
ഡീലർഷിപ്പുകളിൽ വില്ക്കാതെ ശേഷിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ വാഹനങ്ങൾ
കൊച്ചി: ഡീലർഷിപ്പുകളിൽ കെട്ടികിടക്കുന്ന വാഹനങ്ങളുടെ എണ്ണം കുതിച്ചുയരുന്നതിനാൽ വിപുലമായ ഇളവുകളും അധിക ആനുകൂല്യങ്ങളും ലഭ്യമാക്കി പ്രതിസന്ധിയിൽ നിന്ന് കരകയറാനാവാതെ പ്രമുഖ വാഹന ഡീലർമാർ വലയുന്നു. സാമ്പത്തിക മേഖലയിലെ തളർച്ച മൂലം ഉപഭോക്താക്കൾ വാങ്ങൽ തീരുമാനം നീട്ടുന്നതിനാൽ മുൻപൊരിക്കലുമില്ലാത്ത അനിശ്ചിതത്വത്തിലൂടെയാണ് വാഹന ഡീലർമാർ കടന്നുപോകുന്നത്. വിവിധ ഡീലർമാരുടെ കൈവശം വില്ക്കാതെ അവശേഷിക്കുന്ന വാഹനങ്ങളുടെ എണ്ണത്തിൽ ആഗസ്‌റ്റിൽ റെക്കാഡ് വർദ്ധനയാണ് ദൃശ്യമായത്. ഓണം മുതൽ തുടങ്ങുന്ന ഉത്സവ കാലയളവിൽ വലിയ ഓഫറുകൾ പ്രഖ്യാപിച്ചാൽ പ്രതിസന്ധി ശക്തമാകുമെന്നാണ് ഡീലർമാരുടെ വിലയിരുത്തൽ.
ഫാക്ടറികളിലെ ഉത്പാദനം കൂടുന്നതിന് അനുസരിച്ച് റീട്ടെയിൽ വില്പന മെച്ചപ്പെടാത്തതാണ് വിപണിയിൽ അനിശ്ചിതത്വം ശക്തമാക്കുന്നത്. ഡീലർഷിപ്പുകളിൽ വില്പന നേടാതെ കെട്ടിക്കിടക്കുന്ന വാഹനങ്ങളുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലത്തിലാണ്. ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്റെ(ഫഡാ) കണക്കുകളനുസരിച്ച് നിലവിൽ ഒരു ലക്ഷം കോടി രൂപയ്‌ക്കടുത്ത് മൂല്യമുള്ള ഒൻപത് ലക്ഷം വാഹനങ്ങളാണ് ഡീലർമാരുടെ പക്കൽ അവശേഷിക്കുന്നത്.
ജൂലായ് തുടക്കത്തിൽ 65 മുതൽ 67 ദിവസം വരെയാണ് വാഹന വില്പനയ്ക്ക് സമയമെടുത്തിരുന്നത്. എന്നാൽ ഇപ്പോൾ വില്പനയ്ക്കെടുക്കുന്ന സമയം 80 ദിവസം വരെ ഉയർന്നുവെന്ന് ഫഡാ പ്രസിഡന്റ് മനീഷ് രാജ് സിംഗാനിയ പറയുന്നു. രാജ്യത്തെ പല ഡീലർമാർക്കും വൻ വെല്ലുവിളിയാണ് പുതിയ സാഹചര്യം സൃഷ്ടിക്കുന്നത്. ഉത്സവകാലത്തിൽ ഉപഭോക്താക്കൾ അധിക ആനുകൂല്യങ്ങൾ പ്രതീക്ഷിക്കുന്നുവെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം ഡീലർമാർക്ക് ഇളവ് നൽകാൻ കഴിയുന്നില്ല. പരമാവധി 30 ദിവസത്തിനുള്ളിൽ വില്പന പൂർത്തിയാക്കുന്ന തരത്തിൽ കമ്പനികൾ ഉത്പാദനം നിജപ്പെടുത്തണമെന്നും ഫഡാ ആവശ്യപ്പെടുന്നു.
ആഗസ്റ്റിൽ രാജ്യത്തെ യാത്രാ വാഹനങ്ങളുടെ വില്പനയിൽ വിവിധ ഡീലർഷിപ്പുകളിൽ 4.5 ശതമാനം ഇടിവാണുണ്ടായത്. ഉത്പാദനം കുറയ്‌ക്കാൻ മാരുതി സുസുക്കി ഉൾപ്പെടെയുള്ള കമ്പനികൾ നടപടികൾ സ്വീകരിച്ചെങ്കിലും വിൽക്കാത്ത വാഹനങ്ങളുടെ എണ്ണം കുത്തനെ കൂടുകയാണ്.
വില്പനയിൽ ഇടിവുമായി വമ്പൻമാർ
ആഗസ്റ്റിൽ രാജ്യത്തെ മുൻനിര വാഹന കമ്പനികളായ മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, ഹ്യുണ്ടായ് എന്നിവയുടെ വില്പനയിൽ വലിയ ഇടിവുണ്ടായി. മാരുതി ഡീലർഷിപ്പുകളിൽ വാഹന വില്പനയിൽ 8.5 ശതമാനം ഇടിവുണ്ടായി. ഹ്യുണ്ടായ് വില്പനയിൽ 12.9 ശതമാനം കുറവുണ്ടായി. ടാറ്റ മോട്ടോഴ്സ് ഡീലർമാരുടെ വില്പന 2.7 ശതമാനം കുറഞ്ഞു.