manikanton

ചാലക്കുടി: ചാലക്കുടി, അരണാട്ടുകര എന്നിവിടങ്ങളിൽ നിന്നായി 5,885 ലിറ്റർ സ്പിരിറ്റ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു. ഒരു സ്ത്രീയടക്കം മൂന്ന് പേർ അറസ്റ്റിലായി. അരണാട്ടുകര ലാലൂരിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 5,500 ലിറ്റർ സ്പിരിറ്റാണ് തൃശൂർ റൂറൽ ജില്ലാ പൊലീസ് സൂപ്രണ്ട് നവനീത് ശർമ്മയുടെ നേതൃത്വത്തിൽ പിടിച്ചത്.

ഇവിടെയുണ്ടായിരുന്ന വാടാനപ്പിള്ളി സ്വദേശി മണികണ്ഠൻ (45) ഇയാളുടെ ഭാര്യ എന്നിവരെ അറസ്റ്റ് ചെയ്തു. ദേശീയ പാതയിലൂടെ കാറിൽ കടത്തിയ 385 ലിറ്റർ സ്പിരിറ്റ് പോട്ട സിഗ്‌നൽ ജംഗ്ഷനിൽ വച്ചും അന്വേഷണ സംഘം പിടിച്ചെടുത്തു. കാറോടിച്ചിരുന്ന ഈരാറ്റുപേട്ട തിടനാട് സ്വദേശി മുണ്ടക്കൽ വീട്ടിൽ സച്ചുവിനെയാണ് (32) ഇവിടെ വച്ച് അറസ്റ്റ് ചെയ്തത്. അരണാട്ടുകരയിൽ നിന്ന് അങ്കമാലി ഭാഗത്തേയ്ക്ക് കാറിൽ കടത്തിയ സ്പിരിറ്റാണ് സാഹസികമായി പൊലീസ് പിടിച്ചത്. ഓണക്കാലത്ത് തൃശൂർ, എറണാകുളം ജില്ലകളിലെ ബാറുകളിൽ വിതരണം ചെയ്യാനുള്ള സ്പിരിറ്റാണ് അരണാട്ടുരയിൽ സൂക്ഷിച്ചിരുന്നതെന്ന് പൊലീസിന് വ്യക്തമായി.

അറസ്റ്റിലായ മണികണ്ഠൻ വാടാനപ്പിള്ളിയിൽ സി.പി.എം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലുൾപ്പെടെ രണ്ട് കൊലക്കേസിലെ പ്രതിയാണ്.
ബി.ജെ.പിക്കാരനായ ഇയാൾ മറ്റ് ക്രിമിനൽ കേസിലും പ്രതിയാണ്. അരണാട്ടുകരയിൽ ആറ് മാസം മുമ്പാണ് ഇയാൾ വീട് വാടകയ്‌ക്കെടുത്തത്. സ്പിരിറ്റ് ശേഖരണത്തിലും വിതരണത്തിലും ഭാര്യയായിരുന്നു സഹായി. ചാലക്കുടി ഡിവൈ.എസ്.പി കെ.സുമേഷും സംഘവും ചേർന്നാണ് പോട്ടയിൽ സ്പിരിറ്റ് വേട്ട നടത്തിയത്.

അതിവേഗത്തിൽ വന്നിരുന്ന ഒരു വാഹനത്തെക്കുറിച്ച് അറിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോട്ട ആശ്രമം സിഗ്‌നൽ ജംഗ്ഷനോട് ചേർന്ന് നടത്തിയ വാഹന ചെക്കിംഗിനിടെയാണ് കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിൽ സ്പിരിറ്റ് ശേഖരം കണ്ടെടുത്തത്. പ്രതികളെ അറസ്റ്റ് ചെയ്യാനും അന്വേഷണ സംഘത്തിലും അതിരപ്പിള്ളി സി.ഐ വി.ബിജു, തൃശൂർ വെസ്റ്റ് സി.ഐ പി.ലാൽ കുമാർ, ചാലക്കുടി സബ് ഇൻസ്‌പെക്ടർ അൽബിൻ തോമസ് വർക്കി, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം.മൂസ, വി.യു.സിൽജോ, പി.ഐ.ദിനേശ്, എ.യു.റെജി, എം.ജെ.ബിനു, ഷിജോ തോമസ്, കെ.കെ.മഹേഷ്, ചാലക്കുടി പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഹരിശങ്കർ പ്രസാദ് ,സീനിയർ സിവിൽ പൊലീസ് ഓഫീസർ ആൻസൻ പൗലോസ്, സി.പി.ഒമാരായ കെ.എം.സനോജ്, ശ്യാം ചന്ദ്രൻ, സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ മുരുകേഷ് കടവത്ത്, സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസർ സി.ബി.ഷെറിൽ, ജില്ലാ ഇന്റലിജന്റ്‌സ് ഓഫീസർ ഒ.എച്ച്.ബിജു എന്നിവരും ഉണ്ടായിരുന്നു.