virudhar

ഉത്സവപ്പറമ്പുകളിൽ വെടിക്കെട്ടിനിടെ അമിട്ടുകൾക്ക് തീ കൊളുത്തുമ്പോൾ പേടിച്ച് പലരും ചെവി പൊത്തും. കുഞ്ഞുങ്ങളുടെ ചെവിയും അമ്മമാർ പൊത്തിപ്പിടിക്കും. ഒടുവിൽ അമിട്ട് ഓലപ്പടക്കം പോലെ തലകുത്തി താഴേക്ക്. പിറ്റേന്നു രാവിലെ പിള്ളേർ ആളൊഴിഞ്ഞ ഉത്സവപ്പറമ്പിൽ ചികഞ്ഞു നടക്കുമ്പോഴാവും 'ചിക്" ശബ്ദവും പുകയും... പിള്ളേര് പേടിച്ചോടും. പിന്നെയും ഇടയ്ക്കിടെ പൊട്ടലും ചീറ്റലുമായി പടക്കം ഭീതി പരത്തും. ഒടുവിൽ വെള്ളമൊഴിച്ച് കനൽ കെടുത്തും. അതുപോലെയാണ് 'അൻവർ ബോംബി"ന്റെ ഗതിയും.

ഭരണപക്ഷ സ്വതന്ത്ര എം.എൽ.എ. പിണറായി സഖാവിന്റെ ഉറ്റ തോഴൻ. കാണിക്കുന്ന കുണ്ടാമണ്ടികൾക്ക് കൈയും കണക്കുമില്ല. നാവിനും ബ്രേക്കില്ല. പോരിനൊപ്പം ഗാന്ധി എന്ന വാക്ക് ഉപയോഗിക്കുന്ന രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധന നടത്തണമെന്നുവരെ പറഞ്ഞ കക്ഷിയാണ്. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നായിരുന്നു അന്ന് അതിനോടുള്ള പിണറായി സഖാവിന്റെ പ്രതികരണം. ആ പ്രോത്സാഹനം ഒടുവിൽ ഭസ്മാസുരന് വരം കൊടുത്തതു പോലെയായി.

മുഖ്യമന്ത്രിയുടെ ഓഫീസിലെ മുടിചൂടാമന്നനായ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെയും സൂപ്പർ ഡി.ജി.പിയായ എ.ഡി.ജി.പി അജിത് കുമാറിനെയും ലക്ഷ്യമാക്കി എറിഞ്ഞ അൻവർ ബോംബും നനഞ്ഞ ഓലപ്പടക്കമായി. പിണറായി സഖാവുമായുള്ള അവരുടെ 'ഇരിപ്പുവശം" തന്നെ കാരണം. മല പോലെ വന്നത് എലി പോലെയായി. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെയും വെല്ലുന്ന എഡി.ജി.പി സ്വർണ്ണക്കടത്തിന്റെ പേരിൽ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും, അതിനെല്ലാം കൂട്ടുനിൽക്കുന്ന പി. ശശി മുഖ്യമന്ത്രിയെ കുഴിയിൽ ചാടിക്കുന്നുവെന്നും പിണറായി സഖാവിനെ 'അടിയൻ ലച്ചിപ്പോം"എന്നും വരെ അൻവർ പറഞ്ഞു.

അതോടെ, ശൂല ബാധിച്ച കുട്ടി പാൽപ്പായസം കണ്ടതു പോലെയായി പ്രതിപക്ഷവും, പത്ര, ചാനൽ മാദ്ധ്യമങ്ങളും. 'അവന്മാർ അത്രയ്ക്കായോ? എല്ലാവനെയും ഇപ്പം ശരിയാക്കിക്കളയു"മെന്ന് പിറ്റേന്ന് കോട്ടയത്ത് പൊലീസുകാരുടെ സമ്മേളനത്തിൽ പിണറായി സഖാവ് പ്രഖ്യാപിക്കുകയും ചെയ്തതോടെ സംഗതി കുശാലായി. ശശിയും അജിത് കുമാറും തെറിച്ചതുതന്നെയെന്ന് പലരും മനപ്പായസമുണ്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് ശുദ്ധിയാക്കി ചാണക വെള്ളം തളിക്കാൻ പോകുന്നു!

കോട്ടയത്തു നിന്ന് മുഖ്യമന്ത്രി തലസ്ഥാനത്ത് തിരിച്ചെത്തിയതോടെ അൻവറിന്റെ കൊട്ടാര വിപ്ളവം പൊളിഞ്ഞു. എ.ഡി.ജി.പി അജിത് കുമാറിനെതിരായ ആരോപണങ്ങൾ അദ്ദേഹത്തെ ക്രമസമാധാന ചുമതലയിൽ നിലനിറുത്തിക്കൊണ്ടു തന്നെ ഡി.ജിപിയും കീഴുദ്യോഗസ്ഥരും അന്വേഷിക്കും. കീഴുദ്യോഗസ്ഥർ മേലുദ്യോഗസ്ഥനു മുന്നിലെത്തി സല്യൂട്ട് ചെയ്ത ശേഷം അദ്ദേഹത്തെ ചോദ്യം ചെയ്യണം. സ്വന്തം കോൺഫിഡൻഷ്യൽ റിപ്പോർട്ടിൽ അദ്ദേഹത്തിന്റെ ചുവപ്പു വര വീഴാതെ നോക്കുകയും വേണം. അൻവറിന്റെ ഭാഷയിൽ പറഞ്ഞാൽ, ഹെഡ്മാസ്റ്ററെക്കുറിച്ച് ക്ളാർക്കും, പ്യൂണും അന്വേഷിക്കുന്നതു പോലെ!

പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും പരാതിയുടെ പകർപ്പ് നൽകി അൻവർ പുറത്തിറങ്ങിയതോടെ പി. ശശി വിരുദ്ധർക്കും മാദ്ധ്യമങ്ങൾക്കും വീണ്ടും ആവേശമായി. പാർട്ടി സെക്രട്ടേറിയറ്റ് ചേരുന്നു,​ ചില തലകൾ ഇതാ ഉരുളാൻ പോകുന്നു...! അവിടെയും ഫലം നിരാശ. ഡി.ജി.പിയുടെ അന്വേഷണം ആദ്യം നടക്കട്ടെയെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം കൈയടിച്ച് പാസാക്കി ചായ കുടിച്ചു പിരിഞ്ഞു. പാർട്ടി എം.എൽ.എ സ്ഥാനത്ത് ഇരുന്നുകൊണ്ട് അൻവർ പത്രക്കാരോട് ഇതൊക്കെ വിളിച്ചുപറഞ്ഞത് ശരിയായില്ലെന്ന് വിമർശനവും. വാദി പ്രതിയായി. പി. ശശിക്കെതിരായ പരാമർശം പോലും പരാതിയിൽ അൻവർ വിഴുങ്ങിയെന്ന് ഗോവിന്ദൻ മാഷ്. അതിനും അൻവറിന് മറുപടിയുണ്ട്. ശശിയെക്കുറിച്ചുള്ള പരാതി മുഖ്യമന്ത്രിക്കു കൊടുത്താൻ ഉടനെ അത് ശശിക്കു തന്നെ കൈമാറും. പിന്നെ ചവറ്റുകൊട്ടയിലേക്ക്. ഒരു ചുക്കും നടക്കില്ല!



പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്തു കാര്യം? ആർ.എസ്.എസിന്റെ ദേശീയ നേതാക്കൾ കേരളത്തിലെത്തുന്ന തക്കം നോക്കി എ.ഡി.ജി.പി അജിത് കുമാർ പാഞ്ഞെത്തുന്നത് എന്തിന്?​ 2023 മേയിൽ തൃശൂരിലെത്തിയ ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബളെയെ കാണാനെത്തിയത് എ.ഡി.ജി.പിയുടെ കോട്ടും തൊപ്പിയുമൊക്കെ ഊരിവച്ച്, പൊലീസ് വാഹനവും ഉപേക്ഷിച്ച് സിവിൽ ഡ്രസിൽ,​ സ്വകാര്യ കാറിൽ! ആർ.എസ്.എസുകാരുടെ കാക്കി നിക്കറും ധരിച്ചിരുന്നോ എന്നത് വ്യക്തമല്ല. എന്തായാലും, ഇടതുമുന്നണി സർക്കാരിന്റെ ദൂതുമായി അജിത് കുമാറിനെ പറഞ്ഞയയ്ക്കേണ്ട കാര്യമില്ല. മോദി സർക്കാർ പണം തരാതെ പിടിച്ചു വയ്ക്കുന്ന കാര്യമാണെങ്കിൽ അതിൽ ഇടപെടാൻ കാരണവരായ തോമാച്ചനെ ചെല്ലും ചെലവും കൊടുത്ത് ഡൽഹിയിൽ വച്ചിട്ടുണ്ടുണ്ടല്ലോ.

പിന്നാലെ വരുന്നു,​ അടുത്ത വെടി. ആർ.എസ്.എസ് ദേശീയ വക്താവായിരുന്ന റാം മാധവിനെ ഇതേ എ.ഡി.ജി.പി കഴിഞ്ഞ ഡിസംബറിൽ കോവളത്തെത്തിയും കണ്ടു! സംസ്ഥാന സർക്കാർ ആറുതവണ ശുപാർശ ചെയ്തിട്ടും അജിത്കുമാറിന് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ കിട്ടിയില്ല. കാരണം സ്വന്തം കൈയിലിരിപ്പെന്ന് പൊലീസിലെ ചിലർ. ഡി.ജി.പിയുടെ തൊപ്പിയാണ് ലക്ഷ്യം. അതിന് രാഷ്ട്രപതിയുടെ മെഡൽ കൂടി കിട്ടണം. പിണറായി സഖാവും പി. ശശി സഖാവും കൂടെയുള്ളപ്പോൾ സീനയോറിറ്റി മറികടക്കൽ പ്രശ്നമാവില്ല. പക്ഷേ, പ്രതിപക്ഷത്തിന്റെ കുന്തമുന ലക്ഷ്യമാക്കുന്നത് പിണറായിയെയാണ്. ലാവലിൻ കേസും സ്വർണക്കടത്ത് കേസും മറ്റും ഒതുക്കാനുള്ള പിണറായിയുടെ ദൂതനായിട്ടായിരുന്നു അജിത് കുമാറിന്റെ സന്ദർശനമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറയുന്നത്.



പിണറായി സഖാവിനും സി.പി.എമ്മിനുമെതിരെ അരുതാത്തതു പലതും കേട്ടിട്ടും,'ഞങ്ങൾ ഈ നാട്ടുകാരല്ലെന്നു" പറഞ്ഞ് കടിച്ചുപിടിച്ചു നിന്ന സി.പി.ഐക്കാർക്കും ഒടുവിൽ ക്ഷമയുടെ നെല്ലിപ്പലക ഇളകിയിരിക്കുന്നു. കഴിഞ്ഞ തൃശൂർ പൂരം കലങ്ങിയത് എസ്.പിയായിരുന്ന അങ്കിത് അശോകിന്റെ മൊട കാരണമാണെന്നാണ് കരുതിയിരുന്നത്.പക്ഷേ, 'മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗി" പുറത്തു വന്നിരിക്കുന്നു. തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിനായി അജിത്കുമാർ ഇടപെട്ടാണ് പൂരം കലക്കിയതെന്ന് അൻവർ‌ പറഞ്ഞതാണ്.

പക്ഷേ, പിടിച്ചതിലും വലുത് മാളത്തിലുണ്ടത്രെ. പിണറായിയുടെ ദൗത്യമാണ് അജിത് കുമാർ നിറവേറ്റിയതെന്നും യഥാർത്ഥ പൂരംകലക്കി പിണറായി വിജയനാണെന്നും സതീശൻ പറയുന്നത് എങ്ങനെ അവിശ്വസിക്കും? അല്ലെങ്കിൽപ്പിന്നെ, അജിത്കുമാറിനെ അദ്ദേഹവും പാർട്ടിയും തള്ളിപ്പറയാത്തതെന്ത്? ഇനിയും ചവിട്ടും കുത്തും കൊള്ളാതെ ഇടതിലെ പൊറുതി മതിയാക്കി വലതിലേക്കു ചാടിയാലോ? രണ്ടും ഇന്ത്യാ മുന്നണിയല്ലേ? അള മുട്ടിയാൽ ചേരയും കടിക്കും!

നുറുങ്ങ്:

സംസ്ഥാന കോൺഗ്രസിലും വനിതകൾക്ക് ഉയരണമെങ്കിൽ ചില നേതാക്കളുടെ പ്രീതി പിടിക്കണമെന്ന് പുറത്താക്കപ്പെട്ട നേതാവ് സിമി റോസ്ബെൽ ജോൺ.

 ഹേമ മോ‌ഡൽ കമ്മിറ്റി കെ.പി.സി.സിയിലും വേണ്ടി വരുമോ?

വിദുരരുടെ ഫോൺ : (99461 08221)