
തിരുവനന്തപുരം: നിലവിലെ കേരളാ ഹോക്കി അസോസിയേഷനെതിരെ സംസാരിച്ചിട്ടില്ലെന്നും വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടെന്നും ഇതിഹാസ താരം ശ്രീജേഷ്. ഇന്നലെ ഒരു സ്വീകരണച്ചടങ്ങിനിടെ താൻ ഹോക്കി അസോസിയേഷന് ഏകോപനമില്ലെന്നുൾപ്പെടെ വിമർശിച്ചുവെന്ന വാർത്തകൾ ശരില്ലെന്ന് വീഡിയോ സന്ദേശത്തിൽ ശ്രീജേഷ് വ്യക്തമാക്കി. നിലവിലെ കേരളാ ഹോക്കി അസോസിയേഷനെ സംബന്ധിച്ച് താൻ ഒന്നും പറഞ്ഞിട്ടില്ല, നിലവിലെ അസോസിയേഷൻ ഹോക്കിയ്ക്കും താരങ്ങൾക്കും വലിയ പിന്തുണയാണ് നൽകുന്നത്. അസോസിയേഷന്റെ പ്രവർത്തികൾക്കൊപ്പം എപ്പോഴും ഞാൻ ഒപ്പം നിൽക്കാറുണ്ട്. എന്നാൽ അവർ ചെയ്യുന്ന പലപ്രവർത്തികൾക്കും ഇടങ്കോലിടുന്നവരെക്കുറിച്ചണ് സ്വീകരണത്തിന് ശേഷമുള്ള മറുപടി പ്രസംഗത്തിൽ പറഞ്ഞത്. പക്ഷേ പറഞ്ഞ രീതി മാറിയതുകൊണ്ടോ, മനസിലുള്ള കാര്യങ്ങൾ വാക്കുകളായിപ്പറഞ്ഞപ്പോൾ മാറിപ്പോയതുകൊണ്ടോ ആയിരിക്കാം അസോസിയേഷന് എതിരായിപറഞ്ഞെന്ന വ്യഖ്യാവനം വന്നത്. എപ്പോഴും കേരളാ ഹോക്കിക്കൊപ്പം ഉണ്ടാകും. വാക്കുകൾ ദയവ് ചെയ്ത് വളച്ചൊടിക്കരുത്. - ഒരുമിനിട്ട് 56 സെക്കൻഡുള്ള വീഡിയോ സന്ദേശത്തിൽ ശ്രീജേഷ് പറഞ്ഞു.
അസോസിയേഷനിൽ ഉള്ളവർ ഹോക്കിയുടെ വളർച്ചയ്ക്കായി പരിശ്രമിക്കണമെന്നും താൻ ഒറ്റയ്‌ക്കെടുത്താൽ പൊങ്ങില്ലെന്നും ശ്രീജേഷ് പ്രസംഗത്തിൽ അഭിപ്രായപ്പെട്ടിരുന്നു. നേരത്തേ ശ്രീജേഷിന് സർക്കാർ നൽകാനിരുന്ന സ്വീകരണച്ചടങ്ങ് മുടങ്ങിയത് വിവാദമായിരുന്നു.