
ന്യൂഡൽഹി : ഇന്ത്യയിൽ എം പോക്സ് ലക്ഷണങ്ങളോടെ ഒരാളെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നീരീക്ഷണം ശക്തമാക്കിയതായും എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡൽഹിയിലെ ആർ.എം.എൽ, സഫ്‌ദർജംഗ്, ലേഡി ഹാർഡിംഗ് മുതലായ ആശുപത്രികളിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ എല്ലാ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും പ്രധാന അതിർത്തി ചെക്ക് പോസ്റ്റുകളിലും ആരോഗ്യ മന്ത്രാലയം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
രോഗനിർണയത്തിന്റെ ഭാഗമായി രാജ്യത്താകമാനം 32 ലാബുകളും തുടങ്ങിയിട്ടുണ്ട്. രോഗലക്ഷണങ്ങളെ കുറിച്ച് കൃത്യമായ അവബോധം ആരോഗ്യ പ്രവർത്തകർക്ക് നൽകാനായുള്ള നടപടികളും കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇന്ത്യയിൽ എംപോക്‌സ് ലക്ഷണങ്ങൾ ഒരാളിൽ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചത്. വിദേശത്ത് നിന്ന് എത്തിയ ആളിലാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. ഇയാളെ ആശുപത്രി നിരീക്ഷണത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗിയിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് ടെസ്റ്റിനായി അയച്ചിരിക്കുകയാണ്. പ്രോട്ടോക്കോളുകൾ പ്രകാരമുള്ള ചികിത്സയാണ് പുരോഗമിക്കുന്നത്.
ആഫ്രിക്കയിലെ കോംഗോയിലാണ് എംപോക്സ് രോഗം ഏറ്റവും ഭീകരമായ അവസ്ഥയിൽ പിടിമുറുക്കിയത്. ജനുവരി മുതൽ 14,500ലേറെ എംപോക്സ് കേസുകളും 450ലേറെ മരണവുമാണ് ആഫ്രിക്കയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ ഭൂരിപക്ഷം കേസുകളും മരണവും ഡി.ആർ. കോംഗോയിലാണ്.
സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, റിപ്പബ്ലിക് ഒഫ് കോംഗോ, കാമറൂൺ തുടങ്ങിയവയാണ് രോഗവ്യാപനം ശക്തമായ മറ്റ് ആഫ്രിക്കൻ രാജ്യങ്ങൾ. വ്യാപനം ആശങ്കാജനകമായി ഉയരുന്ന സാഹചര്യത്തിൽ എംപോക്‌സിനെ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. എം പോക്‌സിന്റെ തീവ്രതയേറിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ഡബ്ല്യു.എച്ച്.ഒ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ ആഫ്രിക്കയ്‌ക്ക് പുറത്ത് എംപോക്‌സ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത് സ്വീഡനിലും പാകിസ്ഥാനിലുമാണ്.