
ശ്രീനാരായണഗുരുദേവനെക്കുറിച്ചും മറ്റും നിരവധി പുസ്തകങ്ങൾ രചിച്ച സി.ആർ. കേശവൻ വൈദ്യരുടെ സർഗാത്മക വഴികളിലൂടെ മകൻ ഡോ.സി.കെ. രവിയുടെ യാത്രകൾ ഇപ്പോഴും തുടരുകയാണ്. ആതുരശുശ്രൂഷാരംഗത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കു മ്പോൾ തന്നെയാണ് ആത്മകഥാസാഹിത്യത്തെക്കുറിച്ച് ഒരു ലേഖനം അദ്ദേഹം എഴുതിയത്. സാഹിത്യലോകത്തെ സുഹൃത്തുക്കളുടെ നിർബന്ധം കാരണം അദ്ദേഹം ആത്മകഥാ സാഹിത്യത്തെ ആസ്പദമാക്കി ഒരു പുസ്തകം രചിച്ചു, ' ഞാനെന്ന ഭാവം".
വായന കൂടുതലും എഴുത്ത് കുറവുമായിരുന്ന കാലത്തായിരുന്നു ഇന്നേ വരെ ആരും ചെയ്തു കണ്ടിട്ടില്ലാത്ത ആത്മകഥാസാഹിത്യത്തിൽ കൈവെച്ചത്. വലിയ സ്വീകാര്യതയും അപൂർവ്വത കൊണ്ടുളള രചനാസൗകുമാര്യവും ആ ഗ്രന്ഥത്തെ വേറിട്ടുനിറുത്തി. വീണ്ടും പുസ്തകരചനയ്ക്ക് നിർബന്ധിക്കുമ്പോൾ അദ്ദേഹം വിനയാന്വിതനാകും. ഒടുവിൽ, ഒരുപാട് വായിച്ചിട്ടുളള, ഇപ്പോഴും വായിച്ചുകൊണ്ടിരിക്കുന്ന ഗുരുദേവകൃതികളിൽ തന്നെ അദ്ദേഹം കൈവെയ്ക്കുകയാണ്. ഗുരുദേവ കൃതികളുടെ ഒരു ദിശാസൂചിയാകുന്ന പുസ്തകത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം.
'ഞാനെന്ന ഭാവം"എന്ന പുസ്തകത്തിന്റെ ആമുഖക്കുറിപ്പിൽ ഡോ.സി.കെ. രവി ഇങ്ങനെ പറയുന്നുണ്ട്: ''ജീവിച്ചിരിക്കുന്നുണ്ടായിരുന്നെങ്കിൽ ഏറെ സന്തോഷിക്കുമായിരുന്ന എന്റെ മാതാപിതാക്കൾ (സി.ആർ. കേശവൻ വൈദ്യർ, കാർത്ത്യായനിയമ്മ), ജ്യേഷ്ഠൻ മണിലാൽ, എന്നിവരെ വേദനയോടെ സ്മരിക്കുന്നു. പലപ്പോഴും നീണ്ടുപോയ ഇതിന്റെ രചന പൂർണ്ണമായത് ഭാര്യ ഇന്ദിര, മക്കളായ വിവേക്, വിനീത, മരുമകൾ അപർണ്ണ എന്നിവരുടെ സ്നേഹോഷ്മളമായ നിർബന്ധം കൊണ്ടുമാത്രമാണ്. അവരില്ലായിരുന്നെങ്കിൽ 'ഞാനെന്ന ഭാവം' ഉണ്ടാകുമായിരുന്നില്ല. ഈ ചെറിയ സമ്മാനം അവർക്കും പേരക്കുട്ടി പ്രേർണയ്ക്കും നൽകുന്നു....''
പുതിയ ഗ്രന്ഥരചനയ്ക്കു പിന്നിലും ഇങ്ങനെ സ്നേഹനിർബന്ധങ്ങളേറെയുണ്ട്. ആധുനികനേത്രചികിത്സയിൽ ഏറെ തിരക്കിൽ വ്യാപൃതനായിരിക്കുമ്പോഴും ഡോ.സി.കെ. രവിയ്ക്ക് പുസ്തകങ്ങളായിരുന്നു കൂട്ട്. അച്ഛനെഴുതിയ ലേഖനങ്ങളും പുസ്തകങ്ങളും മാത്രമല്ല, ലോകസാഹിത്യങ്ങളും പുതിയ എഴുത്തുകാരുടെ കൃതികളുമെല്ലാംഅദ്ദേഹം വായിച്ചുകൊണ്ടിരുന്നു. ആ വായനയുടെ ഊർജ്ജത്തിലാണ് പുതിയ കൃതി ഒരുങ്ങുന്നത്.
എഴുത്തുകാരുടെ സൗഹൃദവലയം
ചെന്നൈയിൽ ആശാൻ മെമ്മോറിയൽ അസോസിയേഷന്റെ നേതൃനിരയിലുള്ള അദ്ദേഹം അവിടുത്ത സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമാണ്. സ്കൂളുകൾ,എൻജിനീയറിംഗ് കോളേജുകൾ, ഡെന്റൽ കോളേജ് തുടങ്ങിയ സ്ഥാപനങ്ങളുടെയെല്ലാം പ്രസിഡന്റായും പ്രവർത്തിക്കുന്നുണ്ട്. വർഷംതോറും നൽകുന്ന ആശാൻ മെമ്മോറിയൽ പുരസ്കാരം എഴുത്തുകാർക്കുളള വലിയ ബഹുമതിയായി മാറി. മലയാള കവിതയ്ക്ക് നൽകിക്കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പുരസ്കാരമാണിത്. ഡോ. രവിയുടെ നേതൃത്വത്തിലാണ് പുരസ്കാരം നൽകുന്നത്. അവാർഡ് ജേതാവിനെ തീരുമാനിച്ചാൽ ആ കവിയുടെ എല്ലാ പുസ്തകങ്ങളും വായിച്ച് സമഗ്രമായ ഒരു കാഴ്ചപ്പാട് അദ്ദേഹം സ്വാംശീകരിക്കും. വേദിയിൽ അദ്ധ്യക്ഷ പ്രസംഗത്തിൽ അതെല്ലാം ആഴത്തിലും പരപ്പിലും പറയും. അതുകൊണ്ടു തന്നെ സഹൃദയരുടെ വളരെ വലിയ വൃന്ദം ഡോ. രവിയ്ക്ക് ചുറ്റുമുണ്ട്.
കേരളത്തിലെ ഏറ്റവും മികച്ച കലാകാരന്മാരും സാഹിത്യകാരന്മാരും വൈദ്യരുടെ സുഹൃത്തുക്കളായിരുന്നു. അതുപോലെ, ഡോ. സി.കെ.രവിയുടെ സൗഹൃദവലയത്തിലും എഴുത്തുകാരേറെയുണ്ട്. പുത്രനിർവിശേഷമായ സ്നേഹമാണ് പ്രൊഫ.എം.കെ. സാനുവിന് അദ്ദേഹത്തോടുളളത്. സി.രാധാകൃഷ്ണൻ, പദ്മനാഭൻ, സേതു,ദേശമംഗലം രാമകൃഷ്ണൻ, പ്രൊഫ. എം. തോമസ് മാത്യു. അങ്ങനെ നിരവധി പേർ ഡോ.രവിയുടെ സഹയാത്രികരാണ്.
സേതുവിന്റെ ആത്മകഥയിൽ ഡോ.രവിയെ പ്രത്യേകം പറയുന്നുമുണ്ട്. കഥാകൃത്ത് വൈശാഖൻ സഹപാഠിയാണ്. സിനിമാചലച്ചിത്രഗാനമേഖലയിൽ കൈതപ്രം, ദേവരാജൻ കെ.എസ്. സേതുമാധവൻ, ഭരതൻ, മമ്മൂട്ടി, യേശുദാസ്, പി.ജയചന്ദ്രൻ, ഇന്നസെന്റ്, ഐ .എസ്.ആർ.ഒ. ചെയർമാനായിരുന്ന കെ.രാധാകൃഷ്ണൻ,
ഡോ.രാജേന്ദ്രബാബു തുടങ്ങിയ വലിയൊരു നിര ഡോ.രവിക്കൊപ്പമുണ്ടായിരുന്നു, ഇപ്പോഴുമുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ
അമരക്കാരൻ
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ എന്ന പദവി വെറുതെ വഹിക്കുകയല്ല അദ്ദേഹം ചെയ്യുന്നത്. ഔദ്യോഗിക സ്ഥാനത്ത് നിലകൊളളുമ്പോൾ തന്നെ സ്കൂളിലേക്ക് വരികയും കുട്ടികളുടെ ക്ഷേമം അന്വേഷിക്കുകയും കുട്ടികളുമായിട്ട് ഇടപെടുകയും അദ്ധ്യാപകരുടെ ഉയർച്ചയ്ക്കു വേണ്ടിപരിശ്രമിക്കുകയും ചെയ്യുന്നു. കുട്ടികൾക്കെല്ലാം അദ്ദേഹം പ്രിയപ്പെട്ട മാനേജരാണ്, എന്നും.
50 വർഷം കഴിഞ്ഞ ലൈബ്രറിയെ ഒരു കോട്ടവും കൂടാതെയാണ് അദ്ദേഹം നിലനിറുത്തുന്നത്. ലൈബ്രറി കൗൺസിലിന്റെ എ ഗ്രേഡുളള ലൈബ്രറിയാണിത്.
സാഹിത്യ ക്യാമ്പുകൾ അടക്കമുളള പ്രവർത്തനങ്ങളും ഇവിടെ നടത്താറുണ്ട്. ചന്ദ്രിക എജ്യുക്കേഷൻ ട്രസ്റ്റിന്റെ പല പരിപാടികളും സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധേയമായി. സാഹിത്യ സെമിനാറുകളിൽ ഒരിക്കൽ ശ്രദ്ധേയമായത് 22 ഓളം മികച്ച നോവലിസ്റ്റുകൾ മാത്രം പങ്കെടുത്തതായിരുന്നു.
എന്നും ഗുരുവിനെ
പഠിച്ച്...
ഗുരുദേവന്റെ ജ്ഞാന സ്രോതസ്സിലാണ് കേശവൻ വൈദ്യർ സ്നാനം ചെയ്തത്. സമസ്ത നന്മകളിലേക്കും സഞ്ചരിക്കാനുള്ള ത്വര ഗുരുവിൽ നിന്നാണ് അദ്ദേഹത്തിന് കിട്ടിയത്. ഡോ. രവിയ്ക്കും അതേ ചൈതന്യമാണുളളത്. ആദ്യം അച്ഛനിലേക്കും പിന്നീട് ശ്രീനാരായണഗുരുവിലേക്കുള്ള സഞ്ചാരമാണ് ഡോ.രവിയുടെ ജീവിതം.
യാതനകളിൽ നിന്ന് ജീവിതത്തെ കെട്ടിപ്പടുത്തയാളാണ് വൈദ്യർ. അതിലൂടെ അദ്ദേഹം ഉണ്ടാക്കിയെടുത്ത നിലപാടുതറയുണ്ടായിരുന്നു. നരസിംഹസ്വാമികൾ, രാമാനന്ദ സ്വാമികൾ,ധർമ്മതീർത്ഥസ്വാമികൾ എന്നിവരെല്ലാമാണ് വൈദ്യരെ സ്വാധീനിച്ച് പുതിയൊരു മനുഷ്യനാക്കിയത്. ലാളിത്യവും എളിമയുമായിരുന്നു വൈദ്യരുടെ മുഖമുദ്ര. അതുതന്നെയായിരുന്നു ഡോ.രവിയ്ക്കും വെളിച്ചമായത്. അദ്ദേഹം ഇംഗ്ലണ്ടിൽ കുറേ കാലം പഠിക്കുകയും ജോലിചെയ്യുകയും ചെയ്ത്,ഏറ്റവും ആധുനികമായ സൗകര്യങ്ങളിൽ കഴിയുമ്പോഴും അതിന്റെ യാതൊരു ബാദ്ധ്യതകളോ ഭാരമോ ഉണ്ടായില്ല. ലളിതമായി, എളിയ രീതിയിൽ തന്നെയാണ് അദ്ദേഹം ഇംഗ്ലണ്ടിൽ നിന്ന് നാട്ടിലെത്തിയ ശേഷവും ജീവിച്ചത്.
ചെന്നൈയിലെ പ്രശസ്തമായ പോയസ് ഗാർഡനിൽ, പ്രസിദ്ധരുടെ അയൽക്കാരനായി ജീവിക്കുമ്പോഴും ജീവിതത്തിന്റെ ലാളിത്യം ഒരു പ്രഭാവലയം പോലെ ഡോ.രവിയെ പൊതിഞ്ഞുനിന്നു. ശ്രീനാരായണ ദർശനങ്ങളോടും സാഹിത്യത്തോടും അദ്ദേഹത്തിന് വലിയ ആവേശമാണ്. ഗുരുവിനെ സംബന്ധിച്ച് എന്ത് എവിടെ കണ്ടാലും അദ്ദേഹം അത് വാങ്ങുകയും വായിക്കുകയും ചെയ്യും. ഗുരുവിനെക്കുറിച്ച് പഠനം നടത്താത്ത ഒരു ദിവസം പോലും ഉണ്ടാകില്ല. ശ്രീനാരായണ കൃതികളുടെ എല്ലാ പഠനങ്ങളും തേടിപ്പിടിച്ചു കൊണ്ടുവന്ന് അദ്ദേഹം ഇരിങ്ങാലക്കുട ലൈബ്രറിയിൽ സൂക്ഷിക്കുന്നു.
വിദേശയൂണിവേഴ്സിറ്റികളുടെ സഹായത്തോടെ ഗുരുദേവകൃതികളെ ഡിജിറ്റലൈസ് ചെയ്യാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്. കൊളംബിയ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ഗവേഷണത്തിനും ഡിജിറ്റൽ പ്രോഗ്രാമിനും സൗകര്യം ചെയ്തുകൊടുത്തിട്ടുണ്ട്.നിരവധി ഗവേഷകരും പ്രബന്ധം തയ്യാറാക്കുന്നതിനായി വിദ്യാർത്ഥികളും ലൈബ്രറിയിൽ എത്തുന്നു. ഒരു ശ്രീനാരായണ റിസർച്ച് ലൈബ്രറി ആക്കി വളർത്താനുള്ള പരിശ്രമമാണ് അദ്ദേഹത്തിന്റെ മനസ്സിൽ ഉള്ളതെന്ന് ഡോ.രവിയുടെ അടുത്ത സുഹൃത്ത്പി.കെ. ഭരതൻ മാസ്റ്റർ പറയുന്നു.
ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജന. സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഋതംഭരാനന്ദസ്വാമി തുടങ്ങി മറ്റ് സന്യാസിവര്യൻമാരുമായും ഡോ. രവിക്ക് അഭേദ്യമായ ബന്ധമാണ് ഉള്ളത്.
നേത്രചികിത്സയുടെ മുഖവുര
ഞാനെന്ന ഭാവം എന്ന കൃതി ആത്മകഥാസാഹിത്യത്തിന് ഒരു മുഖവുരയാണെങ്കിൽ ആ പുസ്തകമെഴുതിയ ഡോ.സി.കെ.രവി ആധുനികനേത്രചികിത്സയ്ക്ക് ഒരു മുഖവുരയായിരുന്നു. കോങ്കണ്ണ് നിസാരമായ ശസ്ത്രക്രിയയിലൂടെ മാറ്റിയെടുത്ത് അനേകം പേർക്ക് അദ്ദേഹം ആശ്വാസമായിട്ടുണ്ട്. കണ്ണിൽ ലെൻസ് വെയ്ക്കുന്നതിലും വൈദഗ്ധ്യമുണ്ട്. കേരളത്തിലും വിദേശത്തുമായി നിരവധി രോഗികളുടെ കാഴ്ചവൈകല്യങ്ങളെ അദ്ദേഹം ചികിത്സിച്ച് ഭേദമാക്കി. മഹാരാജാസ് കോളേജിലെ പഠനശേഷംതിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസും മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് പി.ജിയും തുടർന്ന് ഇംഗ്ലണ്ടിൽ നിന്ന് ഒഫ്താൽമോളജിയിൽ ഡിപ്ളോമയും അദ്ദേഹം നേടി. ലാൽ മെമ്മോറിയൽ ഹോസ്പിറ്റൽ ഡയറക്ടർ, കേരള സൊസൈറ്റി ഒഫ് ഒഫ്താൽമിക് സർജൻസ് പ്രസിന്റ് തുടങ്ങിയ നിരവധി പദവികൾ വഹിച്ചു. ആശാൻ മെമ്മോറിയൽ അസോസിയേഷൻ (ചെന്നൈ) പ്രസിഡന്റ്, എസ്.എൻ. ജി.ഐ.ടി മാനേജിങ് ട്രസ്റ്റി, എസ്.എൻ ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ, അക്ഷയം ത്രൈമാസികം (ചെന്നൈ) മാനേജിങ് എഡിറ്റർ വിവേകോദയം പത്രാധിപർ, മദ്രാസ് യൂണിവേഴ്സിറ്റി മലയാള വിഭാഗം ഉപദേശക സമിതിയംഗം...അങ്ങനെ നിരവധി പദവികൾ. ഭാര്യ ഇന്ദിര ചെന്നൈയിൽ നിരവധി ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമാണ്.
മകൻ വിവേക് ബിസിനസ് മാനേജ്മെന്റ് പൂർത്തിയാക്കി മാനേജ്മെന്റ് വിദഗ്ധർക്ക് പരിശീലനം നൽകുന്നുണ്ട്. മകൾ വിനീത യു.കെയിൽ നിന്ന് ഇന്റർനാഷണൽ റിലേഷൻസ് വിജയിച്ച ശേഷം ഗവേഷകയും അദ്ധ്യാപികുമാണ്. ചെന്നൈയിലാണ് ഡോ.രവി താമസിക്കുന്നതെങ്കിലും ഇരിങ്ങാലക്കുടയിലെ വസതിയിലേക്ക് ഇടയ്ക്ക് ഓടിയെത്തും. അച്ഛന്റേയും അമ്മയുടേയും സ്മൃതികുടീരവും ഗുരുദേവപ്രതിമ സ്ഥാപിച്ച മണ്ഡപവും വിശാലമായ ലൈബ്രറിയും മനുഷ്യരൊന്നാണെന്ന് അടിവരയിടുന്ന മതമൈത്രീനിലയവുമെല്ലാം ഇരിങ്ങാലക്കുടയിലുണ്ട്. അവിടെയെല്ലാം എത്തുമ്പോഴാണ് ഡോ.രവിയിൽ ജൻമസാഫല്യത്തിന്റെ ചന്ദ്രികാവസന്തം നിറയുന്നത്...
അച്ഛനെന്ന വഴിവിളക്ക്
സി.ആർ കേശവൻ വൈദ്യർ ഒരു എഴുത്തുകാരനുംസാമൂഹ്യ പ്രവർത്തകനും മാത്രമായിരുന്നില്ല. പ്രശസ്ത ആയുർവേദ വൈദ്യൻ, മികച്ച വ്യവസായി, അറിയപ്പെടുന്ന വിദ്യാഭ്യാസ വിചക്ഷണൻ, സമർപ്പിത സാമൂഹിക പരിഷ്കർത്താവ്... അങ്ങനെ ബഹുമുഖവ്യക്തിത്വം. രാമപുരത്ത് നിന്ന് കൂർക്കഞ്ചേരിയിലെത്തിയതാണ് വഴിത്തിരിവായത്.
കൂർക്കഞ്ചേരിയിൽ സ്വാമി രാമാനന്ദയുടെ ശിഷ്യനായി, ആയുർവേദം, സിദ്ധ തുടങ്ങിയ ഇന്ത്യൻ വൈദ്യശാസ്ത്ര സമ്പ്രദായങ്ങൾ പഠിക്കുകയും ആരംഭിക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം ജനങ്ങളുടെ പ്രിയപ്പെട്ട 'കേശവൻ വൈദ്യർ "ആയി. കൂർക്കഞ്ചേരിയിൽ ചികിത്സയ്ക്കെത്തിയരോഗികൾക്ക് ത്വക്ക് രോഗത്തിന് നൽകിയ മരുന്നുകൾ ഏറെ ഫലപ്രാപ്തിയുണ്ടായിരുന്നു.
ആ മരുന്നിനൊപ്പം ശരീരം വൃത്തിയാക്കാൻ ആയുർവേദമരുന്നുകളുടെ ഗുണമുളള ഒരു സോപ്പുകൂടി നിർമ്മിക്കാൻ രാമാനന്ദസ്വാമിയും കേശവൻവൈദ്യരും തീരുമാനിച്ചതോടെയാണ് ചന്ദ്രിക സോപ്പിന്റെ പിറവി. ആദ്യം ശശീന്ദ്രയായിരുന്ന സോപ്പ് പിന്നീട് ചന്ദ്രികയായി. ഇരിങ്ങാലക്കുടയിലേക്ക് വൈദ്യർ താമസം മാറ്റിയതോടെ ചന്ദ്രികസോപ്പ് നിർമ്മാണം ഒരു വ്യവസായം മാത്രമല്ല സാംസ്കാരികപ്രവർത്തനം കൂടിയായി മാറി.
1939ൽ ഇരിഞ്ഞാലക്കുട എന്ന ചെറുപട്ടണത്തിൽ നിന്ന് കേശവൻ വൈദ്യർ 'ചന്ദ്രിക' എന്ന ആയുർവേദ സോപ്പ് നിർമ്മിക്കുമ്പോൾ, ആയുർവേദം അത്ര അറിയപ്പെടുകയോ ഔഷധേതര ഉൽപന്നങ്ങളിൽ ഉപയോഗിക്കപ്പെടുകയോ ചെയ്തിരുന്നില്ല. ചന്ദ്രിക ഉപയോഗിച്ചവർ സുഗന്ധപൂരിതമായ ആ മൂല്യവും നന്മയും മനസ്സിലാക്കി. വളളത്തോൾ, വയലാർ, പി. ഭാസ്കരൻ തുടങ്ങിയവർ ചന്ദ്രികയെകുറിച്ച് കവിതയെഴുതി. പ്രേംനസീർ, ചന്ദ്രിക ഉപയോഗിക്കുന്നതും പരസ്യപ്പെടുത്തി. കേശവൻ വൈദ്യർ ചന്ദ്രിക സോപ്പ് മിക്കവാറും എല്ലാ പടിഞ്ഞാറൻ, മിഡിൽ ഈസ്റ്റേൺ, വിദൂര കിഴക്കൻ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തു. ഇന്ന് പതിനെട്ട് രാജ്യങ്ങളിലേക്ക് ഇരിങ്ങാലക്കുടയിൽ നിന്ന് ചന്ദ്രിക സോപ്പ് കയറ്റി അയയ്ക്കുന്നു.
എല്ലാ സാംസ്കാരിക പ്രസ്ഥാനങ്ങളിലും ചന്ദ്രികയുടെ കൈയൊപ്പ് പതിഞ്ഞു. സാംസ്കാരിക, കലാ, കായികമേഖലകളിലും ചന്ദ്രിക ഇടം പിടിച്ചു. വ്യവസായം ചെയ്യുമ്പോഴുംവൈക്കം സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം തുടങ്ങിയ ചരിത്രപരവും സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ സജീവ പങ്കാളിയായിരുന്നു വൈദ്യർ. ലാൽ മെമ്മോറിയൽ ഹോസ്പിറ്റൽ (ചാരിറ്റബിൾ), നഴ്സിംഗ് സ്കൂൾ, എസ്.എൻ. ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റിയൂട്ട്, എസ്.എൻ. ലോവർ പ്രൈമറി സ്കൂൾ, എസ്.എൻ ഹൈസ്കൂൾ, എസ്.എൻ ഹയർ സെക്കൻഡറി സ്കൂൾ, പൊതു ലൈബ്രറി എന്നിവയും അദ്ദേഹം സ്ഥാപിച്ചു. എസ്എൻഡിപി യോഗം പ്രസിഡന്റ്, ചന്ദ്രിക എജ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ, എസ്എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം, കലാമണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഉണ്ണായി വാര്യർ കലാനിലയം പ്രസിഡന്റ്, ഗുരുവായൂർ ക്ഷേത്ര പുനരുദ്ധാരണ സമിതി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം 1999 നവംബർ 6 ന് 95 വയസിൽ അന്തരിക്കുമ്പോൾ കേരളത്തിലെ അപൂർവ്വ വ്യക്തിത്വമായാണ് അസ്തമിച്ചത്. ആദ്യം മലയാളിയേയും പിൽക്കാലത്ത് മാലോകരേയും മയക്കിയ വാസനസോപ്പോ, ഔഷധസോപ്പോ മാത്രമായിരുന്നില്ല ചന്ദ്രിക.അതൊരു നാടിന്റെ സാംസ്കാരിക വളർച്ചയിലേക്കുള്ള പങ്കാളി കൂടിയായിരുന്നു, കേശവൻ വൈദ്യരുടെ വിശാലഹൃദയം തന്നെയായിരുന്നു. ആ പാദമുദ്രകളിലൂടെ മക്കളും സഞ്ചരിക്കുന്നു.
ചന്ദ്രികയുടെ വളർച്ചയിലെ
അപരശക്തികേന്ദ്രം
ചന്ദ്രികയുടെ വളർച്ചയ്ക്ക് പിന്നിലെ അപര ശക്തികേന്ദ്രം തന്റെ ജ്യേഷ്ഠൻ മണിലാൽ ആയിരുന്നുവെന്ന് ഡോ. രവി പറയുന്നു. സോപ്പിന്റെ നിർമ്മാണം മുതൽ ഉപഭോക്താക്കളുടെ കൈയ്യിൽ എത്തുന്നതുവരെയുള്ള എല്ലാ പ്രക്രിയകളിലും അദ്ദേഹം ശ്രദ്ധാലുവായിരുന്നു. വ്യവസായിക - സാംസ്കാരിക രംഗത്തെല്ലാം അച്ഛന്റെ ആശയങ്ങളും ആഗ്രഹങ്ങളും നിറവേറ്റുന്നതിൽ ജ്യേഷ്ഠൻ അതീവ ശ്രദ്ധാലുവായിരുന്നു. അദ്ദേഹത്തിന്റെ അകാല വിയോഗം വല്ലാത്ത ഒരാഘാതമായിരുന്നു. ഇളയ സഹോദരൻ ജിനൻ ആണ് ബിസിനസ് കാര്യങ്ങൾ ഇപ്പോൾ നോക്കുന്നത്. അച്ഛനുള്ളപ്പോൾ തന്നെ ബിസിനസ് കാര്യങ്ങൾ ജിനനും മറ്റ് കാര്യങ്ങൾ താനും നോക്കാമെന്ന ധാരണയുണ്ടായിരുന്നുവെന്നും ഡോ. രവി ഓർക്കുന്നു.