mall
മാളിന് ഉള്ളില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ നിന്ന്‌

കറാച്ചി: ഒരു ഷോപ്പിംഗ് മാള്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ അത് ആ പ്രദേശത്തിന്റെ തന്നെ ആകെ മുഖച്ഛായയെ മാറ്റും. അനുബന്ധമായി നിരവധി പേര്‍ക്ക് തൊഴിലും ലഭിക്കുമെന്നതിനാല്‍ തന്നെ ലോകത്ത് എവിടെയും ഷോപ്പിംഗ് മാളുകള്‍ക്ക് വലിയ സ്വകാര്യത ലഭിക്കാറുണ്ട്. പുതിയ മാളുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ കസ്റ്റമേഴ്‌സിനായി ചില ഓഫറുകള്‍ പ്രഖ്യാപിക്കുന്നത് ഒരു നാട്ടുനടപ്പുമാണ്. എന്നാല്‍ ആഘോഷപൂര്‍വം ഉദ്ഘാടനം നടത്തി അതേ ദിവസം തന്നെ അടച്ച് പൂട്ടേണ്ടി വന്ന ഒരു മാളിന്റെ ദുരന്തകഥയാണ് പാകിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയില്‍ നിന്ന് വരുന്നത്.

ഒരു വിദേശ വ്യവസായിയാണ് തന്റെ നാട്ടില്‍ ഒരു മാള്‍ നിര്‍മിച്ചത്. താന്‍ ബിസിനസ് നടത്തി സമ്പാദിച്ച പണം ഉപയോഗിച്ച് വളരെ കാലത്തെ ആഗ്രഹത്തെത്തുടര്‍ന്നാണ് മാള്‍ നിര്‍മിച്ചത്. എന്നാല്‍ ആദ്യ ദിവസം ഉപഭോക്താക്കളെ മാളിലേക്ക് ആകര്‍ഷിക്കാന്‍ നടത്തിയ ചില പ്രഖ്യാപനങ്ങളാണ് അടച്ച് പൂട്ടുന്നതിലേക്ക് കാര്യങ്ങളെ എത്തിച്ചത്. സാധനങ്ങള്‍ക്ക് പകുതിയില്‍ അധികം വിലക്കുറവ് പ്രഖ്യാപിച്ചതോടെ നിയന്ത്രിക്കാന്‍ കഴിയുന്നതില്‍ കൂടുതല്‍ മാളിലേക്ക് ഇരച്ച് കയറുകയായിരുന്നു.

ആദ്യ ദിനത്തില്‍ തിരക്ക് പരിഗണിച്ച് പൊലീസിന്റേയും സെക്യൂരിറ്റി ജീവനക്കാരുടേയും സുരക്ഷ ഒരുക്കിയിരുന്നു. എന്നാല്‍ ആളുകള്‍ ഇതിനെയെല്ലാം തകിടംമറിച്ച് മാളിനുള്ളിലേക്ക് എത്തി അവിടെയുണ്ടായിരുന്ന സാധനങ്ങള്‍ എടുത്തുകൊണ്ട് പോകുകയായിരുന്നു. പരസ്യമായി മാള്‍ കൊള്ളയടിക്കുകയായിരുന്നു ആള്‍കൂട്ടം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കാര്യങ്ങളാണ് മാളിനുള്ളില്‍ നടന്നത്. കാറാച്ചിയിലെ ഗുലിസ്ഥാന്‍ ഇ ജൊഹാര്‍ മാളിലാണ് വിചിത്രമായ സംഭവങ്ങള്‍ അരങ്ങേറിയത്. തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരെ ജനക്കൂട്ടം മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് വിവരം.