
കൊച്ചി: വാഹന വിപണിയിലെ കടുത്ത പ്രതിസന്ധി മറികടക്കാൻ പ്രമുഖ വാഹന നിർമ്മാതാക്കളായ വോക്‌സ്‌വാഗൻ ജർമ്മനിയിലെ നിർമ്മാണ ഫാക്ടറികൾ പൂട്ടുന്നു. 87 വർഷത്തിനിടെയിലെ ചരിത്രത്തിനിടയിൽ ഇതാദ്യമായാണ് വോക്‌സ്‌വാഗൻ മാതൃ രാജ്യമായ ജർമ്മനിയിലെ ഫാക്ടറിയുടെ പ്രവർത്തനം നിറുത്തുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് കമ്പനി ചെലവ് ചുരുക്കൽ നടപടികളിലേക്ക് നീങ്ങുന്നത്. 2029 വരെ തൊഴിലാളികളെ പിരിച്ചുവിടില്ലെന്ന തൊഴിൽ സുരക്ഷ നിലപാടുകളിലും വരും ദിവസങ്ങളിൽ മാറ്റമുണ്ടാകുമെന്ന് വോക്‌സ്‌വാഗൻ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ ഒലിവർ ബ്ളൂം പറഞ്ഞു. ആഗോള വിപണികളിൽ വോക്‌സ്‌വാഗൺ കനത്ത തിരിച്ചടി നേരിടുന്നതിനാൽ ചെലവു ചുരുക്കൽ നടപടികൾ ശക്തമാക്കേണ്ടി വരുമെന്നും കമ്പനി പറയുന്നു.