
ഹാനോയ്: ശനിയാഴ്ച വിയറ്റ്‌നാമിൽ കരതൊട്ട ഉഷ്ണമേഖലാ കൊടുങ്കാറ്റായ 'യാഗി"യുടെ ശക്തി ക്ഷയിച്ചു. രാജ്യത്ത് മരിച്ചവരുടെ എണ്ണം 14 ആയി. 176 പേർക്ക് പരിക്കേറ്റു. പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങിയ യാഗിയുടെ പ്രഭാവത്തിൽ മേഖലയിൽ ശക്തമായ മഴ തുടരുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രളയ, മണ്ണിടിച്ചിൽ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. വൈദ്യുതി, കുടിവെള്ള വിതരണം താറുമാറായി. വടക്കൻ വിയറ്റ്നാമിലെ ഹായ് ഫോംഗ്, ക്വാംഗ് നിൻ പ്രവിശ്യകളിൽ മണിക്കൂറിൽ 203 കിലോമീറ്റർ വേഗതയിലായിരുന്നു യാഗി കരതൊട്ടത്. ചൈന, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ കനത്ത നാശം വിതച്ച ശേഷമാണ് യാഗി വിയറ്റ്നാമിലേക്ക് പ്രവേശിച്ചത്. ഇരുരാജ്യങ്ങളിലുമായി 24 പേർ മരിച്ചു. ഈ വർഷം ഏഷ്യയിൽ വീശുന്ന ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് യാഗി.