parassinikadavu

തളിപ്പറമ്പ്: പറശ്ശിനി മുത്തപ്പനെ നേരിൽ കണ്ട് ദുബായ് സ്വദേശി . സൈദ് മുഹമ്മദ് ആയില്ലാലാഹി അൽ നഖ്ബിയാണ് ഇന്നലെ പുലർച്ചെ തിരുവപ്പനയേയും മുത്തപ്പൻ വെള്ളാട്ടത്തെയും സന്ദർശിച്ച് അനുഗ്രഹം വാങ്ങിയത്.

കീച്ചേരി സ്വദേശിയായ രവീന്ദ്രന്റെ സ്പോൺസർ ആയ സൈദ് മുഹമ്മദ് ആയില്ലാലാഹി അൽ നഖ്ബി നേരത്തെ മൂന്നുതവണ കേരളത്തിലെത്തിയിരുന്നെങ്കിലും പറശ്ശിനി മടപ്പുര സന്ദർശിക്കണമെന്ന ആഗ്രഹം സാധിച്ചിരുന്നില്ല. രവീന്ദ്രനിൽ നിന്നാണ് മലബാറിന്റെ ജനകീയ ദൈവമായ മുത്തപ്പന്റെ കെട്ടിയാട്ടത്തെക്കുറിച്ച് ഇദ്ദേഹം അറിഞ്ഞത്. മടപ്പുരയിലെ പ്രസാദമായ പുഴുങ്ങിയ ചെറുപയറും ചായയും കുടിച്ച് പറശ്ശിനിയുടെ പ്രകൃതിസൗന്ദര്യം ആസ്വദിച്ചാണ് അറബി ഇവിടെ നിന്നും മടങ്ങിയത്.

കഴിഞ്ഞ 34 വർഷമായി രവീന്ദ്രൻ ദുബായിൽ സൈദ് മുഹമ്മദ് ആയില്ലാലാഹി അൽ നഖ്ബിയുടെ കടയിൽ ജോലിക്കാരനാണ്. മടപ്പുരയിൽ സൈദ് മുഹമ്മദ് ആയില്ലാലാഹി അൽ നഖ്ബിയെ കമ്മറ്റിഭാരവാഹികൾ സ്വീകരിച്ചു. കടൽകടന്നുവന്ന അതിഥിയെ ഹൃദ്യമായ വായ്മൊഴിയിലൂടെ അനുഗ്രഹം ചൊരിഞ്ഞാണ് മുത്തപ്പനും സ്വീകരിച്ചത്.

പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം മലബാറിലെ എല്ലാ വിഭാഗം ജനങ്ങളും സന്ദർശിക്കുന്ന ഇടമാണ്. ജാതിമഭേദമില്ലാതെ ഭക്തർ ഇവിടെ വരും. കണ്ണൂരിൽ നിന്ന് 20 കിലോമീറ്റർ അകലെ വളപട്ടണം പുഴയുടെ തീരത്താണ് ഈ ക്ഷേത്രം. ശ്രീ മുത്തപ്പൻ എന്ന ശൈവ സങ്കല്പത്തിലധിഷ്ഠിതമായ ദൈവരൂപത്തെയാണ് പ്രാർത്ഥിക്കുന്നത്. വെള്ളാട്ടം, തിരുവപ്പന എന്നിങ്ങനെ രണ്ടുപ്രധാന അനുഷ്ഠാനങ്ങൾ ഈ ക്ഷേത്രത്തിൽ പ്രധാന വഴിപാടാണ്.