
കിഴക്കമ്പലം: കിഴക്കമ്പലത്തെ മെഗാമാർട്ടിന് മുന്നിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ച കേസിലെ മൂന്ന് പ്രതികളെ പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. കലൂർ ചിറ്റേപ്പറമ്പിൽ ഹാരിസ് (പരുന്ത് ഹാരിസ് - 36 ), കാക്കനാട് തൂതിയൂർ പൂതംപിള്ളിൽ ലിജേഷ് (ടിക്കോള - 38), പാലാരിവട്ടം തമ്മനം പുളിക്കൽ വിഷ്ണു (27) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 30ന് കടയുടെ മുന്നിൽ സ്കൂട്ടർ പാർക്ക് ചെയ്തശേഷം സാധനം വാങ്ങി തിരിച്ചിറങ്ങുന്നതിനിടയിലാണ് മോഷണം നടന്നത്. സി.സി ടിവി ദൃശ്യങ്ങൾ പോലും ലഭിക്കാതെ വന്നതോടെ വഴിമുട്ടിയ അന്വേഷണം ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് നടത്തിയത്. എറണാകുളത്തെ ലോഡ്ജിൽ നിന്നുമാണ് പ്രതികൾ പിടിയിലായത്.
ഹാരിസിനെതിരെ എറണാകുളം സെൻട്രൽ, നോർത്ത്, പാലാരിവട്ടം, തടിയിട്ടപറമ്പ്, കുട്ടമ്പുഴ, കുഴൽമന്ദം സ്റ്റേഷനുകളിലായി 15 കേസുണ്ട്. കഴിഞ്ഞ ഏപ്രിൽ മുതൽ ഒരു വർഷത്തേക്ക് കാപ്പ ചുമത്തി ജില്ലയിൽ നിന്ന് നാടുകടത്തിയതാണ്.
നിരവധി കേസുകളിലെ പ്രതിയായ ലിജേഷ് ഒരാഴ്ച മുമ്പാണ് മോഷണക്കുറ്റത്തിന് കാക്കനാട് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഇയാൾ തൃക്കാക്കര പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ടയാളാണ്. മോഷ്ടിച്ച സ്‌കൂട്ടർ കടവന്ത്രയിൽ നിന്ന് കണ്ടെടുത്തു.
എ.എസ്.പി മോഹിത് റാവത്ത്, കുന്നത്തുനാട് ഇൻസ്‌പെക്ടർ വി.പി. സുധീഷ്, എസ്.ഐ ടി.എസ്. സനീഷ്, സ്പെഷ്യൽ സ്ക്വാഡിലെ എ.എസ്.ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒ മാരായ മനോജ് കുമാർ, കെ.ആർ. പ്രിയ, ടി.എ. അഫ്‌സൽ, വർഗീസ് ടി. വേണാട്ട്, ബെന്നി ഐസക്ക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.