railway

കൊച്ചി: അമൃത് ഭാരത് റെയില്‍വേ സ്റ്റേഷനുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേരളത്തിലെ നിരവധി റെയില്‍വേ സ്റ്റേഷനുകളാണ് വികസിപ്പിക്കുന്നത്. വിവിധ ജില്ലകളിലെ പ്രധാനപ്പെട്ട സ്റ്റേഷനുകള്‍ എയര്‍പോര്‍ട്ട് മോഡലില്‍ മുഖം മിനുക്കാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടനെ തന്നെ ആരംഭിക്കും. അമൃത് സ്റ്റേഷനുകളുടെ പട്ടികയില്‍ ഇടംപിടിച്ചത് നിരവധി ഉപഗ്ര സ്റ്റേഷനുകളാണ്. ഇത്തരത്തില്‍ എറണാകുളം ജില്ലയിലെ ആലുവ റെയില്‍വേ സ്റ്റേഷനും അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കാന്‍ ഒരുങ്ങുകയാണ് റെയില്‍വേ.

നേരത്തെ തന്നെ എറണാകുളം ടൗണ്‍, എറണാകുളം ജംഗംഷന്‍ റെയില്‍വേ സ്റ്റേഷനുകള്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്താനും വിമാനത്താവള മാതൃകയില്‍ വികസിപ്പിക്കുന്നതിന് രൂപരേഖ ഉള്‍പ്പെടെ തയ്യാറാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ആലുവ റെയില്‍വേ സ്‌റ്റേഷനും മുഖം മിനുക്കാന്‍ തയ്യാറെടുക്കുന്നത്. പ്രധാന കവാടവും ലിഫ്റ്റും, എസ്‌കലേറ്ററും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ആലുവയില്‍ നവീകരിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് സ്റ്റേഷന്‍ നവീകരണവുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്.

പ്രധാന കവാടത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള പദ്ധതിക്ക് വിശദമായ ഡിപിആര്‍ തയ്യാറാക്കാനാണ് ഉന്നതതല യോഗത്തിലെ തീരുമാനം. മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സിസ്റ്റം ഒരുക്കുന്നതിനുള്ള സാദ്ധ്യതയും പരിശോധിക്കാന്‍ തീരുമാനമായി. സ്‌റ്റേഷനിലെ പാര്‍ക്കിംഗ് സൗകര്യത്തിലെ അപര്യാപ്തത ആലുവയെക്കുറിച്ച് കാലങ്ങളായി നിലനില്‍ക്കുന്ന പരാതിയാണ്. ആലുവയില്‍ വന്ദേഭാരത് ട്രെയിന് സ്റ്റോപ്പ് അനുവദിക്കുന്നതിനായി റെയില്‍വേ ബോര്‍ഡിനോട് പ്രത്യേക ആവശ്യം ഉന്നയിക്കും എന്നും ഉന്നത തല യോഗത്തില്‍ തീരുമാനിച്ചു.

വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ ഉപയോഗിക്കുന്ന സ്‌റ്റേഷനായതിനാല്‍ തന്നെ പ്രധാനപ്പെട്ട ട്രെയിനുകള്‍ക്ക് ആലുവയില്‍ സ്റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം.