
ദുൽഖർ സൽമാൻ നായകനായി സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന കാന്താ എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഭാഗ്യശ്രീ ബ്രോസ് ആണ് നായിക. തെലുങ്കിൽ യുവനടിമാരിൽ ശ്രദ്ധേയയായ ഭാഗ്യശ്രീ ബ്രോസ് യാരിയൻ 2 എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. മിസ്റ്റർ ബച്ചനിൽ രവിതേജയുടെ നായികയായിരുന്നു.
വേഫെറെർ ഫിലിംസും റാണ ദഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയുമായി ചേർന്നാണ് നിർമ്മാണം. മലയാളം, തമിഴ്, തെലുങ്ക് , ഹിന്ദി ഭാഷകളിൽ ആണ് കാന്താ ഒരുങ്ങുന്നത്.
റാണ ദഗുബാട്ടിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നാണ് വിവരം. ലൈഫ് ഒഫ് പൈ ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ച സെൽവമണി സെൽവരാജും ദുൽഖർ സൽമാനും ഒരുമിക്കുന്ന ചിത്രത്തിന് പ്രതീക്ഷകൾ ഏറെയാണ്.
കാന്താ പൂർത്തിയാക്കിയശേഷം ദുൽഖർ മലയാളത്തിൽ അഭിനയിക്കും. ആർഡി എക്സിന്റെ വമ്പൻ വിജയത്തിനുശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ സൽമാനാണ് നായകൻ. ദുൽഖറിന്റെ വേഫെറർ ഫിലിംസാണ് നിർമ്മാണം. നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിംഗ് ഒഫ് കൊത്തക്കു ശേഷം ദുൽഖർ മലയാളത്തിൽ അഭിനയിച്ചിട്ടില്ല.ഒരു വർഷമായി ദുൽഖർ മലയാളത്തിൽ അഭിനയിച്ചിട്ട്.ദുൽഖറിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായിരുന്നു കിംഗ് ഒഫ് കൊത്ത. എെശ്വര്യ ലക്ഷ്മിയാണ് നായികയായി എത്തിയത്.