
ആലപ്പുഴ : ഹോട്ടലിലെ മലിനജലം സംസ്കരിക്കുന്ന പദ്ധതിയുടെ പരീക്ഷണം വിജയം. ഹരിത കേരള മിഷന്റെ മേൽനോട്ടത്തിൽ സ്ക്വാസ് സൊലൂഷൻസാണ് സാങ്കേതിക വിദ്യ അവതരിപ്പിച്ചത്. പയ്യന്നൂർ സ്വദേശിയും കമ്പ്യൂട്ടർ വിദഗ്ദ്ധനുമായ ഡോ.ഹരീഷ് നമ്പ്യാരാണ് ചെലവ് കുറവും ലളിതവുമായ പദ്ധതിക്ക് പിന്നിൽ. വാഷിംഗ് മെഷീൻ പ്രവർത്തിപ്പിക്കുന്ന ചെലവിൽ യന്ത്രം പ്രവർത്തിപ്പിക്കാമെന്നാണ് ഉത്പാദകരുടെ അവകാശവാദം.
നിലവിൽ അമൃത് പദ്ധതിയുടെ സ്റ്റാർട്ടപ്പ് ആയി തെരഞ്ഞെടുത്തിട്ടുളള സ്ക്വാസ് സൊലൂഷൻ കോഴിക്കോട് നഗരത്തിൽ കനാൽ ശുദ്ധീകരണ പ്രവർത്തനത്തിന്റെ പരീഷണത്തിലാണ്. കേരളീയം, ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള എന്നിവയിലെയും എറണാകുളം ജി.സി.ഡി.എ യിലെയും പാചകപ്പുരകളിലെ മലിനജലം ഫലപ്രദമായി ശുദ്ധീകരിക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിരുന്നു.
സ്ഥലസോകര്യമുള്ള ഹോട്ടലുകളിൽ സംവിമാനം സ്ഥാപിക്കാല കഴിയും. സൗകര്യമില്ലാത്ത ഹോട്ടലുകളിലെ മലിനജലം സംസ്കരിക്കാൻ മൊബൈൽ സംവിധാനവുമുണ്ടാകും.
യന്ത്രത്തിന്റെ പ്രവർത്തനപ്രദർശനത്തിന് ശേഷം നടന്ന സംശയ നിവാരണ സെഷനിൽ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിഷൻ ജില്ലാ പ്രസിഡന്റ് മനാഫ് എസ്.കുബാബ അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ രാജേഷ്,
നഗരസഭ ചെയർപേഴ്സൺ കെ.കെ ജയമ്മ, സ്ഥിരം സമിതി ചെയർപേഴ്‌സൺ കവിത, സെക്രട്ടറി മുംതാസ് , ഹെൽത്ത് ഇൻസ്‌പെക്ടർ വർഗീസ്, എൻവയോൺമെന്റ് എൻജിനീയർ സ്മിത സി.വി തുടങ്ങിയവർ പങ്കെടുത്തു.
അവശിഷ്ടം കാർഷികാവശ്യത്തിന്
 ജലത്തിലെ 90ശതമാനം മാലിന്യവും നീക്കംചെയ്യാൻ ഈ സംവിധാനത്തിലെ ധാതുക്കളുടെ മിശ്രിതം വഴി കഴിയും
 മലിന ജലത്തിലേക്ക് പൊടിരൂപത്തിലുള്ള മിശ്രിതം ചേർത്ത് മോട്ടോർ ഉപയോഗിച്ച് ശക്തമായി ഇളക്കും
 ഈ സമയം ജലത്തിൽ അലിഞ്ഞ് ചേർന്നിട്ടുള്ള ഖരമാലിന്യങ്ങൾ അവക്ഷിപ്തമായി മാറും
 സ്ക്രൂ പ്രസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇതിനെ കേക്കാക്കി മാറ്റും
 ഇങ്ങനെ ലഭിക്കുന്ന അവക്ഷിപ്തവും സംസ്കരണശേഷമുളള ജലവും കാർഷികാവശ്യങ്ങൾക്ക് ഉപയോഗിക്കാം
പ്രതിദിനം ആറായിരം ലിറ്റർ വെള്ളം സംസ്കരിക്കുന്ന പ്ളാന്റിന് ചെലവ് : 2 ലക്ഷം രൂപ
മൊബൈൽ പ്ളാന്റിലെ സംസ്കരണത്തിന് : ലിറ്ററിന് 30 പൈസ
ഒരു വാഷിംഗ് മെഷീൻ പ്രവർത്തിപ്പിക്കുന്നതിന്റെ ചെലവിൽ ജല ശുദ്ധീകരണം നടത്താനാകുന്ന ഈ സംവിധാനത്തോട് സഹകരിക്കും
- മനാഫ് എസ്.കുബാബ, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്