
തിരുവനന്തപുരം: പൊതുവിപണിയില്‍ നിന്ന് കേരളം ഉള്‍പ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങള്‍ കടമെടുക്കുന്നത് ആയിരക്കണക്കിന് കോടികള്‍. റിസര്‍വ് ബാങ്കിന്റെ ഇ-കുബേര്‍ വഴി കടപ്പത്രങ്ങളിറക്കിയാണ് സംസ്ഥാനങ്ങള്‍ കടമെടുക്കുന്നത്. 13790 കോടി രൂപയാണ് കോര്‍ ബാങ്കിംഗ് സംവിധാനം വഴി സംസ്ഥാനങ്ങള്‍ കടമായി എടുക്കുന്നത്. കേരളത്തിന് കേന്ദ്രം അനുമതി നല്‍കിയിരിക്കുന്ന 4200 കോടിയില്‍ നിന്ന് 1500 കോടി രൂപയാണ് സംസ്ഥാനം ഇപ്പോള്‍ എടുക്കുന്നത്. കേരളം വികസന പ്രവര്‍ത്തനങ്ങളുടെ ആവശ്യത്തിനാണ് കടമെടുക്കുന്നത്.
6,000 കോടി രൂപ കടമെടുക്കുന്ന മഹാരാഷ്ട്രയാണ് സംസ്ഥനങ്ങളുടെ കൂട്ടത്തില്‍ മുന്നിലുള്ളത്. ബീഹാറും തമിഴ്നാടും 2,000 കോടി രൂപ വീതവും തെലങ്കാന 1,500 കോടിയും ഹിമാചല്‍ പ്രദേശ് 700 കോടിയും മിസോറാം 90 കോടിയും കടമെടുക്കുന്നതായും റിസര്‍വ് ബാങ്ക് കണക്കുകള്‍ പറയുന്നു. 21 വര്‍ഷത്തെ കാലാവധിയിലാണ് കേരളം കടമെടുക്കുന്നത്. കേന്ദ്രം 4200 കോടി രൂപ കടമെടുക്കാന്‍ അനുമതി നല്‍കിയെങ്കിലും കണക്കുകളില്‍ അവ്യക്തത തുടരുകയാണ്.
കേരളത്തിന്റെ ആവശ്യപ്രകാരം കടപരിധി ഉയര്‍ത്തിയതാണോ മുമ്പ് അനുവദിച്ച തുകയില്‍ നിന്നാണോ 4200 കോടി എന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതതുണ്ട്. അനുവദനീയമായതില്‍ കേന്ദ്രം 7,016 കോടി രൂപ വെട്ടിക്കുറച്ചതോടെ നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 37,512 കോടി രൂപ കടമെടുക്കാനാണ് സംസ്ഥാനത്തിന് അനുമതിയുള്ളത്. ഓണക്കാലത്തെ ചെലവുകള്‍ക്കായി 20,000 കോടി രൂപയെങ്കിലും വേണ്ടി വരുമെന്നാണ് കണക്ക്. ഇതില്‍ 4,200 കോടി രൂപ വായ്പയെടുക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. ബാക്കിതുക തനത്-നികുതി വരുമാനത്തില്‍ നിന്നും കണ്ടെത്താമെന്നാണ് സര്‍ക്കാര്‍ കണക്ക്കൂട്ടുന്നത്.