air-india

കൊച്ചി: ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം രാജ്യത്തെ മുന്‍നിര വ്യോമയാന കമ്പനിയായ എയര്‍ ഇന്ത്യ മികച്ച പ്രകടനത്തിലേക്ക് മടങ്ങിയെത്തുന്നു. ടാറ്റ സണ്‍സിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അനുസരിച്ച് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ടാറ്റ എസ്.ഐ.എ എയര്‍ലൈന്‍സ്(വിസ്താര), എ.ഐ.പസ് കണക്ട്(എയര്‍ ഏഷ്യ) എന്നിവയടങ്ങുന്ന ടാറ്റ ഏവിയേഷന്റെ നഷ്ടത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 9,077 കോടി രൂപയുടെ കുറവുണ്ടായി. 2022-23 സാമ്പത്തിക വര്‍ഷത്തിലെ 15,414 കോടി രൂപയുടെ നഷ്ടം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 6,337 കോടി രൂപയായി കുറഞ്ഞു.

2022ല്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത പഴയ പൊതുമേഖല കമ്പനിയായ എയര്‍ ഇന്ത്യ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൈവരിച്ചത്. എയര്‍ ഇന്ത്യയുടെ വരുമാനം അവലോകന കാലയളവില്‍ 24 ശതമാനം വര്‍ദ്ധനയോടെ 51,365 കോടി രൂപയിലെത്തി. യാത്രക്കാരുടെ എണ്ണം 10,500 അവയ്‌ലബിള്‍ സീറ്റ് കിലോ മീറ്ററായി ഉയര്‍ന്നതും ലോഡ് ഫാക്ര്‍ 85 ശതമാനമായതും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ എയര്‍ ഇന്ത്യയ്ക്ക് കരുത്തായി.

നഷ്ടം കുറച്ച് എയര്‍ ഇന്ത്യ

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ ഇന്ത്യയുടെ സഞ്ചിത നഷ്ടം 4,444 കോടി രൂപയായി കുറഞ്ഞു. 2023 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ നഷ്ടം 11,388 കോടി രൂപയായിരുന്നു. ഇക്കാലയളവില്‍ എയര്‍ ഇന്ത്യയുടെ വിറ്റുവരവ് 38,812 കോടി രൂപയായി ഉയര്‍ന്നു. എയര്‍ ഇന്ത്യയുടെ സ്ഥാപകര്‍ കൂടിയായ ടാറ്റ ഗ്രൂപ്പ് കമ്പനിയെ ആഗോള മേഖലയില്‍ മുന്‍നിരയില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

നഷ്ടകൂമ്പാരത്തില്‍ പൊതു മേഖല കാലം

2019-20 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം എയര്‍ ഇന്ത്യ 8,500 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. ഗള്‍ഫ്, യൂറോപ്പ്, യു.എസ്. എന്നിവിടങ്ങളിലേക്കുള്ള ലാഭകരമായ റൂട്ടുകളില്‍ മത്സരം ശക്തമായതും ഫ്‌ലീറ്റ് മെന്റനന്‍സ് ചെലവുകള്‍ വര്‍ദ്ധിച്ചതും ഇതില്‍ പ്രധാനപ്പെട്ട കാരണങ്ങളായിരുന്നു. ഒരവസരത്തില്‍ കമ്പനിയുടെ മൊത്തം കടബാദ്ധ്യത 60,000 കോടി രൂപ കവിഞ്ഞിരുന്നു.