
മോസ്കോ : അമിത ഭാരം മൂലം നടക്കാൻ പോലുമാകാതെ ബുദ്ധിമുട്ടുന്ന പൂച്ചയ്ക്ക് കർശന ഡയറ്റ് ഏർപ്പെടുത്തി ഡോക്ടർമാർ. റഷ്യയിലെ പേം നഗരത്തിലാണ് സംഭവം. ഒരു ആശുപത്രിയുടെ ബേസ്മെന്റിൽ നിന്ന് മൃഗസംരക്ഷകർ രക്ഷിച്ച 'ക്രോഷിക്" എന്ന പൂച്ചയ്ക്ക് 17 കിലോഗ്രാമാണ് ഭാരം.
അതായത്, ഏകദേശം ഒരു ചെറിയ കുട്ടിയോളം ഭാരം. ആശുപത്രിയിലെ ജീവനക്കാർ ക്രോഷികിന് ആവശ്യത്തിലധികം ബിസ്ക്കറ്റും സൂപ്പും നൽകിയതാണ് അമിത ഭാരത്തിന് കാരണമായത്. ഓറഞ്ച് നിറത്തിലെ ക്രോഷികിനെ മുൻ ഉടമകൾ ആശുപത്രി ബേസ്മെന്റിൽ ഉപേക്ഷിക്കുകയായിരുന്നു. ക്രോഷിക് നിലവിൽ ഒരു വെറ്ററിനറി ക്ലിനിക്കിലാണ്. ഇവിടെ എത്തിക്കുമ്പോൾ അനങ്ങാൻ പോലും ആകാത്ത വിധം അവശനായിരുന്നു.
ഭാരം മൂലം പരിശോധനകൾ കൃത്യമായി നടത്താൻ സാധിക്കാതെ വന്നതോടെയാണ് ഡോക്ടർമാർ ഡയറ്റിന് തീരുമാനിച്ചത്. ക്രോഷികിനെ ട്രേഡ്മില്ലിൽ നടത്തം അടക്കം വ്യായാമങ്ങളും പരിശീലിപ്പിക്കും. ക്രോഷികിന്റെ ഭാരം നാലിൽ മൂന്നായി കുറയ്ക്കുകയാണ് ലക്ഷ്യം. വളർത്തുമൃഗങ്ങൾക്ക് ആഹാരം അമിതമായി നൽകുന്നത് ഒഴിവാക്കണമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ ന്യൂസിലൻഡിൽ അമിതാഹാരം നൽകി വളർത്തുനായയെ 53 കിലോഗ്രാമിലെത്തിച്ച സ്ത്രീക്ക് രണ്ട് മാസം ജയിൽശിക്ഷ ലഭിച്ചിരുന്നു. രണ്ട് മാസം കൊണ്ട് നായ 9 കിലോ കുറച്ചെങ്കിലും കരളിലെ രക്തസ്രാവം മരണത്തിന് കാരണമായി.