v

കുർട്ടിൽബ (ബ്രസീൽ): ലോകകപ്പ് ഫുട്ബാൾ യോഗ്യതാ റൗണ്ടിൽ മൂന്ന് തുടർ തോൽവികൾക്ക് ശേഷം വിജയവഴിയിൽ തിരിച്ചെത്തി മുൻ ചാമ്പ്യൻമാരായ ബ്രസീൽ. ഇന്നലെ നടന്ന ലാറ്റിനമേരിക്കയിലെ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ ബ്രസീൽ ഏകപക്ഷീയമായ ഒരുഗോളിന് ഇക്വഡോറിനെ കീഴടക്കി. നാട്ടിൽ നടന്ന മത്സരത്തിൽ 30-ാം മിനിട്ടിൽ റോഡ്രിഗോയാണ് ബ്രസീലിന്റെ വിജയമുറപ്പിച്ച ഗോൾ നേടിയത്. ബോക്സിന് തൊട്ടരികിൽ നിന്ന് റോഡ്രിഗോ തൊടുത്ത ഷോട്ട് ഇക്വഡോർ താരത്തിന്റെ ദേഹത്ത് തട്ടിയതോടെ കണക്കൂകൂട്ടൽ തെറ്റിയ ഇക്വഡോർ ഗോളിയെ കാഴ്ചക്കാരനാക്കി വലയ്ക്കകത്താവുകയായിരുന്നു.

ജയത്തോടെ ആറിൽ നിന്ന് ബ്രസീൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു. 7 മത്സരങ്ങളിൽ നിന്ന് അവർക്ക് 10 പോയിന്റാണുള്ളത്. ഇക്വഡോർ ആറാം സ്ഥാനത്താണ്. മറ്റ് മത്സരങ്ങളിൽ ഉറുഗ്വെയും പരാഗ്വെയും ഗോളടിക്കാതെയും കൊളംബിയയും പെറുവും 1-1നും സമനിലയിൽ പിരിഞ്ഞു.