
തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാർ ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയെ മാത്രമല്ല, ആർ.എസ്.എസ് നേതാവ് രാംമാധവിനേയും കണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ബി.ജെ.പി. മുൻ ജനറൽ സെക്രട്ടറികൂടിയായ രാംമാധവുമായി രണ്ടുതവണ എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. കോവളത്തെ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച എന്നും വിവരമുണ്ട്.
രാംമാധവുമായി രണ്ടുതവണ എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തി. എന്തായിരുന്നു കൂടിക്കാഴ്‌ചയുടെ ലക്ഷ്യം എന്ന് വ്യക്തമല്ല. സുരേഷ് ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തൃശ്ശൂരും ഗുരുവായൂരിലുമായി അജിത്ത് കുമാർ സജീവമായിരുന്നുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കാനായി എം.ആര്‍.അജിത്കുമാര്‍ പൂരം കലക്കിയെന്ന് ഇടത് എംഎല്‍എ പി.വി.അന്‍വര്‍ ആരോപിച്ചിരുന്നു.
സംസ്ഥാനത്തിന്റെ ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായ എം.ആര്‍.അജിത് കുമാര്‍ ഔദ്യോഗിക വാഹനം ഒഴിവാക്കി, പകരം വിജ്ഞാനഭാരതി ഭാരവാഹി സ്വയം ഓടിച്ചുവന്ന കാറിലാണ് സ്ഥലത്തെത്തി ഹൊസബാളെയുമായി കൂടിക്കാഴ്‌ച നടത്തിയത്.
സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കൂടിക്കാഴ്ചാ വിവാദം അന്വേഷിക്കും. പൂരം കലക്കിയതാണോ, പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടോ, ആര്‍എസ്എസ് ഇടപെടലുണ്ടോ എന്നിവയാകും അന്വേഷണ സംഘം പരിശോധിക്കുക.
ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്താന്‍ എഡിജിപി സ്വകാര്യ വാഹനത്തില്‍ പോയത് അറിഞ്ഞിട്ടും വിഷയത്തില്‍ സര്‍ക്കാര്‍ കണ്ണടച്ചെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. 2023 മേയ് 22ന് കൂടിക്കാഴ്ച നടന്നെന്നായിരുന്നു തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം വിളിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നത്. കേന്ദ്ര അന്വേഷണം ഏജന്‍സികളുടെ ഇടപെടല്‍ തടയാനായി മുഖ്യമന്ത്രിയുടെ അറിവോടെ കൂടിക്കാഴ്ച നടന്നെന്നും തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താനുള്ള തീരുമാനം ഉള്‍പ്പെടെ ഈ കൂടിക്കാഴ്ചയുടെ ഭാഗമായിരുന്നെന്നുമാണ് വി ഡി സതീശന്റെ ആരോപണം.
ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എം ആര്‍ അജിത് കുമാര്‍ സമ്മതിക്കുകയും ചെയ‌്തു. മുഖ്യമന്ത്രിയുടെ ഓഫീസ് തിരക്കിയപ്പോഴാണ് അജിത്കുമാര്‍ ഇക്കാര്യം സമ്മതിച്ചത്. സ്വകാര്യ സന്ദര്‍ശനമായിരുന്നുവെന്നാണ് വിശദീകരണം.