phone-apps

ലോൺ ആപ്പുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകളും ഓൺലൈൻ തട്ടിപ്പുകളും വ്യാപകമാവുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേരള പൊലീസ്. സ്വന്തമായി ഇൻസ്റ്റാൾ ചെയ്യാത്ത സംശയകരമായ ആപ്പുകൾ ഫോണിൽ കണ്ടെത്തിയാൽ ഉടൻതന്നെ അവ നീക്കം ചെയ്യണമെന്നാണ് നിർദേശം. ഇത്തരം ആപ്പുകളിലൂടെ ഒടിപി ഉൾപ്പെടെ വിലപ്പെട്ട വിവരങ്ങൾ ചോർന്നുപോകാൻ സാദ്ധ്യതയുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് മുന്നറിയിപ്പ് നൽകിയത്.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (ഗോൾഡൻ അവർ) തന്നെ വിവരം അറിയിക്കാനുള്ള നമ്പർ കഴിഞ്ഞദിവസം പൊലീസ് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ വിവരമറിയിക്കാം. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിനിരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാദ്ധ്യത കൂടുതലാണെന്നും പൊലീസ് വ്യക്തമാക്കുന്നു.

കേരളത്തിൽ ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാവുകയാണ്. ടാസ്‌കുകൾ ചെയ്താൽ ഉയർന്ന ലാഭം ലഭിക്കുമെന്ന് പറഞ്ഞ് യുവതിയുടെ 9.58 ലക്ഷം തട്ടിയെടുത്തെന്ന പരാതിയിൽ കണ്ണൂർ സൈബർ പൊലീസ് കഴിഞ്ഞദിവസം കേസെടുത്തു.

ടെലിഗ്രാം വഴി ഒരു സന്ദേശം വരികയും യുവതി അതിന് മറുപടി നൽകുകയും ചെയ്തു. ആദ്യം മൂന്ന് ടാസ്‌കുകൾ നൽകുകയും അത് പൂർത്തീകരിച്ചപ്പോൾ ലാഭവിഹിതം നൽകി യുവതിയുടെ വിശ്വാസം പിടിച്ചു പറ്റുകയുമായിരുന്നു. ലാഭവിഹിതമൊന്നും ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായെന്ന് മനസിലാക്കിയത്. തുടർന്ന് സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിലൂടെ അഭിഭാഷകന് നഷ്ടമായത് 42 ലക്ഷം രൂപയാണ്. തിരുവനന്തപുരം പോത്തൻകോട് നന്നാട്ടുകാവ് മുറമേൽ ഹിൽവ്യു ഹൗസിൽ അഡ്വ.ഷാജിയെയാണ് കബളിപ്പിച്ചത്. വാട്സാപ്പിലൂടെ സൗഹൃദം സ്ഥാപിച്ചായിരുന്നു തട്ടിപ്പ്.