
തന്റെ പിറന്നാളിന് ലഭിച്ച സ്‌പെഷ്യൽ സമ്മാനത്തെക്കുറിച്ച് സമൂഹമാദ്ധ്യമത്തിൽ പരാമർശിച്ച് നടി ഹണി റോസ്. ഫ്ളവർ പോട്ടിന്റെ രൂപത്തിലുള്ള ഒരു കേക്കും ഹണി റോസ് പിറന്നാൾ ദിനാഘോഷത്തിനിടെ മുറിച്ചിരുന്നു. ഒറിജിനലിനെ വെല്ലുന്ന ഫോണ്ടന്റ് പൂക്കളായിരുന്നു കേക്കിലുണ്ടായിരുന്നത്. കേക്കിന് പ്രത്യേക നന്ദിയെന്നാണ് പിറന്നാളാഘോഷത്തിന്റെ വീഡിയോ പങ്കുവച്ച് ഹണി റോസ് കുറിച്ചത്.
കോട്ടയം കടുതുരുത്തി സ്വദേശിനിയായ ടീനും ഷിജിൻ എന്ന വീട്ടമ്മയാണ് ഹണി റോസിനായി പിറന്നാൾ കേക്ക് തയ്യാറാക്കിയത്. വെള്ള നിറത്തിലെ ഫ്ളവർ പോട്ടിൽ പിങ്ക് നിറത്തിലെ റോസാപൂക്കളാണ് കേക്കിൽ ഒരുക്കിയത്. കേക്ക് സമ്മാനിച്ചപ്പോഴും അതുതന്നെ പിറന്നാൾ ആഘോഷത്തിനിടെ മുറിക്കുമെന്ന് കരുതിയില്ലെന്ന് ടീനു പറയുന്നു. കേക്ക് നന്നായിരുന്നുവെന്ന് താരം മെസേജ് അയച്ചു. ജീവിതത്തിൽ ലഭിച്ച വലിയ നേട്ടങ്ങളിൽ ഒന്നാണതെന്ന് ടീനു പറയുന്നു.

ആർട്ടിഫിഷ്യലായ ഒന്നും കേക്ക് തയ്യാറാക്കുമ്പോൾ ഉപയോഗിക്കാറില്ല. ഹണിക്ക് നൽകിയ കേക്കിലെ റോസാപ്പൂക്കളും ഇലകളും കൈകൊണ്ട് നിർമിച്ചവയാണെന്ന് ടീനു പറഞ്ഞു. ഫ്രഷ് പഴങ്ങൾ ചേർത്താണ് കേക്ക് നിർമിച്ചത്. വെൽവറ്റി വാനില സോസ്, സ്‌മൂത്ത് വൈറ്റ് ചോക്‌ലേറ്റ് സോസ് എന്നിവകൊണ്ട് തയ്യാറാക്കിയ കേക്ക് വിപ്പിംഗ് ക്രീം കൊണ്ട് പൊതിഞ്ഞുവെന്നും ടീനു വെളിപ്പെടുത്തി. ഹണി റോസിനായുള്ള കേക്ക് നിർമിക്കുന്നതിന്റെയും നടിക്ക് സമ്മാനിക്കുന്നതിന്റെയും ദൃശ്യങ്ങൾ ടീനു ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഇവയിപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.