
കൊച്ചി: നഷ്‌ടമാകുന്ന അവസരങ്ങളല്ല, നിലപാടാണ് പ്രധാനമെന്ന് പ്രമുഖ നടി സണ്ണി ലിയോൺ. നോ പറയേണ്ടിടത്ത് നോ പറയാനും ഇറങ്ങിപ്പോകേണ്ടിടത്ത് അത് ചെയ്യാനും സ്‌ത്രീകൾ തയാറാവണമെന്ന് അവർ പറഞ്ഞു. ഏറ്റവും ഒടുവിൽ സത്യം തന്നെയാകും ജയിക്കുകയെന്ന് നടൻ പ്രഭുദേവയും പ്രതികരിച്ചു. സിനിമാ രംഗത്തെ ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള വിവാദങ്ങളെക്കുറിച്ച് ഒരു മാദ്ധ്യമത്തോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.
സണ്ണി ലിയോണിന്റെ വാക്കുകൾ;
'ഇപ്പോൾ അല്ല, വളരെക്കാലം മുതൽ സിനിമാ മേഖലയിൽ ഇത്തരം കാര്യങ്ങൾ തുടരുന്നുണ്ട്. അതിനാൽ തന്നെ സ്‌ത്രീകൾ പ്രതികരിക്കണം. എന്തെങ്കിലും പ്രശ്‌നം ഉണ്ടായാൽ അവിടെ പിന്നെ ഒരു നിമിഷം പോലും നിൽക്കരുത്. ഇറങ്ങിപ്പോകാൻ തയ്യാറാകണം. അങ്ങനെ ചെയ്‌താൽ അൽപ്പമെങ്കിലും ആശ്വാസം കിട്ടും. നമ്മൾ തന്നെയാണ് നമ്മുടെ അതിർവരമ്പുകൾ തീരുമാനിക്കേണ്ടതും അതിൽ ഉറച്ചുനിൽക്കേണ്ടതും. നിലപാടിന്റെ പേരിൽ തൽക്കാലം നഷ്‌ടമാകുന്ന അവസരങ്ങളെക്കുറിച്ചല്ല ആലോചിക്കേണ്ടത്. കഠിനാധ്വാനം എന്തായാലും ഫലം തിരികെ ലഭിച്ചിരിക്കും.'
'പേട്ടറാപ്പ്' എന്ന സിനിമയുടെ പ്രചാരണത്തിനായാണ് പ്രഭുദേവയും സണ്ണി ലിയോണും കൊച്ചിയിലെത്തിയത്. പ്രഭുദേവ, വേദിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എസ്‌ജെ സിനു സംവിധാനം ചെയ്യുന്ന ചിത്രമാണ് പേട്ടറാപ്പ്. കളർഫുൾ ഫാമിലി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിൽ വിവേക് പ്രസന്ന, ഭഗവതി പെരുമാൾ, രമേഷ് തിലക്, രാജീവ് പിള്ള, കലാഭവൻ ഷാജോൺ, മൈം ഗോപി എന്നിവരാണ് മറ്റു താരങ്ങൾ.
കഥയും തിരക്കഥയും പി.കെ. ദിനിൽ ആണ്. ഛായാഗ്രഹണം ജിത്തു ദാമോദർ നിർവഹിക്കുന്നു. സംഗീതം ഡി. ഇമ്മാൻ, നിഷാദ് യൂസഫ് എഡിറ്റിംഗും എ .ആർ മോഹൻ കലാസംവിധാനവും നിർവഹിക്കുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: റിയ എസ്, വസ്ത്രാലങ്കാരം :അരുൺ മനോഹർ, മേക്കപ്പ് :അബ്ദുൾ റഹ്മാൻ.