ പല ജോലികളും ചെയ്‌തു. കൺസർവേറ്റിവ് ചായ്‌വുള്ള 'ആർബർട്ട റിപ്പോർട്ട് ' എന്ന വാരികയിൽ പത്രപ്രവർത്തകനുമായി.19ാം വയസിൽ ആദ്യമായി പ്രക്ഷോഭരംഗത്തിറങ്ങി. ആൽബർട്ട പ്രവിശ്യാ സെനറ്റിലെ റിഫോം പാർട്ടി സ്ഥാനാർത്ഥിക്കു വേണ്ടി കാമ്പസിൽ പ്രചാരണം നടത്തുന്നത് തടഞ്ഞ വിദ്യാർത്ഥി യൂണിയനെതിരെ ആയിരുന്നു പ്രക്ഷോഭം. കാമ്പസിലെ റിഫോം പാർട്ടിയുടെ തീപ്പൊരി നേതാവായിരുന്നു പോളിയേവ്. യൂണിവേഴ്സിറ്റിയിലെ കൺസർവേറ്റിവ് യുവസംഘടനയായ യംഗ് ടോറീസിന്റെ പ്രസിഡന്റായതോടെ രാഷ്‌ട്രീയ ശ്രദ്ധാ കേന്ദ്രമായി. അനുഗ്രഹമായി ഉജ്ജ്വലമായ പ്രസംഗ വൈഭവവും. 2008ൽ ബി. എ. പാസായതോടെ മുഴുവൻ സമയ രാഷ്‌ട്രീയക്കാരനായി.

ഞാൻ പ്രധാനമന്ത്രി ആയാൽ...

1999ൽ രണ്ടാം വർഷ വിദ്യാർത്ഥി ആയിരിക്കെ,​ 'ഞാൻ പ്രധാനമന്ത്രി ആയാൽ...' എന്ന പ്രബന്ധ മത്സരത്തിൽ 'സ്വാതന്ത്ര്യത്തിലൂടെ കാനഡയെ കെട്ടിപ്പടുക്കുക' എന്ന പോളിയേവിന്റെ പ്രബന്ധത്തിന് 10,000 ഡോളർ സമ്മാനം കിട്ടി. വ്യക്തി സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ച പ്രബന്ധത്തിൽ പാർലമെന്റംഗങ്ങളുടെ കാലാവധി രണ്ട് ടേമായി നിജപ്പെടുത്തണമെന്നും നിർദ്ദേശിച്ചിരുന്നു. 25കൊല്ലം മുമ്പ് കണ്ട സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാൻ പ്രധാനമന്ത്രിപദത്തിന് തൊട്ടരികെ നിൽക്കുകയാണ് ഇപ്പോൾ പോളിയേവ്.


തിഞ്ഞെടുപ്പ് വിജയങ്ങൾ

2004ൽ 25ാം വയസിൽ ഒണ്ടേറിയോ പ്രവിശ്യയിൽ നിന്ന് കൺസർവേറ്റിവ് സ്ഥാനാർത്ഥിയായി പാ‌ർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അന്ന് ഹൗസ് ഓഫ് കോമൺസിലെ ഏറ്റവും പ്രായം കുറഞ്ഞ എം.പിമാർ പോളിയേവും ആൻഡ്രൂ ഷിയറും ആയിരുന്നു. പാർട്ടിയിലെ വമ്പന്മാരെ അദ്ഭുതപ്പെടുത്തിയ ആ വിജയം രാഷ്‌ട്രീയത്തിലും പാർട്ടിയിലും പോളിയേവിന്റെ വളർച്ചയുടെ ചവിട്ടു പടിയായി.

പ്രധാനമന്ത്രി പോൾ മാർട്ടിന്റെ ലിബറൽ സർക്കാർ അവിശ്വാസ വോട്ടിൽ വീണതോടെ 2006ൽ നടന്ന തിരഞ്ഞെടുപ്പിലും പോളിയേവ് ജയിച്ചു. സ്റ്റീഫൻ ഹാർപ്പർ പ്രധാനമന്ത്രിയായി കൺസർവേറ്റിവുകൾ ന്യൂനപക്ഷ സർക്കാർ രൂപീകരിച്ചു. പോളിയേവിനും ശുക്രദശ തെളിഞ്ഞു. 2006 മുതൽ 2013 വരെ വിവിധ പാർലമെന്ററി സെക്രട്ടറി പദവികൾ വഹിച്ചു. 2014 ആദ്യമായി മന്ത്രിയായി. തൊഴിൽ, സാമൂഹ്യക്ഷേമ വകുപ്പായിരുന്നു.

2008ൽ സ്റ്റീഫൻ ഹാർപ്പറിന്റെ ശുപാർശയിൽ പാലമെന്റ് പിരിച്ചു വിട്ടശേഷം നടന്ന തിരഞ്ഞെടുപ്പിലും പോളിയേവ് ജയിച്ചു. വീണ്ടും ഹാർപ്പറുടെ ന്യൂനപക്ഷ സർക്കാർ. പോളിയേവ് പ്രധാനമന്ത്രിയുടെ പാർലമെന്ററി സെക്രട്ടറിയായി.

സർക്കാരിന്റെ സുപ്രധാന സമിതികളെയും ആഗോള ദൗത്യ സംഘങ്ങളെയും നയിച്ച് കൺസർവേറ്റിവ് പാർട്ടിയുടെ രാഷ്‌ട്രീയ കുന്തമുനയായി. പാർട്ടിയുടെ 'വേട്ട നായ' എന്നു വരെ വിശേഷിപ്പിക്കപ്പെട്ടു.

2011ലെ തിരഞ്ഞെടുപ്പിൽ ഹാർപ്പർ അധികാരം നിലനിറുത്തി. പോളിയേവ് വീണ്ടും പാർലമെന്ററി സെക്രട്ടറി. 2013ൽ കാബിനറ്റ് മന്ത്രിയായി. വകുപ്പ് ജനാധിപത്യ പരിഷ്കാരങ്ങൾ. വോട്ടെടുപ്പ്, കുടിയേറ്റക്കാരുടെ വോട്ടവകാശം,ശിശുക്ഷേമം, നികുതി, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ഒട്ടേറെ പരിഷ്കാരങ്ങൾ പോളിയേവ് നടപ്പാക്കി.

2015ലെ തിരഞ്ഞെടുപ്പിൽ ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ സർക്കാർ അധികാരത്തിൽ വന്നതോടെ പോളിയേവ് പ്രതിപക്ഷത്തിന്റെ നിഴൽ മന്ത്രിസഭയിലെ പ്രമുഖനായി. 2022ൽ കൺസർവേറ്റിവ് പാർട്ടി നേതാവായതോടെ പാർലമെന്റിലെ പ്രതിപക്ഷ നേതാവുമായി.

കുടുംബം

സെനറ്റിൽ ജീവനക്കാരി ആയിരുന്ന അനയ്ഡ ഗാലിൻഡോ (37) ആണ് പോളിയേവിന്റെ ഭാര്യ. പ്രെറ്റി ആൻഡ് സ്മാർട്ട് എന്ന ഓൺലൈൻ ഫാഷൻ പ്രസിദ്ധീകരണത്തിന്റെ സ്ഥാപകയാണ് അനയ്‌ഡ. ഇപ്പോൾ പോളിയേവിന്റെ രാഷ്‌ട്രീയ സഹചാരി. ഒരു മകളും മകനുമുണ്ട്.