പള്ളിക്കൽ: പ്ലാസ്റ്റിക്ക് മാലിന്യമുക്തമാക്കാൻ പരിശ്രമിക്കുന്ന ഹരിതകർമ്മസേനയ്ക്ക് പരിഭവങ്ങളേറെ. കോളനി പ്രദേശങ്ങളിലേതുൾപ്പെടെ പലവീടുകളിൽ നിന്നും യൂസർഫീ കൃത്യമായി ലഭിക്കുന്നില്ല. പ്ലാസ്റ്റിക്ക് മാലിന്യങ്ങളൊന്നുമില്ല എന്ന കാരണത്താൽ മുഖം കറുപ്പിക്കുന്ന മില്ലുടമകളും സ്വകാര്യ ഓഫീസ് സ്ഥാപനങ്ങളിലെ തൊഴിലാളികളും നിലവിലുണ്ടെന്നാണ് സേനാംഗങ്ങൾ പറയുന്നത്. സംസ്ഥാന സർക്കാർ നിശ്ചയിച്ചിട്ടുള്ള യൂസർഫീ വീടുകൾക്ക് 50ഉം കടകൾക്ക് 100 രൂപയുമാണ്.
നിലവിലെ മാലിന്യ ശേഖരണ രീതി
പഞ്ചായത്ത് വാർഡുകളിൽ രണ്ടിൽ കുറയാത്ത സേനാംഗങ്ങൾ ഗൃഹസന്ദർശനത്തിലൂടെ ശേഖരിക്കുന്ന മാലിന്യങ്ങൾ തലച്ചുമടായും ചെറുവാഹനങ്ങളിലുമായി വാർഡുകളിൽ സ്ഥാപിച്ചിട്ടുള്ള എം.സി.എഫുകളിൽ കൊണ്ടുപോയി സൂക്ഷിക്കുന്നു. ശേഖരണം കഴിഞ്ഞാൽ ഒരു പഞ്ചായത്ത് കേന്ദ്രീകൃത സ്ഥലത്ത് മാലിന്യങ്ങൾ വേർതിരിക്കുന്നു. ശേഷം ഇവ സർക്കാർ അംഗീകാരമുള്ള ക്ലീൻ കേരളയോ സ്വകാര്യ കമ്പനികളോ കൊണ്ടുപോകുന്നു. ഉപയോഗയോഗ്യമായ പ്ലാസ്റ്റിക്കിന് ലഭിക്കുന്നതിനേക്കാൾ കൂടുതൽ തുക അവർക്ക് നൽകിയാലേ ഉപയോഗശൂന്യമായവ പൂർണമായും പഞ്ചായത്തുകളിൽ നിന്ന് നീക്കം ചെയ്യാനാവൂ.
വേതന വ്യവസ്ഥ
വാർഡുകളിൽ നിന്ന് ലഭിക്കുന്ന യൂസർഫീയുടെ 10 ശതമാനം പഞ്ചായത്ത് അടിസ്ഥാനത്തിൽ രൂപീകരിച്ചിട്ടുള്ള കൺസോഷ്യത്തിൽ നിക്ഷേപിച്ച് ബാക്കിതുക സേനാംഗങ്ങൾ വീതിക്കും. യൂസർഫീ വളരെക്കുറച്ചു ലഭിക്കുന്ന വാർഡിലെ സേനാംഗങ്ങൾക്ക് വേതനവും കുറയും.
ആവശ്യങ്ങൾ
മാലിന്യങ്ങൾ ശേഖരിച്ച് എത്തിക്കുന്നതിനായി സേനയ്ക്ക് സ്വന്തമായി വാഹനം ആവശ്യമാണ്
എല്ലാ വാർഡുകളിലും എം.സി.എഫ് സ്ഥാപിക്കണം
അംഗങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പുവരുത്തണം
സേനാംഗങ്ങളുടെ വേതനം ഏകീകരിക്കണം