hi

കിളിമാനൂർ: ഓണത്തെ വരവേൽക്കാനൊരുങ്ങി വിനോദ സഞ്ചാര കേന്ദ്രങ്ങൾ. പ്രതികൂല കാലാവസ്ഥയും വികസനങ്ങൾ ഇല്ലായ്മയുമെല്ലാം കാരണം കഴിഞ്ഞ കുറേ നാളുകളായി സഞ്ചാരികൾ ഇല്ലാതിരുന്ന കേന്ദ്രങ്ങളെല്ലാം ആവശ്യംവേണ്ട നവീകരണ പ്രവർത്തനങ്ങൾ കഴിഞ്ഞ് സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു.

കടലുകാണിപ്പാറ

സംസ്ഥാന പാതയിൽ കാരേറ്റ് നിന്നും 5 കിലോമീറ്റർ സഞ്ചരിച്ചാൽ പുളിമാത്ത് പഞ്ചായത്തിലെത്താം. അവിടെ താളിക്കുഴിക്ക് സമീപമാണ് കടലുകാണിപ്പാറ. കിഴക്ക് സഹ്യാദ്രിക്കും പടിഞ്ഞാറ് അറബിക്കടലിനും അഭിമുഖമായി ആനയുടെ ആകൃതിയിൽ പരസ്പരം തൊടാത്ത ആറ് കൂറ്റൻ പാറകളാണിവിടം. അറബിക്കടലും അതിലൂടെയുള്ള കപ്പലുകളും ഇവിടെ നിന്നാൽ കാണാം. പാറയിൽ നിന്ന് 50 അടി താഴ്ചയിൽ ഒരു ഗുഹാക്ഷേത്രവും ഇവിടെ സ്ഥിതി ചെയ്യുന്നു.

മീൻമുട്ടി

കുമ്മിൾ, പഴയകുന്നുമ്മൽ പഞ്ചായത്തുകൾക്ക് അതിരുകളിൽ ഇരുന്നൂടി എന്ന ഗ്രാമത്തിലാണ് മീൻമുട്ടി. കണ്ണീർ പോലെ ശുദ്ധമായ കാട്ടരുവി ഇവിടെ പാറക്കെട്ടുകൾക്ക് മുകളിലൂടെ 50 അടിയോളം താഴ്ചയിലേക്ക് പതിക്കുന്നു. വെള്ളച്ചാട്ടത്തിന് താഴെ മീനുകൾ പാറകളിൽ മുട്ടിയുരുമ്മി നിൽക്കുന്ന കാഴ്ച വളരെ മനോഹരമാണ്. അതിനാലാണ് ഈ വെള്ളച്ചാട്ടത്തിന് മീൻമുട്ടിയെന്ന് പേര് ലഭിച്ചത്.

കിളിമാനൂർ കൊട്ടാരവും

രവിവർമ്മ സാംസ്കാരിക നിലയവും

രാജാരവിവർമ്മയുടെ ജന്മഗൃഹമായ കിളിമാനൂർ കൊട്ടാരം തേടിയും അദ്ദേഹത്തെ അറിയാനും ചിത്രങ്ങൾ കാണാനും നിരവധി പേരിവിടെ എത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ചിത്രങ്ങളും ഓർമ്മകളും നിലനിർത്തുന്ന സാംസ്കാരിക നിലയവും ഇവിടെത്തന്നെയാണ്.

ജഢായു എർത്ത് സെന്റർ

തിരുവനന്തപുരം -കൊല്ലം ജില്ലാതിർത്തിയിൽ സമുദ്ര നിരപ്പിൽ നിന്നും 750 അടി ഉയരത്തിലും 250 അടി നീളത്തിലും 200 അടി വീതിയിലും ആയിരം കോടി ചിലവിൽ നൂറ് ഏക്കറിൽ പുരാണവും ഐതിഹ്യവും സാഹസിക വിനോദവും ഹെൽത്ത് ടൂറിസവും പിൽഗ്രിം ടൂറിസവുമൊക്കെയായി സംസ്ഥാനത്ത് ആരംഭിച്ച ആദ്യ ഹെലികോപ്ടർ ടൂറിസം പദ്ധതി.

വെള്ളാണിക്കൽപ്പാറ

വെള്ളാണിക്കൽ പാറയ്ക്ക് ഏറെ ഐതിഹ്യങ്ങളുടെ കഥ പറയാനുണ്ട്. സമീപത്തായി നിലവിൽ സ്ഥിതി ചെയ്യുന്ന ആയിരവല്ലി ക്ഷേത്രം ഗോത്രവർഗക്കാർ ആരാധന നടത്തുന്ന കേരളത്തിലെ അപൂർവം ക്ഷേത്രങ്ങളിലൊന്നാണ്. ഇവിടെനിന്ന് വേങ്കമല ക്ഷേത്രവുമായി ബന്ധിപ്പിക്കുന്ന 14 കിലോമീറ്റർ ഗുഹ പാതയുമുണ്ട്. മാണിക്കൽ, പോത്തൻകോട് പഞ്ചായത്തുകളിലായി സ്ഥിതിചെയ്യുന്ന വെള്ളാണിക്കൽപ്പാറ സംസ്ഥാന ടൂറിസം ഭൂപടത്തിൽ ഇടം നേടേണ്ട ഒന്നാണ്.

തമ്പുരാൻ - തമ്പുരാട്ടിപ്പാറ

വെമ്പായത്തിന് സമീപം പാറയ്ക്ക് മുകളിലെത്തിയാൽ മഞ്ഞും കാറ്റും നിറഞ്ഞ അന്തരീക്ഷമാണ്. ഇവിടെ നോക്കിയാൽ തിരുവനന്തപുരം, കഴക്കൂട്ടം നഗരങ്ങളും കടലും കാണാൻ സാധിക്കും. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 700 മീറ്ററോളം ഉയരത്തിൽ 15 ഓളം വിസ്തൃതിയിലാണ് പാറകൾ സ്ഥിതി ചെയ്യുന്നത്. പാറയ്ക്ക് മുകളിൽ കൊടുംവേനലിലും വറ്റാത്ത നീരുറവയാണ് ഇവിടത്തെ സവിശേഷത. സാഹസിക വിനോദത്തിന് പറ്റിയ സ്ഥലം.