lunar-mission

ന്യൂഡൽഹി: റഷ്യയുമായി ചേർന്ന് ഇന്ത്യ ചന്ദ്രനിൽ ആണവ നിലയം സ്ഥാപിക്കാനുള്ള നീക്കത്തിലെന്ന് റിപ്പോർട്ട്. ദൗത്യത്തിൽ ചൈനയും പങ്കാളിയാവുമെന്ന് സൂചനയുണ്ട്. അടുത്തിടെ റഷ്യയിൽ നടന്ന ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ റഷ്യയുടെ സ്റ്റേറ്റ് ന്യൂക്ളിയർ എനർജി കോർപ്പറേഷൻ മേധാവി അലക്സി ലിക്കാച്ചെവ് ആണ് ദൗത്യത്തെക്കുറിച്ച് സൂചന നൽകിയത്. ചന്ദ്രനിൽ ആണവ നിലയം സ്ഥാപിക്കാനുള്ള ദൗത്യത്തിൽ പങ്കാളികളായ ഇന്ത്യയും ചൈനയും വളരെ തത്‌പരരാണ് എന്നാണ് പരിപാടിയിൽ ലിക്കാച്ചെവ് സൂചിപ്പിച്ചത്.

അര മെഗാവാട്ട് ഊർജ്ജം വരെ ഉത്പാദിപ്പിക്കാൻ കഴിയുന്ന ഒരു ചെറിയ ആണവ നിലയം നിർമ്മിക്കാനാണ് ചാന്ദ്ര ഊർജ്ജ പദ്ധതി ലക്ഷ്യമിടുന്നതെന്ന് റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്യുന്നു. ബഹിരാകാശ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട റഷ്യൻ സ്ഥാപനമായ 'റോസ്‌കോസ്‌മോസുമായി' ചേർന്ന് പ്രവർത്തിക്കാൻ ചൈനയും ഇന്ത്യയും വളരെ താത്‌പര്യത്തോടെ മുന്നോട്ട് വരികയായിരുന്നുവെന്ന് ലിക്കാച്ചെവ് പറഞ്ഞു.

മനുഷ്യരുടെ നേരിട്ടുള്ള ഇടപെടലില്ലാതെയായിരിക്കും ചാന്ദ്ര ആണവ നിലയം നിർമിക്കുന്നതെന്നും വിവരമുണ്ട്. റഷ്യയും ചൈനയും സംയുക്തമായി പ്രവർത്തിക്കുന്ന ഒരു നിർദ്ദിഷ്ട ലൂണാർ ബേസിന് ആണവ നിലയം ഊർജ്ജം നൽകും. ഇന്റർനാഷണൽ ലൂണാർ റിസർച്ച് സ്റ്റേഷൻ (ഐഎൽആർഎസ്) എന്ന് വിളിക്കപ്പെടുന്ന ലൂണാർ ബേസ് 2035 നും 2045 നും ഇടയിൽ ഘട്ടം ഘട്ടമായി കമ്മിഷൻ ചെയ്യാനാണ് സാദ്ധ്യത.

അതേസമയം, 2040ഓടെ ചന്ദ്രനിൽ മനുഷ്യനെ എത്തിക്കാനുള്ള ദൗത്യത്തിലാണ് ഇന്ത്യ. രാജ്യത്തിന്റെ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള നീക്കങ്ങളും പുരോഗമിക്കുന്നു. 2028ഓടെ ഇതിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷയെന്ന് ഐഎസ്‌ആർഒ ചെയർമാൻ എസ് സോമനാഥ് വ്യക്തമാക്കിയിരുന്നു.