
ഹാനോയ്: വിയറ്റ്‌നാമിൽ കനത്ത നാശംവിതച്ച് ഉഷ്ണമേഖലാ കൊടുങ്കാറ്റായ 'യാഗി". 4 പേർ മരിച്ചു. 78 പേർക്ക് പരിക്കേറ്റു. 50,000 പേരെ ഒഴിപ്പിച്ചു. ഇന്നലെ രാവിലെ വടക്കൻ വിയറ്റ്നാമിൽ കരതൊട്ട യാഗി കൊടുങ്കാറ്റ് ഹായ് ഫോംഗ്, ക്വാംഗ് നിൻ പ്രവിശ്യകളിൽ മണിക്കൂറിൽ 203 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിച്ചു.
മരങ്ങൾ കടപുഴകി വീണു. നിരവധി വീടുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടം സംഭവിച്ചു. തലസ്ഥാനമായ ഹാനോയ് അടക്കം പ്രധാന നഗരങ്ങളിലെല്ലാം വൈദ്യുതി തടസപ്പെട്ടു. രാത്രിയോടെ കാറ്റിന്റെ വേഗത മണിക്കൂറിൽ 102 കിലോമീറ്ററായി ചുരുങ്ങി. യാഗി ഇന്ന് വൈകിട്ട് ലാവോസിലേക്ക് നീങ്ങുമെന്നാണ് പ്രവചനം.
വെള്ളിയാഴ്ച ചൈനയിലെ ഹൈനാൻ ദ്വീപിൽ വീശിയ യാഗി 3 പേരുടെ ജീവൻ കവർന്നിരുന്നു. 100ഓളം പേർക്ക് പരിക്കേറ്റു. ഈ വർഷം ഏഷ്യയിൽ വീശുന്ന ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് യാഗി.