
സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷിനെക്കുറിച്ചുള്ള ചർച്ചകൾ അടുത്തിടെയായി സോഷ്യൽ മീഡിയയിൽ സജീവമാണ്. സുരേഷ് ഗോപിയുടെ അഞ്ച് മക്കളിൽ ഏറ്റവും ഇളയവനാണ് മാധവ്. ഇപ്പോഴിതാ അച്ഛന്റെയും ചേട്ടന്റെയും വഴി പിന്തുടർന്ന് സിനിമയിൽ എത്തിയ മാധവ് ഇതുവരെ രണ്ട് സിനിമകളിൽ അഭിനയിച്ചു. ഇപ്പോഴിതാ അതിൽ ആദ്യത്തെ സിനിമ 'കുമ്മാട്ടിക്കളി' തീയേറ്ററിൽ എത്താൻ പോകുകയാണ്. സിനിമയുടെ പ്രമോഷൻ തിരക്കിലാണ് മാധവ്.
സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ അച്ഛൻ സുരേഷ് ഗോപിയെക്കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ് വൈറലാവുന്നത്. അച്ഛൻ ഷൂട്ടിംഗ് ലൊക്കേഷനിലെ അനുഭവങ്ങൾ വീട്ടിലെത്തി പങ്കുവയ്ക്കാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മാധവ്. സുരേഷ് ഗോപി അഭിനയിച്ച 'രാഷ്ട്രം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച ചില കാര്യങ്ങളാണ് മാധവ് തുറന്നുപറയുന്നത്.
മാധവ് സുരേഷിന്റെ വാക്കുകളിലേക്ക്..
'അച്ഛൻ സിനിമയിൽ സ്ട്രഗിൾ ചെയ്തതിനെക്കുറിച്ചായിരുന്നു ഞങ്ങളോട് പറയാറുള്ളത്. രാഷ്ട്രം എന്ന സിനിമയിൽ ഒരു ഗ്രനേഡ് എറിയുന്ന സീനുണ്ടായിരുന്നു. ബാക്കിലോട്ട് കൈ വലിച്ച് പടക്കം പോലുള്ളവ എറിയുന്നതാണ്. എന്നാൽ ഇതിന്റെ ടൈമിംഗ് തെറ്റിപ്പോയി. എറിഞ്ഞപ്പോഴേക്കും കൈയുടെ അടുത്ത് വച്ച് അത് പൊട്ടി. മൂന്നാഴ്ചയോളം കൈപ്പത്തിയിൽ ഒരു കെട്ടുണ്ടായിരുന്നു. കുറച്ചുകൂടെ ഭീകരമായ പൊട്ടിത്തെറിയാണെങ്കിൽ കൈ അതിന്റെ കൂടെ പോയേനെ. ഇത്തരത്തിലുള്ള റിസ്‌ക്കൊക്കെ സിനിമയുടെ ഒരു ഭാഗമാണ്. എന്നാൽ അതിനേക്കാൾ റിസ്‌ക്കുള്ള ജോലികളുമുണ്ട്. അങ്ങനെ ജോലി ചെയ്യുന്ന ആൾക്കാരുമുണ്ട്'- മാധവ് പറഞ്ഞു.