t

ഇംഫാൽ: അക്രമങ്ങൾ വീണ്ടും പൊട്ടിപ്പുറപ്പെട്ടതോടെ സ്ഥിതി അതിരൂക്ഷമായ മണിപ്പൂരിൽ അതീവ ജാഗ്രത. ജിരിബാം ജില്ലയിൽ വെടിവയ്പ് തുടരുകയാണ്. മുഖ്യമന്ത്രി എൻ.ബിരേൻ സിംഗ് അടിയന്തര ഉന്നതതല യോഗം വിളിച്ചു. ഡ്രോൺ,​ റോക്കറ്റ് ആക്രമണങ്ങൾ വർദ്ധിച്ചതിലുള്ള ആശങ്ക നിലനിൽക്കെ ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യയെ കണ്ട് സ്ഥിതിഗതികൾ അറിയിച്ചു.

സുരക്ഷാ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന സേനാവിഭാഗങ്ങളുടെ ഏകീകൃത കമാൻഡിൽ സംസ്ഥാന സർക്കാരിന് കൂടുതൽ അധികാരം വേണമെന്ന് ഗവർണർക്ക് അപേക്ഷ സമർപ്പിച്ചു. നിലവിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും സൈന്യവും സംസ്ഥാന സുരക്ഷാ സേനയുമാണ് യൂണിഫൈഡ് കമാൻഡിനെ നിയന്ത്രിക്കുന്നത്.

സൈനിക ഓപ്പറേഷൻ നിറുത്തിവയ്ക്കാൻ കുക്കി വിമത ഗ്രൂപ്പുമായുണ്ടാക്കിയ കരാർ റദ്ദാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. 20 എം.എൽ.എമാർക്കൊപ്പമാണ് ഗവർണറെ കണ്ടത്. രാജ്ഭവനിൽ ഒരു മണിക്കൂറോളം ചർച്ച നടത്തി.സ്ഥിതി വിലയിരുത്താൻ അടിയന്തര മന്ത്രിസഭായോഗവും ചേർന്നു.

അതിനിടെ,​ ഇംഫാൽ വിമാനത്താവളത്തിന് സമീപം കഴിഞ്ഞ ദിവസം രാത്രി ഡ്രോൺ എത്തിയതായി റിപ്പോർട്ടുണ്ട്. കനത്ത സുരക്ഷയാണ് ഇവിടെ. സംഘർഷം തുടരുന്ന പ്രദേശങ്ങളിൽ സൈന്യം നിരീക്ഷണം ശക്തമാക്കി. കഴിഞ്ഞ ദിവസം ജിരിബാം ജില്ലയിൽ കുക്കി, മെയ്‌തി വിഭാഗങ്ങൾ തമ്മിലുണ്ടായ വെടിവെയ്പിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്.

ഇതിൽ പതിനാറ് വയസിന് താഴെ പ്രായമുള്ള ഒരു കുട്ടിയുമുണ്ടെന്നാണ് വിവരം. വീട്ടിൽ ഉറങ്ങിക്കിടന്ന വൃദ്ധനെ വെടിവച്ച് കൊന്നു.

ഡ്രോൺ ആക്രമണങ്ങൾ ചെറുക്കാൻ നിരീക്ഷണം ശക്തമാക്കിയതായി പൊലീസ് വ്യക്തമാക്കി.

സംഘർഷ മേഖലയിൽ വൻ പൊലീസ് സംഘത്തെ വിന്യസിച്ചെങ്കിലും ആക്രമണം തുടരുകയാണ്.
മണിപ്പൂർ കലാപത്തിൽ ഇതുവരെ 240 പേർ മരിച്ചെന്നാണ് സർക്കാർ കണക്ക്. ഇടയ്ക്ക് സംഘർഷങ്ങൾക്ക് നേരിയ അയവുണ്ടായിരുന്നെങ്കിലും വീണ്ടും രൂക്ഷമായിരിക്കുകയാണ്.

ആൾക്കൂട്ടത്തിന് വിലക്ക്

സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് ജിരിബാം ജില്ലയിൽ ആൾക്കൂട്ടത്തിന് വിലക്കേർപ്പെടുത്തി. അഞ്ച് പേരിൽ കൂടുതൽ പേർ ഒരു സ്ഥലത്ത് ഉണ്ടാകരുതെന്ന് നിർദ്ദേശിച്ചു. ആയുധം കൈവശം വയ്ക്കാനും നിരോധനമുണ്ട്.