methil-devika

കൊച്ചി: നടനും സിപിഎം എംഎല്‍എയുമായ മുകേഷിനെതിരായ ലൈംഗിക ആരോപണത്തില്‍ പ്രതികരിച്ച് നര്‍ത്തകിയും മുന്‍ ഭാര്യയുമായ മേതില്‍ ദേവിക. ഒരു മാദ്ധ്യമത്തോട് സംസാരിക്കവേയാണ് അവര്‍ നിലപാട് വ്യക്തമാക്കിയത്. ആരോപണത്തിന്റെ ഉദ്ദേശം വളരെ സംശയാസ്പദമാണെന്നാണ് മേതില്‍ ദേവിക അഭിപ്രായപ്പെട്ടത്.

'കേസില്‍ മുകേഷിന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചു. ഈ പ്രത്യേക ആരോപണത്തില്‍, എനിക്ക് സത്യം അറിയാമെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹം പുറത്തുവന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഞാന്‍ ഒരിക്കലും മുന്‍വിധി കല്‍പ്പിക്കാറില്ല. പക്ഷെ ഈ പ്രത്യേക ആരോപണത്തിന്റെ ഉദ്ദേശ്യം വളരെ സംശയാസ്പദമാണ്' - മേതില്‍ ദേവിക പറഞ്ഞു.

മുകേഷുമായുളള ദാമ്പത്യ ജീവിതം വേര്‍പിരിഞ്ഞുവെങ്കിലും ഇപ്പോഴും അദ്ദേഹവുമായി നല്ല സൗഹൃദമാണ് തനിക്കുള്ളത്, ശത്രുക്കളായി കഴിയേണ്ട സാഹചര്യമില്ല. നിയമപരമായി, ഇനിയും നിരവധി നടപടിക്രമങ്ങള്‍ ചെയ്യാനുണ്ട്. എന്നാല്‍ ഒരു ഭാര്യ എന്ന നിലയില്‍ ഞാന്‍ ആ ബന്ധത്തില്‍ നിന്ന് പൂര്‍ണ്ണമായും പിന്മാറി' എന്നും അഭിമുഖത്തില്‍ മേതില്‍ ദേവിക പറഞ്ഞു.

'ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ യഥാര്‍ത്ഥ ആരോപണങ്ങളും വ്യാജ ആരോപണങ്ങളും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കൂടുതല്‍ ബുദ്ധിമുട്ടായിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഇക്കാലത്ത് ആര്‍ക്കും ആര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിക്കാം. ആരെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ആണായാലും പെണ്ണായാലും ഗുരുതരമായ ശിക്ഷ നേരിടേണ്ടിവരും. റിപ്പോര്‍ട്ടിന്റെ പിന്നിലെ മുഴുവന്‍ ലക്ഷ്യവും നിസ്സാരമായി കാണരുതെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഗൗരവം കാണാതെ പോകരുതെന്നും മേതില്‍ ദേവിക അഭിപ്രായപ്പെട്ടു.